Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഏഷ്യാകപ്പ്; രോഹിതിനും സംഘത്തിനും തെളിയിക്കണം, ഇന്ത്യയെന്നാൽ കോഹ്‍ലിയല്ല!

Indian-Cricket-Team-2

ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ പ്രകടനത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ഇനി യുഎഇയിലേക്ക്. അവിടെ ഈ മാസം 15ന് ആരംഭിക്കുന്ന ഏഷ്യാകപ്പിൽ പങ്കെടുക്കുന്നതിനാണ് ഇന്ത്യൻ ടീമിന്റെ യാത്ര. ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര 1–4നും ഏകദിന പരമ്പര 1–2നും തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ ഏഷ്യാകപ്പിന് എത്തുന്നത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചതിനാൽ, താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു കീഴിലാകും ഇന്ത്യ ഏഷ്യാകപ്പിന് ഇറങ്ങുക.

ചെറിയ ഇടവേളയ്ക്കുശേഷം ഏഷ്യാകപ്പ് ഏകദിന ഫോർമാറ്റിലേക്കു മടങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. 2016 ഏഷ്യാകപ്പ് ചരിത്രത്തിൽ ആദ്യമായി ട്വന്റി20 ഫോർമാറ്റിലാണ് സംഘടിപ്പിച്ചത്. ഇതിനു തൊട്ടുപിന്നാലെ ട്വന്റി20 ലോകകപ്പ് വരുന്നതു പരിഗണിച്ചായിരുന്നു ഇത്. യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ഹോങ്കോങ്ങാണ് ഏഷ്യാകപ്പിൽ ഇന്ത്യയുടെ ആദ്യ മൽസരത്തിലെ എതിരാളികൾ. സെപ്റ്റംബർ 18നാണ് ഈ മൽസരം. പിറ്റേന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം. ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോടേറ്റ കനത്ത തോൽവിക്കു പകരം വീട്ടാൻ ഉറച്ചാകും രോഹിതും സംഘവും ഇറങ്ങുക.

∙ ടെസ്റ്റ് ടീം അല്ല, ഏകദിനത്തിൽ ഇന്ത്യ

ടെസ്റ്റിൽ ലോക റാങ്കിങ്ങിൽ ഒന്നാമൻമാരാണെങ്കിലും ഉപഭൂഖണ്ഡത്തിനു പുറത്ത് അത്ര ആശാവഹമായ പ്രകടനമല്ല, ഒരിക്കലും ഇന്ത്യയുടേത്. വിരാട് കോഹ്‍ലിക്കു കീഴിൽ ഇക്കുറി ഇംഗ്ലണ്ടിൽ ഇന്ത്യ ചരിത്രം മാറ്റിയെഴുതുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ല. മികച്ച പോരാട്ടം കാഴ്ചവയ്ക്കാനായെങ്കിലും സ്കോർ ബോർഡിൽ അതൊന്നും പ്രതിഫലിച്ചില്ലെന്നതാണ് സത്യം.

അതേസമയം, ഏകദിനത്തിന് എത്തുമ്പോൾ ഇന്ത്യൻ ടീം കൂടുതൽ സന്തുലിതമാണ്. ഇംഗ്ലണ്ട് പര്യടനം ഒഴിച്ചുനിർത്തിയാൽ സമീപ കാലത്ത് വിരാട് കോഹ്‍ലിക്കു കീഴിൽ ഇന്ത്യൻ ടീമിന്റെ കുതിപ്പ് സ്വപ്ന സമാനമായിരുന്നു. ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ, കോഹ്‍ലിക്കു കീഴിൽ കൈവിട്ട ഏക ഏകദിന പരമ്പര ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനെതിരെയാണ്.

20016 ജനുവരിക്കുശേഷം ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പര കൈവിടുന്നതും ആദ്യം. ഇംഗ്ലണ്ടിൽ ഏകദിന പരമ്പര കൈവിടും മുൻപ് ഇന്ത്യ ഒടുവിൽ പരമ്പര നഷ്ടമാക്കിയത് 2016 ജനുവരിയിലാണ്. ഓസ്ട്രേലിയയ്ക്ക് എതിരെ. അതിനുശേഷം ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കെതിരെ നാട്ടിലും ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെ അവരുടെ നാട്ടിലും കിരീടം ചൂടി. ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻസ് ട്രോഫിയിൽ ഫൈലിലെത്തി. അവിടെ ബദ്ധവൈരികളായ പാക്കിസ്ഥാനോടു തോറ്റു.

∙ മുൻനിര ബാറ്റ്സ്മാൻമാരുടെ പ്രകടനം കരുത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കണ്ടതിനു നേരെ വിപരീതമാണ് ഏകദിനത്തിൽ ടീം ഇന്ത്യയുടെ പ്രകടനം. ഇംഗ്ലണ്ടിൽ മുൻനിരയുടെ മോശം പ്രകടനമായിരുന്നു കൂട്ടത്തകർച്ചയ്ക്കു പ്രധാന കാരണമെങ്കിൽ ഏകദിനത്തിലെ മികച്ച പ്രകടനങ്ങളുടെ നട്ടെല്ലുതന്നെ മുൻനിരയുടെ മികവാണ്.

ഓപ്പണിങ്ങിൽ ശിഖർ ധവാൻ, രോഹിത് ശർമ എന്നിവരും മൂന്നാം നമ്പറിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും പുറത്തെടുക്കുന്ന സ്ഥിരത തന്നെ ഇന്ത്യയുടെ മുന്നേറ്റങ്ങളുടെ കുന്തമുന. ഏകദിനത്തിൽ ലോകത്തിലെ മികച്ച മൂന്നു ബാറ്റ്സ്മാൻമാർ മുൻനിരയിലുള്ളപ്പോൾ അതിന്റെ ഫലം ഇന്ത്യയുടെ പ്രകടനങ്ങളിലും കണ്ടു.

∙ ഡെത്ത് ബോളിങ് സ്പെഷലിസ്റ്റുകൾ, കൈക്കുഴ സ്പിന്നർമാർ

ബാറ്റിങ്ങിൽ മുൻനിര പുറത്തെടുക്കുന്ന പ്രകടനത്തോളം തന്നെ ഇന്ത്യയ്ക്ക് വിജയങ്ങൾ സമ്മാനിക്കുന്നതിൽ നിർണായകമാണ് ബോളർമാരുടെ മികവും. ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ സ്പെഷലിസ്റ്റുകൾ ഇന്ത്യയ്ക്കു സ്വന്തം. ഓസ്ട്രേലിയയുടെ മുൻ നായകൻ സ്റ്റീവ് സ്മിത്ത് തന്നെ ഏറ്റുപറഞ്ഞിട്ടുള്ള ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയും.

ഇവർക്കു പിന്നാലെയെത്തുന്ന കൈക്കുഴ സ്പിൻ ദ്വയവും ഇന്ത്യൻ ബോളിങ്ങിന് വൈവിധ്യമേകുന്നു. മുൻതൂക്കവും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ കൈക്കുഴ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് സമ്മാനിച്ച മേൽക്കൈ ആരാധകർ മറന്നിട്ടുണ്ടാകില്ല.

രാജ്യാന്തര ക്രിക്കറ്റിലെ മികച്ച സ്പിന്നർമാരായ രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവരെപ്പോലും പിന്തള്ളിയാണ് ടീമിൽ സ്ഥാനമുറപ്പിച്ചത് എന്നതിലുണ്ട് ഇവരുടെ മികവ്. 2016 ജനുവരിക്കുശേഷം ഏകദിനത്തിൽ 11 മൽസരങ്ങളിൽനിന്ന് 10 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. 14 മൽസരങ്ങളിൽനിന്ന് ജഡേജ നേടിയത് 14 വിക്കറ്റും. എന്നാൽ, ഇക്കാലയളവിൽ 23 മൽസരങ്ങൾ കളിച്ച കുൽദീപ് നേടിയത് 48 വിക്കറ്റുകളാണ്. 26 മൽസരങ്ങൾ കളിച്ച ചാഹൽ 45 വിക്കറ്റുകളും!

∙ പ്രധാന പ്രശ്നം മധ്യനിരയിൽ, ആശങ്കയും

ബാറ്റിങ്ങിൽ മുൻനിരയുടേത് സമാനതകളില്ലാത്ത പ്രകടനമാണെങ്കിൽ, നാലാം നമ്പർ തൊട്ട് താഴേയ്ക്ക് ഇന്ത്യയ്ക്ക് ബാറ്റിങ്ങിനെച്ചൊല്ലി ആശങ്ക മാത്രമേയുള്ളൂ. ഈ സ്ഥാനങ്ങളിൽ ഇനിയും സ്ഥാനമുറപ്പുള്ളവരെ കണ്ടെത്താൻ ടീം ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. മുൻനിര തകർന്ന അപൂർവം അവസരങ്ങളിൽ മികവു പുറത്തെടുക്കാൻ മധ്യനിരയ്ക്കു സാധിച്ചിട്ടില്ല. മുൻനിരയുടെ പ്രകടനത്തിന്റെ വെളിച്ചത്തിൽ മധ്യനിരയുടെ മോശം പ്രകടനം പലപ്പോഴും മുങ്ങിപ്പോകുന്നതാണ് പതിവ്.

നാലാം നമ്പർ തന്ന പ്രധാന തലവേദന. ഇംഗ്ലണ്ടിൽ നടന്ന ഏകദിന പരമ്പരയിൽ ആദ്യ രണ്ടു മൽസരങ്ങളിലും ലോകേഷ് രാഹുലിനെയാണ് ഇന്ത്യ ഈ സ്ഥാനത്തു പരീക്ഷിച്ചത്. ആദ്യ മൽസരത്തിൽ ഒൻപതിനും രണ്ടാം മൽസരത്തില്‍ പൂജ്യത്തിനു പുറത്തായതോടെ പരീക്ഷണം പാളി. മൂന്നാംം മൽസരത്തിൽ ദിനേഷ് കാർത്തിക്കിനെ പരീക്ഷിച്ചു. 22 പന്തിൽ 21 റൺസ് നേടി കാർത്തിക് ഭേദപ്പെട്ട പ്രകടനം നടത്തി. ഈ സ്ഥാനത്ത് ആരെ കളിപ്പിക്കുമെന്നതിൽ ഇനിയും വ്യക്തതയില്ല.

ഓപ്പണറെന്ന നിലയിൽ രാഹുൽ വിശ്വസിക്കാവുന്ന കളിക്കാരനാണെങ്കിലും മധ്യനിരയിൽ തന്നെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് പലതവണയായി രാഹുൽ തെളിയിച്ചിട്ടുണ്ട്. മനീഷ് പാണ്ഡെയെ ചില മൽസരങ്ങളിൽ പരീക്ഷിച്ചെങ്കിലും ഫലപ്രദമായില്ല. ഈ സ്ഥാനത്ത് ഇടയ്ക്ക് ചില മിന്നൽ പ്രകടനങ്ങൾ നടത്തിയ കേദാർ ജാദവ് പരുക്കിന്റെ പിടിയിൽനിന്ന് മുക്തനായതേയുള്ളൂ.

ഇക്കഴിഞ്ഞ ഐപിഎല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത അമ്പാട്ടി റായുഡുവാണ് മറ്റൊരു സാധ്യത. ഇംഗ്ലണ്ട് പര്യടനത്തിൽ റായുഡുവിനും സാധ്യതയുണ്ടായിരുന്നെങ്കിലും ശാരീരിക ക്ഷമത തെളിയിക്കുന്നതിനുള്ള യോ–യോ ടെസ്റ്റിൽ പരാജയപ്പെട്ടത് തിരിച്ചടിയായി. വെറ്ററൻ താരം സുരേഷ് റെയ്നയ്ക്ക് ഇംഗ്ലണ്ടിൽ അവസരം നൽകിയെങ്കിലും അതും വിജയിച്ചില്ല.

പിന്നെയും സ്ഥാനം ഉറപ്പുള്ള താരങ്ങൾ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിങ് ധോണിയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുമാണ്. ധോണിയെ നാലാം നമ്പറിൽ കളിപ്പിക്കാനുള്ള ശേഷിയുണ്ടെങ്കിലും, ഇപ്പോഴും ഫിനിഷർ റോളിൽനിന്ന് അദ്ദേഹത്തിന് മുക്തി നൽകാൻ ടീമിനായിട്ടില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ധോണിക്ക്, ഏകദിനത്തിൽ അതേ മികവിലേക്ക് ഉയരാനായിട്ടില്ല.

ഈ സാഹചര്യത്തിൽ കേദാർ ജാദവ് ഫോം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ടീം. ഇംഗ്ലണ്ടിൽ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ അഞ്ചു ബോളർമാരെ ഇന്ത്യ കളിപ്പിച്ചിരുന്നു. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ അതു ഗുണം ചെയ്യില്ലെന്ന് ഉറപ്പാണ്. ഇവിടെയാണ് ജാദവിന്റെ പ്രസക്തി. ഏതാനും ഓവറുകൾ ബോൾ ചെയ്യാനും ബാറ്റിങ്ങിൽ സ്ഥിരത പുലർത്താനും ജാദവിന് സാധിച്ചാൽ കളി മാറും.

∙ ബോളിങ്ങിലും വേണം, മികച്ച പകരക്കാർ

ബോളർമാരുടെ കാര്യത്തിൽ ആശങ്കയില്ലെങ്കിലും, ആരെയെങ്കിലും മാറ്റിനിർത്തേണ്ടി വന്നാൽ പകരം വിശ്വസിച്ച് ഇറക്കാവുന്ന താരങ്ങളുടെ അപര്യാപ്തതയുണ്ട്. ഇടംകയ്യൻ സീമർ ഖലീൽ അഹമ്മദിനെ ടീമിൽ ഉൾപ്പെടുത്തി ബോളിങ് നിരയ്ക്ക് വൈവിധ്യം പകരാൻ സെലക്ടർമാർ ശ്രമിച്ചിട്ടുണ്ട്. അപ്പോഴും ബോളിങ്ങിന്റെ കുന്തമുനകൾ ഭുവിയും ബുമ്രയും തന്നെ. ഇംഗ്ലണ്ട് പര്യടനത്തിൽ ഇരുവരുടെയും സേവനം ലഭ്യമാകാതെ പോയത് പരമ്പര നഷ്ടത്തിൽ നിർണായകമാകുകയും െചയ്തു.

ലോകകപ്പ് ക്രിക്കറ്റ് അടുത്തുവരവെ അതുകൂടി മനസ്സിൽ വച്ചാകും ഇന്ത്യ ഏഷ്യാകപ്പിന് ടീമിനെ അണിനിരത്തുക എന്നതു വ്യക്തം. ലോകകപ്പിനു മുന്നോടിയായി ഏതാണ്ട് 18 ഏകദിനങ്ങൾ കളിക്കാനാണ് ഇന്ത്യയ്ക്ക് അവസരമുള്ളത്. അതിനുള്ളിൽ മികച്ചൊരു ടീമിനെയും വിന്നിങ് കോംബിനേഷനും കണ്ടെത്തേണ്ടതുണ്ട്. വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് എന്ന നിലയിൽ മികച്ച ടീമിനെ കണ്ടെത്താൻ ഏഷ്യാകപ്പ് പോലെ മികച്ചൊരു അവസരമില്ല. അതിലുപരി, ഇന്ത്യ എന്നാൽ വിരാട് കോഹ്‍ലി മാത്രമല്ലെന്നു തെളിയിക്കാനുള്ള വേദി കൂടിയാണ്, രോഹിതിനും സംഘത്തിനും ഈ ഏഷ്യാ കപ്പ്.

related stories