നാളെ മുതൽ ഏഷ്യൻ പൂരം; ഇന്ത്യ–പാക്കിസ്ഥാൻ മൽസരം 19ന്

ഏഷ്യ കപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാൻ ടീം ലഹോറിൽ പരിശീലനത്തിൽ

അബുദാബി ∙ ഏകദിന ക്രിക്കറ്റിൽ ഏഷ്യയുടെ തലപ്പാവിനായി ആറു രാജ്യങ്ങൾ നാളെ മുതൽ പോരടിക്കും. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ് ടീമുകൾക്ക് പുറമേ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും രണ്ടു ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും. ആദ്യ മൽസരത്തിൽ ശ്രീലങ്ക നാളെ ബംഗ്ലദേശിനെ നേരിടും. ഹോങ്കോങ്ങിനെതിരെ ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ആദ്യ കളി. ചിരവൈരികളായ പാക്കിസ്ഥാനാണ് രണ്ടാം മൽസരത്തിൽ ഇന്ത്യയുടെ എതിരാളികൾ. രണ്ടു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരാകും സെമി ഫൈനലിനു യോഗ്യത നേടുക. ഈ മാസം ഇരുപത്തിയെട്ടിനാണു ഫൈനൽ. ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടം ഏഷ്യ കപ്പ് നേട്ടത്തിലൂടെ വിസ്മരിക്കാൻ ഉറച്ച് ഇറങ്ങുന്ന ഇന്ത്യൻ നിരയുടെ അമരത്ത് വിരാട് കോഹ്‌ലി ഉണ്ടാകില്ല. ഈ വർഷം ആദ്യം മുതൽ മൂന്നു ഫോർമാറ്റിലുമായുള്ള തുടർ മൽസരങ്ങളിൽ ക്ഷീണിതനായ കോഹ്‌ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചതോടെ രോഹിത് ശർമയാകും ഇന്ത്യയെ നയിക്കുക. 

∙ ഇന്ത്യ: ഏഷ്യ കപ്പിലെ ഫേവറിറ്റുകൾ. 13 ഏഷ്യ കപ്പുകളിൽ ആറുവട്ടം ജേതാക്കൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ടീം അംഗങ്ങൾക്ക് വിശ്രമത്തിന് അവശ്യമായ സമയം ലഭിച്ചിട്ടില്ല എന്നതാണു പ്രധാന അങ്കലാപ്പ്. അടുത്ത വർഷം തുടങ്ങുന്ന ലോകകപ്പിനു മുന്നോടിയായി ബാറ്റിങ് മധ്യനിരയെ ശക്തിപ്പെടുത്തുന്നതിനാണു മുൻഗണന. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള മനീഷ് പാണ്ഡെ, കേദാർ ജാദവ്, അംബാട്ടി റായുഡു തുടങ്ങിയവർ ടൂർണമെന്റിൽ മധ്യനിരയ്ക്കു കരുത്തേകുമെന്നാണു സിലക്ടർമാരുടെ കണക്കുകൂട്ടൽ. സുരേഷ് റെയ്നയെയും ടീമിലേക്കു മടക്കിവിളിച്ചിട്ടുണ്ട്. പരുക്കുമാറിയ ഭുവനേശ്വർ കുമാർ മടങ്ങിയെത്തുന്നതോടെ പേസ് നിരയ്ക്കു കൂടുതൽ കരുത്തു കൈവരും. യുവ ഫാസ്റ്റ് ബോളർ ഖലീൽ അഹമ്മദാണു ടീമിലെ പുതുമുഖം. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ സെഞ്ചുറിയടിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.   

‌ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, അംബാട്ടി റായുഡു, മനീഷ് പാണ്ഡെ, കേഥാർ ജാഥവ്, എം.എസ്.ധോണി, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസവേന്ദ്ര ചാഹാൽ, അക്സർ പട്ടേൽ,  ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുമ്ര, ഷാർദൂൽ ഠാക്കൂർ, ഖലീൽ അഹമ്മദ്.

∙ പാക്കിസ്ഥാൻ: സർഫ്രാസ് അഹമ്മദ് നയിക്കുന്ന പാക്കിസ്ഥാനാണ് ഇന്ത്യ കഴിഞ്ഞാൻ ഏഷ്യ കപ്പ് നേടാൻ ഏറ്റവും അധികം സാധ്യത കൽപിക്കപ്പെടുന്നത്. 2017 ചാംപ്യൻസ് ട്രോഫിയിലെ പ്രകടനത്തിനുശേഷം അടിമുടി മാറിയ ടീമിന്റെ വജ്രായുധം ഫഖർ സമാൻ എന്ന ഇടംകയ്യൻ ഓപ്പണറാണ്. ഏകദിനത്തിൽ അതിവേഗം 1000 റൺസ് തികച്ച താരം എന്ന റെക്കോർഡ് സമാന്റെ പേരിലാണ്, വേണ്ടിവന്നതു 18 മൽസരങ്ങൾ മാത്രം! 76.07  ശരാശരിയിൽ ബാറ്റ് വീശുന്ന സമാന്റെ പ്രകടനം ടീമിന്റെ ജയപരാജയങ്ങളിൽ നിർണായകമാകും. പുതുമുഖം ബാബർ അസമിന്റെയും വെറ്ററൻ ഓൾറൗണ്ടർ ശുഐബ് മാലിക്കിന്റെയും ബാറ്റിങ് ഫോമും പാക്കിസ്ഥാനു ബോണസാണ്. മുഹമ്മദ് ആമിറും ഹസൻ അലിയും നയിക്കുന്ന പേസ് നിരയെ പ്രതിരോധിക്കാൻ എതിർ ടീമുകൾ പാടുപെടും. യുഎഇയിലെ പിച്ചുകളിൽ കളിച്ചുള്ള പരിചയവും പാക്ക് താരങ്ങൾക്കു ഗുണം ചെയ്യും. 

∙ ശ്രീലങ്ക: അ‍ഞ്ചുവട്ടം ഏഷ്യ കപ്പ് ജേതാക്കളായ ശ്രീലങ്കയെ അർഹിക്കുന്ന ബഹുമാനത്തോടെയാകും മറ്റു ടീമുകൾ ഉറ്റുനോക്കുക. മധ്യനിര ബാറ്റ്സ്മാൻ ദിനേഷ് ചാണ്ഡിമൽ കൈവിരലിനു പരുക്കേറ്റു ടീമിനു പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച സ്പിന്നർ അഖില ധനഞ്ജയയും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടീമിൽനിന്നു പിന്മാറിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിങ്ങിനു പേരെടുത്ത കുശാൽ പെരേരയും ഉപുൽ തരംഗയും നേതൃത്വം നൽകുന്ന ബാറ്റിങ് നിരയ്ക്ക് ഓൾറൗണ്ടർ ഏഞ്ചലോ മാത്യൂസിന്റെ സാന്നിധ്യം കരുത്തേകും. ഓഫ് സ്പിന്നർ ദിൽരുവൻ പരേരയാണ് തുരുപ്പുചീട്ട്. പേസ് ബോളർമാരായ സുരംഗാ ലക്മൽ, തിസ്സര പെരേര എന്നിവർ എതിർ ടീം ബാറ്റ്സ്മാൻമാരെ വിറപ്പിക്കാൻ പോന്നവർതന്നെ.  

∙ ബംഗ്ലദേശ്: വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ വിജയം പകരുന്ന ഊർജവുമായെത്തുന്ന ബംഗ്ല കടുവകൾ ഏതു ടീമിനെയും അട്ടിമറിക്കാൻ പോന്നവരാണ്. മികച്ച ഫോമിൽ ബാറ്റുവീശുന്ന ഓപ്പണർ തമീം ഇക്ബാൽ, മുഷ്ഫിക്കുർ റഹിം എന്നിവരുടെ ബാറ്റിങ് മികവാണ് കരുത്ത്. മധ്യനിരയിലെ ചിട്ടയായ പ്രകടനം തുടർക്കഥയാക്കിയ മഹ്മദുല്ല, ഷാക്കിബ് അൽ ഹസൻ, ലിറ്റൻ ദാസ് എന്നിവരും ചേരുന്ന ബംഗ്ല ബാറ്റിങ് ലൈനപ്പ് പൊളിക്കുക എളുപ്പമാകില്ല. മുർത്താസ നയിക്കുന്ന ബോളിങ് വിഭാഗത്തിന്റെ സ്ഥിരതയില്ലായ്മയാണു പ്രധാന തലവേദന. 

∙ അഫ്ഗാനിസ്ഥാൻ: ലെഗ് സിപിന്നർ റാഷിദ് ഖാന്റെ കുത്തിത്തിരിയുന്ന പന്തുകളിൽ പ്രതീക്ഷവച്ചാകും രണ്ടാം ഏഷ്യ കപ്പിന് അഫ്ഗാനിസ്ഥാൻ ഇറങ്ങുക. കഴിഞ്ഞ ഐപിഎല്ലിൽ പഞ്ചാബിനായി മികച്ച പ്രകടനം നടത്തിയ ഇടം കയ്യൻ സ്പിന്നർ മുജീബ് ഉർ റഹ്മാൻ, വമ്പൻ അടികൾക്കു പേരു കേട്ട ഓപ്പണർ മുഹമ്മദ് ഷെഹ്സാദ്, മുഹമ്മദ് നബി തുടങ്ങിയ താരങ്ങളും ചേരുന്ന അഫ്ഗാൻ നിര ലക്ഷ്യമിടുന്നത് ഒരു അട്ടിമറി വിജയവുമായി നാട്ടിലേക്കു മടങ്ങാനാകും.

∙ ഹോങ്കോങ്: മൂന്നാം വട്ടം ഏഷ്യ കപ്പിനെത്തുന്ന ഹോങ്കോങ്ങിന് കാര്യമായ അവകാശവാദങ്ങളില്ല. 2004, 2008 വർഷങ്ങളിൽ ഏഷ്യാ കപ്പിനു യോഗ്യത നേടിയ ഹോങ്കോങ്ങിന് ടൂർണമെന്റിൽ ഇനിയും ജയിക്കാനായിട്ടില്ല. ഓൾറൗണ്ടർ അൻഷുമാൻ റാത്തിലാണു ടീമിന്റെ പ്രതീക്ഷ.