Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് 8 വിക്കറ്റ് ജയം; ഉസ്മാൻ ഖാന് മൂന്നു വിക്കറ്റ്

pakistan-vs-hong-kong ഹോങ്കോങ്– പാക്കിസ്ഥാൻ മൽസരത്തിൽ നിന്ന്. ട്വിറ്റർ ചിത്രം

ദുബായ്∙ ഏഷ്യ കപ്പിൽ ബംഗ്ലദേശിനു പിന്നാലെ പാക്കിസ്ഥാനും വമ്പൻ ജയം. ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഹോങ്കോങ്ങിനെതിരെ എട്ടു വിക്കറ്റിനാണ് പാക്ക് വിജയം. സ്കോർ ഹോങ്കോങ് 37.1 ഓവറിൽ 116നു പുറത്ത്; പാക്കിസ്ഥാൻ 23.4 ഓവറിൽ രണ്ടു വിക്കറ്റിന് 120. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉസ്മാൻ ഖാനും രണ്ടു വിക്കറ്റു വീതം വീഴ്ത്തിയ ഹസൻ അലിയും ഷദബ് ഖാനുമാണ് ഹോങ്കോങ്ങിനെ ചുരുട്ടിക്കെട്ടിയത്. അർധ ‍സെഞ്ചുറി നേടിയ ഓപ്പണർ ഇമാം ഉൽ ഹഖിന്റെ (50*) ബാറ്റിങ് പാക്ക് വിജയം ഉറപ്പാക്കി. എഹ്സാൻ ഖാൻ ഹോങ്കോങ്ങിനായി രണ്ടു വിക്കറ്റ് വീഴ്ത്തി.

CRICKET-ASIA-CUP-HKG-PAK ഹോങ്കോങ് വിക്കറ്റ് വീഴ്ത്തിയ ഉസ്മാൻ ഖാനെ ഷദബ് ഖാൻ അഭിനന്ദിക്കുന്നു.

പാക്കിസ്ഥാൻ പേസർമാർക്കു മുന്നിൽ തകർന്നടിഞ്ഞ ഹോങ്കോങ്ങിനു മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താനായില്ല. ഐസാസ് ഖാൻ (27), ഇന്ത്യൻ വംശജനായ കിൻചിത് ഷാ (26), ക്യാപ്റ്റൻ അൻഷുമാൻ റൗത്ത് (19), നിസാകാത്ത് ഖാൻ (13) എന്നിവർ മാത്രമാണ് ഹോങ്കോങ് നിരയിൽ രണ്ടക്കം കണ്ടത്. മുഹമ്മദ് ആമിർ എറിഞ്ഞ ആദ്യ ഓവറിൽ 11 റൺസെടുത്ത ഹോങ്കോങിനു പിന്നെ പിടിച്ചുനിൽക്കാനായില്ല. മികച്ച ലെങ്തിൽ പന്തെറിഞ്ഞ ഉസ്മാൻ ഖാന്റെ പന്തുകൾക്കു മുന്നിൽ വിറച്ച ഹോങ്കോങ്ങിന് അ‍ഞ്ചാം ഓവറിൽ റണ്ണൗട്ടിന്റെ രൂപത്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത് നിസാകാത്ത് പുറത്ത്. തുടർന്ന് 18.3 ഓവറിൽ അഞ്ചു വിക്കറ്റിന് 44 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ട ഹോങ്കോങ് സ്കോർ നൂറുകടത്തിയത് ആറാം വിക്കറ്റിൽ 53 റൺസ് ചേർത്ത ഐസാസ് ഖാൻ– ഷാ സഖ്യമാണ്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ഫഖർ സമാനെ (24) നഷ്ടമായെങ്കിലും ഓപ്പണർ ഇമാം ഉൽ ഹഖും, ബാബർ അസമും (33) ഹോങ്കോങ് ബോളർമാരെ അനാസാസം നേരിട്ടു. ലക്ഷ്യത്തിനരികെ അസമിന്റെ വിക്കറ്റു പോയെങ്കിലും ശുഐബ്  മാലിക്കിനെ (9*) കൂട്ടുപിടിച്ച ഇമാം പാക്കിസ്ഥാന് വിജയം സമ്മാനിച്ചു. ഇന്നത്തെ കളിയിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും.