പരുക്കിനെ വകവയ്ക്കാതെ വീരോചിതമായ പോരാട്ടം; സബാഷ് തമിം!

ഇടംകൈയിൽ ബാൻഡേജിട്ടു ബാറ്റിങ്ങിന് എത്തുന്ന ‌തമിം ഇക്ബാൽ.

അബുദാബി∙ ബാറ്റിങ് വെടിക്കെട്ടിനു പേരെടുത്ത ബംഗ്ല ഓപ്പണർ തമിം ഇക്ബാൽ റൺസടിക്കാതെ തന്നെ ക്രിക്കറ്റ് ലോകത്തിനു പ്രിയങ്കരനായിരിക്കുകയാണിപ്പോൾ. ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പ് മൽസരത്തിൽ ബാറ്റിങ്ങിനിടെ കൈയ്ക്കു പൊട്ടലേറ്റു മടങ്ങിയ തമിം രണ്ടു മണിക്കൂറിനകം വീണ്ടും ബാറ്റിങ്ങിനെത്തി. പൊട്ടലേറ്റ ഇടംകൈയ്ക്ക് ആഘാതമേൽക്കാതെയിരിക്കാൻ വലം കൈ മാത്രം ഉപയോഗിച്ചാണു തമിം തുടർന്നു ബാറ്റു ചെയ്തത്!

പേസർ മുസ്തഫിസുർ റഹ്മാൻ പുറത്തായതോടെ ബംഗ്ല ഇന്നിങ്ങ്സ് അവസാനിച്ചെന്നു തോന്നിയ 47–ാം ഓവറിലാണു നാടകീയ സംഭവങ്ങളുടെ തുടക്കം. ഒൻപതാം വിക്കറ്റ് വീണതോടെ പൊട്ടലേറ്റ വിരലിനു കൂടുതൽ ആഘാതമേൽക്കാതിരിക്കാൻ പ്രത്യേകം തയാർ ചെയ്ത പാഡുമിട്ടു തമിം ക്രീസിലേക്ക്. സുരംഗ ലക്മൽ എറിഞ്ഞ ഓവറിലെ അവസാന പന്ത് ഒറ്റക്കൈകൊണ്ടു ബാറ്റു ചെയ്ത തമിം പ്രതിരോധിച്ചു.

കളിയുടെ രണ്ടാം ഓവറിൽ സുരംഗ ലക്മലിന്റെ പന്ത് കൈയിലിടിച്ചതിനെ തുടർന്നായിരുന്നു തമിമിന്റെ പരുക്ക്.  എന്നാൽ ഒരറ്റത്തു വിക്കറ്റുകൾ നിലംപൊത്തിയിട്ടും മറുവശത്ത് ഉറച്ചുനിന്നു സെഞ്ചുറി നേടിയ മുഷ്ഫിറുർ റഹിമിന്റെ പോരാട്ടവീര്യമാണു (144 റൺസ്) തമിമിനെ വീണ്ടും ക്രീസിലെത്തിച്ചത്.

തമിമിന് ഒരു പന്തു മാത്രമേ നേരിടേണ്ടിവന്നുള്ളൂവെങ്കിലും തുടർന്നുള്ള മൂന്ന് ഓവറുകളിൽ 32 റൺസാണ് മുഷ്ഫിഖുർ അടിച്ചെടുത്തത്. 47–ാം ഓവറിൽ 9 വിക്കറ്റിന് 229 എന്ന നിലയിൽനിന്ന് ബംഗ്ല ടോട്ടൽ 261 റൺസിൽ എത്തിയതിൽ മുഷ്ഫിഖുറിന്റെ ബാറ്റിങ് മികവിനൊപ്പം നിർണായകമായതു രണ്ടു റൺസോടെ പുറത്താകാതെനിന്ന തമിമിന്റെ മനസ്സാന്നിധ്യവും. തമിമിന് ആറാഴ്ച വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

പരുക്കിനെ വകവയ്ക്കാതെ കളിക്കളത്തിലേക്കു മടങ്ങിയെത്തി വീരോചിതമായ പോരാട്ടം പുറത്തെടുത്ത മറ്റു ചില താരങ്ങൾ ഇതാ.

അനിൽ കുംബ്ലെ (ഇന്ത്യ)

പൊട്ടിയ താടിയെല്ലിൽ ബാൻഡേജിട്ടു വിൻഡീസിനെതിരെ പന്തെറിഞ്ഞ അനിൽ കുംബ്ലെയെ ഇന്ത്യൻ ആരാധകർ എങ്ങനെ മറക്കും? 2002 ആന്റിഗ്വ ടെസ്റ്റിൽ പേസ് ബോളർ മെൽവിൻ ഡില്ലന്റെ പന്തു താടിയിലിടിച്ചു ചോരയൊലിച്ചതു കണക്കാക്കാതെ ബാറ്റിങ് തുടർന്ന കുംബ്ലെയുടെ താടിയെല്ലിനു പൊട്ടലേറ്റെന്നു പവിലിയനിലേക്കു മടങ്ങിയെത്തിയ ശേഷമാണു സ്ഥിരീകരിച്ചത്. പരുക്കേറ്റ കുംബ്ലെ പരമ്പര മതിയാക്കി ഇന്ത്യയിലേക്കു മടങ്ങുമെന്ന് അറിയിപ്പു വന്നെങ്കിലും വിൻഡീസിന്റെ ആദ്യ ഇന്നിങ്ങ്സ് തുടങ്ങിയപ്പോൾ താടിയിൽ ബാൻഡേജിട്ട് ഗ്രൗണ്ടിലേക്കു മടങ്ങിയെത്തി. ബ്രയാൻ ലാറയെ വിക്കറ്റിനു മുന്നിൽ കുടുക്കി. വേദന കടിച്ചമർത്തി കുംബ്ലെ എറിഞ്ഞത് 14 ഓവറുകൾ.

ഗാരി കിർസ്റ്റൻ (ദക്ഷിണാഫ്രിക്ക)

2004 ലഹോർ ടെസ്റ്റ് ചുവന്നത് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഗാരി കിർസ്റ്റന്റെ ചോരകൊണ്ടാണ്. പാക്കിസ്ഥാൻ പേസർ ശുഐബ് അക്തറിന്റെ ബൗൺസർ മുഖത്തിടിച്ചു മൂക്കു പൊട്ടി ചോരയൊലിപ്പിച്ചു ഗാരി ക്രിസ്റ്റൻ നിലത്തു വീണപ്പോൾ രണ്ടാം വരവ് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ ആദ്യ ഇന്നിങ്ങ്സിൽ പാക്കിസ്ഥാൻ മേൽക്കൈ നേടിയതോടെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിൽ കിർസ്റ്റൻ വീണ്ടും ബാറ്റിങ്ങിനിറങ്ങി. 46 റൺസ് നേടിയാണു പുറത്തായത്. മൽസരം ദക്ഷിണാഫ്രിക്ക തോറ്റു.

ഗ്രെയിം സ്മിത്ത് (ദക്ഷിണാഫ്രിക്ക)

2009 സിഡ്നി ടെസ്റ്റ്. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുന്നതിനിടെ മിച്ചൽ ജോൺസന്റെ തീയുണ്ട കണക്കെ വന്ന പന്ത് ഇടംകൈയിലിടിച്ചു സ്മിത്ത് നിലത്തു വീണു. 30 റൺസെടുത്ത ആദ്യ ഇന്നിങ്സിലെ ബാറ്റിങ് മതിയാക്കി മടങ്ങിയ സ്മിത്ത് രണ്ടാം ഇന്നിങ്സിലെ വീരോചിതമായ ബാറ്റിങ്ങിലൂടെ ദക്ഷിണാഫ്രിക്കയ്ക്കായി സമനില നേടിയെടുക്കും എന്നുപോലും തോന്നിച്ചു. പൊട്ടലേറ്റ കൈയിൽ ബാൻഡേജിട്ടു പതിനൊന്നാമനായി ക്രീസിലെത്തിയ സ്മിത്ത് വേദന സംഹാരികൾ കഴിച്ചും കൈമുട്ടിൽ കുത്തിവയ്പ്പെടുത്തുമാണു ബാറ്റ് ചെയ്തത്. 17 പന്തുകൾ അതിജീവിച്ച സ്മിത്ത് കളി അവസാനിക്കാൻ 10 പന്തുകൾ മാത്രം ബാക്കിയുള്ളപ്പോൾ പതിനൊന്നാമനായി പുറത്തായതോടെ മൽസരം ദക്ഷിണാഫ്രിക്ക തോറ്റു. 

ഇയാൻ ബെൽ (ഇംഗ്ലണ്ട്)

2010 ബ്രിസ്റ്റൽ ഏകദിനത്തിൽ ബംഗ്ലദേശ് ഉയർത്തിയ  237 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 9 വിക്കറ്റിന് 227 എന്ന നിലയിൽ. 90 റൺസെടുത്ത ജൊനാഥൻ ട്രോട്ട് ക്രീസിലുണ്ട്. ഫീൽഡ് ചെയ്യുന്നതിനിടെ കാലിന്റെ എല്ലിനു പൊട്ടലേറ്റ ഇയാൻ ബെല്ലാണു പിന്നെ ക്രീസിലെത്തിയത്. ജയത്തിനു 10 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ട്രോട്ട് സ്ട്രൈക്ക് എടുത്തതിനാൽ ബെല്ലിനു ബാറ്റു ചെയ്യേണ്ടിവന്നില്ല. ആദ്യ രണ്ടു പന്തിൽ രണ്ടു റൺസ് വീതം നേടിയ ട്രോട്ട് മൂന്നാം പന്തിൽ പുറത്തായതോടെ ഇംഗ്ലണ്ട് അഞ്ചു റൺസിനു തോൽക്കുന്നതു കണ്ടുനിൽക്കാനേ ഇയാൻ ബെല്ലിനു കഴിഞ്ഞുള്ളൂ.