മിതാലിയുടെ സെഞ്ചുറി പാഴായി; ലങ്കയ്ക്ക് ജയം

മിതാലി രാജ്

കടുനായകെ (ശ്രീലങ്ക)∙ ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഇന്ത്യൻ നായിക മിതാലി രാജ് പുറത്താകാതെ 125 റൺസെടുത്തിട്ടും ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു മൂന്നു വിക്കറ്റു തോൽവി. ആദ്യ രണ്ട് ഏകദിനങ്ങളും സ്വന്തമാക്കി ഇന്ത്യ പരമ്പര നേരത്തെ സ്വന്തം പേരിലാക്കിയിരുന്നു. മിതാലിയുടെയും 51 റൺസെടുത്ത സ്മൃതി മന്ഥനയുടെയും മികവിൽ ഇന്ത്യ അഞ്ചു വിക്കറ്റിനു 253 റൺസെടുത്തു. ഏഴു വിക്കറ്റ് നഷ്ടത്തിൽ ലങ്ക ലക്ഷ്യം കണ്ടു.

യുവതാരം ജെമിമ റോഡ്രിഗസ് പൂജ്യത്തിനു പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ മിതാലി– മന്ഥന സഖ്യം 102 റൺസെടുത്ത് ഇന്ത്യൻ സ്കോറിന് അടിത്തറയിട്ടു. മിതാലിയുടെ ഏഴാം ഏകദിന സെഞ്ചുറിയാണിത്. 14 മാസങ്ങൾക്കിടെ ആദ്യത്തേതും. 143 പന്തുകളിൽനിന്നു 14 ബൗണ്ടറിയും ഒരു സിക്സറും മിതാലി സ്വന്തമാക്കി.