പകരക്കാരനാണ് പാണ്ഡെ, ഈ ക്യാച്ച് പകരം വയ്ക്കാനില്ലാത്തതും – വിഡിയോ

പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദിനെ പുറത്താക്കാൻ ക്യാച്ചെടുക്കുന്ന മനീഷ് പാണ്ഡെ.

ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിലെ രണ്ടാം മൽസരത്തിൽ പാക്കിസ്ഥാനെതിരെ അനായാസ ജയം നേടിയ ഇന്ത്യൻ ടീമിൽ, പകരക്കാരനായെത്തി പകരം വയ്ക്കാനില്ലാത്തൊരു ക്യാച്ചിലൂടെ ശ്രദ്ധ കവർന്ന താരമുണ്ട്. പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാതെ പോയ മനീഷ് പാണ്ഡെ. പാക്ക് ഇന്നിങ്സിന്റെ 18–ാം ഓവറിൽ ഹാർദിക് പാണ്ഡ്യ പരുക്കുമൂലം പുറത്തായപ്പോഴാണ് പകരക്കാരനായി പാണ്ഡെ ഫീൽഡിൽ ഇറങ്ങിയത്.

എന്തായാലും പാണ്ഡ്യയ്ക്കു പകരക്കാരനായുള്ള പാണ്ഡെയുടെ വരവ് വെറുതെയായില്ല. ഇന്ത്യൻ നിരയിലെ ഏറ്റവും മികച്ച ക്യാച്ച് സ്വന്തമാക്കിയാണ് പാണ്ഡെ തിരിച്ചുകയറിയത്. പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദിനെ പുറത്താക്കാനായിരുന്നു പാണ്ഡെയുടെ മാസ്മരിക ക്യാച്ച്.

കേദാർ ജാദവിന്റെ പന്തിൽ സിക്സ് നേടാനുള്ള ശ്രമത്തിനിടെയാണ് സർഫ്രാസ് ബൗണ്ടറി ലൈനിന് സമീപം പാണ്ഡെയുടെ കൈകളിലൊതുങ്ങിയത്. ഓടിയെത്തി സർഫ്രാസിന്റെ ക്യാച്ചെടുത്ത പാണ്ഡെ, താൻ ബൗണ്ടറി ലൈന്‍ കടക്കുമെന്ന ഘട്ടത്തിൽ പന്ത് മുകളിലേക്കെറിഞ്ഞ് തിരികെയെത്തി വീണ്ടും പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ മൂന്നിന് 96 റൺസ് എന്ന നിലയിൽനിന്ന് നാലിന് 96 റൺസ് എന്ന നിലയിലേക്ക് പാക്കിസ്ഥാൻ തകരുകയും ചെയ്തു.