കുരുക്കിട്ട് ജഡേജ, കൂട്ടിലാക്കി രോഹിത്; ബംഗ്ലദേശിനെതിരെയും അനായാസം ഇന്ത്യ

ഇന്ത്യയുടെ വിജയശിൽപികളായ രോഹിത് ശർമയും രവീന്ദ്ര ജഡേജയും.

ദുബായ്∙ ഒരു വർഷത്തിലധികം നീണ്ട കാത്തിരിപ്പിനുശേഷം ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ രവീന്ദ്ര ജഡേജയുടെ ബോളിങ് പ്രകടനം. തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിങ് പ്രകടനം. ഏഷ്യാ കപ്പിൽ ഉജ്വല ഫോമിൽ കുതിക്കുന്ന ഇന്ത്യയ്ക്ക് ബംഗ്ലദേശിനെതിരായ മൽസരത്തിൽ വിജയം സമ്മാനിച്ചത് ഈ രണ്ടു ഘടകങ്ങളാണ്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയും ബോളിങ്ങിൽ ജഡേജയ്ക്ക് ഉറച്ച പിന്തുണ നൽകിയപ്പോൾ, ബാറ്റുകൊണ്ട് ശിഖർ ധവാനും മഹേന്ദ്രസിങ് ധോണിയും രോഹിതിനൊപ്പവും ഉറച്ചുനിന്നു. എല്ലാറ്റിനുമൊടുവിൽ ഇന്ത്യൻ വിജയം ഏഴു വിക്കറ്റിന്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 49.1 ഓവറിൽ 173 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 13 ഓവറും നാലു പന്തും ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. രോഹിത് ശർമ 83 റൺസോടെ പുറത്താകാതെ നിന്നു. പതിവുശൈലിയിൽ സിക്സടിച്ച് ടീമിന് വിജയം സമ്മാനിക്കാനുള്ള വ്യഗ്രതയിൽ അവസാന നിമിഷം ധോണി വിക്കറ്റ് നഷ്ടമാക്കിയതുകൊണ്ടു മാത്രം വിജയം ഏഴു വിക്കറ്റിനായി. ഇല്ലെങ്കിൽ പാക്കിസ്ഥാനു പിന്നാലെ ബംഗ്ലദേശിനെതിരെയും ഇന്ത്യയുടെ പേരിൽ എട്ടു വിക്കറ്റ് ജയം കുറിക്കപ്പെട്ടേനെ!

∙ മികവു തുടർന്ന് ബോളർമാർ

തുടർച്ചയായ രണ്ടാം മൽസരത്തിലും ബോളർമാർ മികച്ചുനിന്നതോടെ ഇന്ത്യ ബംഗ്ലദേശിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കുകയായിരുന്നു. ജഡേജയുടെ നാലു വിക്കറ്റ് പ്രകടനമാണ് ബംഗ്ലദേശിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത്. 10 ഓവറിൽ 29 റൺസ് മാത്രം വഴങ്ങിയാണ് ജഡേജ നാലു വിക്കറ്റ് വീഴ്ത്തിയത്. ഭുവനേശ്വർ കുമാർ 10 ഓവറിൽ 32 റൺസ് വഴങ്ങിയും, ജസ്പ്രീത് ബുമ്ര 9.1 ഓവറിൽ 37 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ഒരു ഘട്ടത്തിലും തല ഉയർത്താൻ സമ്മതിക്കാതെ ബംഗ്ലദേശിനെ അടിച്ചിരുത്തുകയായിരുന്നു ഇന്ത്യൻ ബോളർമാർ. അഫ്ഗാനിസ്ഥാനെതിരെ വഴങ്ങിയ കൂറ്റൻ തോൽവിയുടെ ക്ഷീണം അവരുടെ പ്രകടനത്തിലും നിഴലിച്ചു. സ്കോർ ബോർഡിൽ 15 റൺസ് മാത്രമുള്ളപ്പോൾ ലിട്ടൺ ദാസാണ് ബംഗ്ലാ നിരയിൽ ആദ്യം പുറത്തായത്. 16 പന്തിൽ ഒരു ബൗണ്ടറി സഹിതം ഏഴു റൺസെടുത്ത ദാസിനെ ഭുവനേശ്വർ കുമാർ ബൗണ്ടറി ലൈനിനു സമീപം കേദാർ ജാദവിന്റെ കൈകളിലെത്തിച്ചു. ആറാം ഓവറിന്റെ ആദ്യ പന്തിൽ നാസ്മുൽ ഹുസൈനെ ജസ്പ്രീത് ബുമ്ര പുറത്താക്കി. 14 പന്തിൽ ഏഴു റൺസെടുത്ത നാസ്മുൽ ഹുസൈനെ ബുമ്ര ധവാന്റെ കൈകളിലെത്തിച്ചു.

∙ ജഡേജയുടെ തിരിച്ചുവരവ്

10–ാം ഓവറിലാണ് മൽസരത്തിലെ തന്റെ ആദ്യ വിക്കറ്റുമായി ജഡേജ വരവറിയിക്കുന്നത്. ബംഗ്ലാ നിരയിലെ ഏറ്റവും അപകടകാരികളിൽ ഒരാളായ ഷാക്കിബ് അൽ ഹസ്സനായിരുന്നു ആദ്യ ഇര. 12 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 17 റൺസെടുത്ത ഷാക്കിബിനെ ജഡേജ ശിഖർ ധവാന്റെ കൈകളിലെത്തിച്ചു. ബംഗ്ലദേശ് ഇന്നിങ്സിൽ ബോളിനേക്കാൾ കൂടുതൽ റൺസ് ഉള്ള ഏക താരവും ഷാക്കിബായിരുന്നു. ഒരു വർഷത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവിൽ ഷാക്കിബിനെ പുറത്താക്കി ജഡേജ വിക്കറ്റ് വേട്ടയ്ക്കു തുടക്കം കുറിക്കുമ്പോൾ അതിൽ മറ്റൊരു കൗതുകം കൂടി ഒളിച്ചിരിപ്പുണ്ട്.

ഈ മൽസരത്തിനു മുൻപ് ജഡേജ നേടിയ അവസാന വിക്കറ്റും ഷാക്കിബിന്റേതു തന്നെയായിരുന്നു. 2017ലെ ചാംപ്യൻസ് ട്രോഫി സെമിയിലാണ് ജഡേജ ഷാക്കിബിനെ പുറത്താക്കിയത്. അതിനുശേഷം ജഡേജ വീണ്ടും ഏകദിനത്തിൽ വിക്കറ്റ് നേടുന്നത് ഇന്നലെയാണ്. അതും ഷാക്കബിനെ പുറത്താക്കിക്കൊണ്ടുതന്നെ.

ഷാക്കിബിനു പിന്നാലെ അഞ്ചു റണ്‍സിന്റെ ഇടവേളയിൽ മുഹമ്മദ് മിഥുൻ, മുഷ്ഫിഖുർ റഹിം എന്നിവരെയും പുറത്താക്കിയ ജഡേജ ബംഗ്ലദേശിന്റെ നടുവൊടിച്ചു. മിഥുനെ എൽബിയിൽ കുരുക്കിയ ജഡേജ, റഹിമിനെ ചാഹലിന്റെ കൈകളിലെത്തിച്ചു. 19 പന്തിൽ ഒരു ബൗണ്ടറി സഹിതം ഒൻപതു റൺസായിരുന്നു മിഥുന്റെ സമ്പാദ്യം. റഹിം 45 പന്തിൽ ഒരു ബൗണ്ടറി സഹിതം 21 റൺസെടുത്തു. തന്റെ അവസാന ഓവറിൽ മൊസാദേക് ഹുസൈനെക്കൂടി പുറത്താക്കിയ ജഡേജ നാലു വിക്കറ്റ് തികയ്ക്കുകയും ചെയ്തു.

∙ വീണ്ടും അർധസെഞ്ചുറി തൊട്ട് രോഹിത്

മറുപടി ബാറ്റിങ്ങിൽ രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. രണ്ടിലും പങ്കാളിയായി ക്യാപ്റ്റൻ രോഹിത് ശർമ ഏഷ്യാ കപ്പിലെ മിന്നും ഫോം തുടരുകയും ചെയ്തു. ഓപ്പണിങ് വിക്കറ്റിൽ ശിഖർ ധവാനൊപ്പം 61 റൺസ് കൂട്ടിച്ചേർത്ത രോഹിത് തകർപ്പൻ തുടക്കമാണ് ടീമിന് സമ്മാനിച്ചത്. ധവാനും അമ്പാട്ടി റായുഡുവും ചെറിയ ഇടവേളകളിൽ പുറത്തായെങ്കിലും കരിയറിലെ 36–ാം അർധസെഞ്ചുറി പൂർത്തിയാക്കിയ രോഹിത്, മൂന്നാം വിക്കറ്റിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പം 64 റൺസ് കൂട്ടുകെട്ട് തീർത്ത് ടീമിന്റെ വിജയം ഉറപ്പാക്കി. 63 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് രോഹിത് അർധസെഞ്ചുറി പിന്നിട്ടത്.

റായുഡു പുറത്തായശേഷം സ്ഥാനക്കയറ്റം കിട്ടിയെത്തിയ ധോണി നിലയുറപ്പിച്ചതോടെ രോഹിത് കൂടുതൽ അപകടകാരിയായി. തകർത്തടിച്ച രോഹിത്–ധോണി സഖ്യം അനായാസം ഇന്ത്യൻ സ്കോർ 150 കടത്തി. ഇരുവരും ചേർന്ന് ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുമെന്ന് ഉറപ്പിച്ചെങ്കിലും സ്കോർ 170ൽ നിൽക്കെ സിക്സിലൂടെ വിജയറൺ കണ്ടെത്താനുള്ള ധോണിയുടെ ശ്രമം ബൗണ്ടറിക്കു സമീപം മുഹമ്മദ് മിഥുന്റെ കൈകളിൽ അവസാനിച്ചു. 37 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 33 റൺസെടുത്താണ് വിജയത്തിനരികെ ധോണി പുറത്തായത്. മൂന്നാം വിക്കറ്റിൽ ധോണി–രോഹിത് സഖ്യം 64 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് ദിനേഷ് കാർത്തിക്കിനെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. രോഹിത് 104 പന്തിൽ അഞ്ചു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 83 റൺസുമായി പുറത്താകാതെ നിന്നു.

∙ ഓപ്പണിങ് കരുത്തിൽ വീണ്ടും ഇന്ത്യ

തുടർച്ചയായ രണ്ടാം മൽസരത്തിലാണ് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഓപ്പണർമാർ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 14.2 ഓവറിൽ 61 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഓപ്പണിങ് സഖ്യം വഴിപിരിഞ്ഞത്. 47 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 40 റൺസെടുത്ത ധവാനെ ഷാക്കിബ് അൽ ഹസ്സൻ എൽബിയിൽ കുരുക്കി കൂട്ടുകെട്ട് പൊളിച്ചു.

സ്കോർ 106ൽ നിൽക്കെ റായുഡുവും മടങ്ങി. റൂബൽ ഹുസൈന്റെ പന്തിൽ വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹിമിന് ക്യാച്ച് സമ്മാനിച്ചാണ് റായുഡു മടങ്ങിയത്. ആദ്യം അംപയർ ഔട്ട് നിരസിച്ചെങ്കിലും തീരുമാനം റിവ്യൂ ചെയ്താണ് ബംഗ്ലദേശ് റായുഡുവിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. റായുഡു 28 പന്തിൽ ഒരു ബൗണ്ടറി സഹിതം 13 റൺസെടുത്തു.

എന്നാൽ, ഒരു വശത്ത് തകർത്തു കളിച്ച രോഹിത് ശർമ മൽസരം ഇന്ത്യയുടെ കരങ്ങളിൽ ഭദ്രമാക്കി. കരിയറിലെ 36–ാം അർധസെഞ്ചുറി പൂർത്തിയാക്കിയ രോഹിത്, മൂന്നാം വിക്കറ്റിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പം റൺസ് കൂട്ടുകെട്ട് തീർത്ത് ടീമിന്റെ വിജയം ഉറപ്പാക്കി.

∙ ഇന്ത്യ – ബംഗ്ലദേശ് നേർക്കുനേർ

മൽസരങ്ങൾ – 34

ഇന്ത്യ ജയിച്ചത് – 28

ബംഗ്ലദേശ് ജയിച്ചത് – 5

ഫലമില്ലാതെ പോയത് – 1