442 ദിവസത്തെ കാത്തിരിപ്പ്; കൈക്കുഴ സ്പിന്നർമാരെ നിഷ്പ്രഭരാക്കി ജഡേജ തിരിച്ചുവരുന്നു

ബംഗ്ലദേശിനെതിരായ മൽസരത്തിനിടെ രവീന്ദ്ര ജഡേജ.

ദുബായ്∙ 442 ദിവസങ്ങള്‍. ഏറ്റവും ഒടുവിൽ ഇന്ത്യൻ ഏകദിന ടീമിന്റെ നീലക്കുപ്പായം അണിഞ്ഞ ശേഷം അടുത്ത അവസരത്തിനായി രവീന്ദ്ര ജഡേജ കാത്തിരുന്നത് ഇത്രയും ദിവസങ്ങളാണ്! 2017 ജൂലൈയില്‍ വെസ്റ്റ് ഇൻ‍ഡീസിനെതിരെ കളിച്ചശേഷം ജഡേജ പിന്നീട് ഇന്ത്യൻ ഏകദിന ടീമിന്റെ പടിവാതിൽ കണ്ടത് ഇന്നലെയാണ്. ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റിൽ മാത്രം ലഭിച്ച അവസരം മുതലെടുത്തതിന്റെ പ്രതിഫലമായിരുന്നു ഈ സ്ഥാനം. ടീമിൽ സ്ഥാനമില്ലാതിരുന്ന ജഡേജയ്ക്ക് തുണയായത് ടൂർണമെന്റിനിടെ അക്സർ പട്ടേലിന് ഏറ്റ പരുക്കാണ്. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുകയായിരുന്ന ജഡേജയെ ഇതോടെ ദുബായിലേക്ക് വിളിച്ചുവരുത്തി. തൊട്ടടുത്ത മൽസരത്തിൽത്തന്നെ ടീമിൽ സ്ഥാനവും ലഭിച്ചു.

തിരക്കിട്ടുള്ള ആ യാത്ര എന്തായാലും വെറുതെയായില്ല. ഒരു വർഷത്തിലധികം നീണ്ട കാത്തിരിപ്പിനുശേഷം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിച്ച പ്രകടനത്തിലൂടെയാണ് ജഡേജ നിറം പകർന്നത്. 10 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ജഡജേ, ഏകദിനത്തിൽ തന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനങ്ങളിലൊന്നാണ് ദുബായിൽ പുറത്തെടുത്തത്. ജഡേജയുടെ ബോളിങ് പ്രകടനത്തിന്റെ കരുത്തിൽ ബംഗ്ലദേശിനെ 173 റൺസിന് പുറത്താക്കിയ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയും െചയ്തു. മൂന്നു ഫോർമാറ്റുകളിലും ഇന്ത്യയ്ക്കായി കളിക്കുന്ന കാലം വിദൂരമല്ലെന്ന് അടുത്തിടെ പ്രകടിപ്പിച്ച ആത്മവിശ്വാസത്തിലേക്ക് ഉറച്ചൊരു ചുവടുവയ്പു കൂടിയാകുന്നു ജഡേജയ്ക്ക് ഈ പ്രകടനം.

∙ ചോദിച്ചുവാങ്ങിയ പുറത്താകൽ

അതേസമയം, അനിവാര്യമായ പുറത്താകലായിന്നു താരത്തിന്റേതെന്ന് നൂറു വട്ടം. ഒരുപാട് അവസരങ്ങള്‍ കിട്ടിയതാണ് ജഡേജയ്ക്ക്. ബാറ്റിങ് തീർത്തും മോശമായിട്ടും ബോളിങ്ങിന്റെ ബലത്തിൽ മാത്രം ടീമിൽ തുടർന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയോടെ അതിനും തീരുമാനമായി. ഫൈനലിൽ 180 റൺസിന്റെ കൂറ്റൻ തോൽവി വഴങ്ങിയ ഇന്ത്യ കിരീടം കൈവിട്ടു. അപ്പോഴും ഫീല്‍ഡിലെ മിന്നലാണ് ജഡേജയെന്ന കാര്യത്തില്‍ തര്‍ക്കമില്ലായിരുന്നു.

എന്നാൽ, ചാംപ്യൻസ് ട്രോഫിക്കു പിന്നാലെയെത്തിയ വെസ്റ്റ് ഇൻഡീസ് പര്യടനത്തോടെ ചിത്രം പൂർണമായും മാറി. വിന്‍ഡീസ് പര്യടനത്തിനു പിന്നാലെ കൈക്കുഴ സ്പിന്നര്‍മാരായ കുൽദീപ് യാദവും യുസ്‍വേന്ദ്ര ചാഹലും ഏകദിന ക്രിക്കറ്റിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടംകറക്കിയ കുല്‍ദീപും ചാഹലും കറക്കി മറിച്ചത് രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുടെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ഭാവി കൂടിയായിരുന്നു. ഇരുവരുമില്ലാതെ ആറോ ഏഴോ ഏകദിന ടൂര്‍ണമെന്റുകള്‍ ഇന്ത്യ കളിച്ചു. ഒരു തരത്തിൽ നോക്കിയാൽ അസാധ്യമെന്നു തോന്നാവുന്ന കാര്യം!

∙ പുറത്താകലിന്റെ വക്കിൽനിന്നും തിരിച്ചുവരവ്

ഏഷ്യാ കപ്പിലേക്കും ഇരുവരെയും പരിഗണിക്കാതെ വന്നതോടെ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ലോകകപ്പ് ടീമിനുള്ള റഡാറില്‍നിന്ന് രണ്ടുപേരും പുറത്തായെന്ന് ഉറപ്പിച്ചതാണ്. ഇതിനിടെ അപ്രതീക്ഷിതമായാണ് ഭാഗ്യം പരുക്കിന്റെ രൂപത്തില്‍ ജഡേജയെ തേടിയെത്തുന്നത്. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവർ പരുക്കുമൂലം ടീമിനു പുറത്തായതോടെ പകരക്കാരായി വിളി ലഭിച്ചവരിൽ ഒരാളായി ജഡേജയും. ബാക്കി ചരിത്രം.

എന്തായാലും, പുറത്തുനിന്ന കാലം മുഴുവനും ആത്മവിശ്വാസം കൈവിടാതെ അവസരം കിട്ടിയപ്പോള്‍ മികവ് പുറത്തെടുത്ത ഈ ജഡേജയെ ആണ് ഇന്ത്യന്‍ ടീമിന് ആവശ്യം. ഒട്ടും അനായാസമല്ലാത്ത കാര്യം. ദീര്‍ഘ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ജഡേജയ്ക്ക് ടെസ്റ്റ് ടീമിൽത്തന്നെ സ്ഥാനം ലഭിച്ചത്. മുഖ്യ സ്പിന്നറായ രവിചന്ദ്രൻ അശ്വിനു പരുക്കേറ്റ ഒഴിവിലാണ് ജഡേജ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇടംപിടിച്ചത്. ഈ കളിക്കാരന്റെ ശരീരഭാഷ തന്നെ വേറെയായിരുന്നു വീണ്ടും ടീമിലെത്തിയപ്പോള്‍.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റുമായി പൊരുതിനിന്ന ജഡേജ, ബോളുകൊണ്ടും തിളങ്ങി. ടെസ്റ്റിനു പിന്നാലെ ഏകദിനത്തിലേക്കുള്ള മടങ്ങി വരവിനും സഹതാരത്തിന്റെ പരുക്കു തന്നെ നിമിത്തമായി. ഒന്നുറപ്പാണ്. ജഡേജയുടെ സമയം ശരിക്കും കത്തി നില്‍ക്കുകയാണ്.

∙ കൈക്കുഴ ‘തകർത്ത’ പ്രകടനം

ഒന്ന് ആലോചിച്ചാൽ രസമാണ് ജഡേജയുടെ കാര്യം. കാലങ്ങളായി ടീമിലുണ്ടെങ്കിലും അവസരം ലഭിക്കാത്ത അക്‌സര്‍ പട്ടേലിനു പരുക്കേറ്റപ്പോഴാണ് ടീമിലേക്കു വീണ്ടും വിളിയെത്തിയത്. ഹാര്‍ദിക് പാണ്ഡ്യകൂടെ പരുക്കേറ്റു പുറത്തായതോടെ ഓള്‍റൗണ്ടറുടെ ഒഴിവിൽ നിനച്ചിരിക്കാതെ ടീമിലുമെത്തി. കിട്ടിയ അവസരം ശരിക്കും മുതലാക്കി നാലു വിക്കറ്റുമായി ബംഗ്ലദേശിനെതിരെ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കി ജഡേജ.

ഈ പ്രകടനത്തിന് കൂടുതൽ നിറം പകരുന്നൊരു വിശേഷം കൂടിയുണ്ട്. ഒരു വർഷത്തോളം താൻ ടീമിനു പുറത്തുനിൽക്കാൻ കാരണക്കാരായ കൈക്കുഴ സ്പിന്നർമാർ ഇരുവരും ടീമിൽ ഉണ്ടായിട്ടും, ഇവരെ നിഷ്പ്രഭരാക്കുന്ന പ്രകടനത്തോടെയാണ് ജഡേജയുടെ തിരിച്ചുവരവ്. 2.90 റൺനിരക്കിൽ 10 ഓവറിൽ 29 റൺസ് മാത്രം വഴങ്ങിയാണ് ജഡേജ നാലു വിക്കറ്റെടുത്തത്.

10 ഓവറിൽ 40 റൺസ് വഴങ്ങിയ യു‌സ്‌വേന്ദ്ര ചാഹലിനോ (ഓവറിൽ ശരാശരി നാലു റൺസ്), 10 ഓവറിൽ 34 റൺസ് വഴങ്ങിയ കുൽദീപ് യാദവിനോ (ഓവറിൽ ശരാശരി 3.40 റണ്‍സ്) ഒരു വിക്കറ്റു പോലും നേടാനാകാതെ പോയ മൽസരത്തിലാണ് ജഡേജയുടെ നാലു വിക്കറ്റ് പ്രകടനം. ഇരുവരുമായി തട്ടിച്ചു നോക്കുമ്പോൾ ബാറ്റിങ്ങിലെ മേധാവിത്തം കൂടിയാകുമ്പോൾ ലോകകപ്പിനായി ടീമൊരുക്കുമ്പോൾ ജഡേജയെ എങ്ങനെ അവഗണിക്കും? സിലക്ടര്‍മാരുടെ പണി ഒന്നുകൂടി തലവേദന നിറഞ്ഞതാകുമെന്ന് ഉറപ്പ്!