അധ്വാനിച്ചു നേടാത്ത ഡോക്ടറേറ്റ് വേണ്ടെന്ന് സച്ചിൻ; കയ്യടിച്ച് ആരാധകർ

മുംബൈ∙ ജാദവ്പുർ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് വാഗ്ദാനം നിരസിച്ച് ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. പഠിച്ചു നേടാത്ത ഡോക്ടറേറ്റ് സ്വീകരിക്കുന്നതിലെ ധാർമിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഓണററി ഡോക്ടറേറ്റ് വാഗ്ദാനം സച്ചിൻ നിരസിച്ചതെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. സച്ചിൻ താൽപര്യക്കുറവ് വ്യക്തമാക്കിയ സാഹചര്യത്തിൽ ഓണററി ഡോക്ടറേറ്റ് ബോക്സിങ് താരം മേരി കോമിനു നൽകാനും സർവകലാശാല തീരുമാനിച്ചു.

‘തെൻഡുൽക്കറിന് ഓണററി ഡോക്ടറേറ്റ് നൽകാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ, ധാർമികമായ കാരണങ്ങളാൽ പുരസ്കാരം സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം അദ്ദേഹം ഇ മെയിലിലൂടെ മറുപടി നൽകി’ – ജാദവ്പുർ സർവകലാശാല വൈസ് ചാൻസലർ സുരഞ്ജൻ ദാസ് മാധ്യമങ്ങളോടു പറഞ്ഞു.

ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പതിവ് തനിക്കില്ലെന്ന് സച്ചിൻ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓക്സ്ഫഡ് സർവകലാശാല നൽകിയ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാൻ വിസമ്മതിച്ച ചരിത്രവും സച്ചിനുണ്ട്. ഈ ഡോക്ടറേറ്റിനായി അധ്വാനിച്ചിട്ടില്ലാത്തതിനാൽ, ഇതു സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട് – വൈസ് ചാൻസലർ പറഞ്ഞു.

സച്ചിന്റെ മറുപടി സർവകലാശാല ചാൻസലറും ബിഹാർ ഗവർണറുമായ കേശരി നാഥ് ത്രിപാഠിയെ അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് അഞ്ചുവട്ടം ലോക അമച്വർ ബോക്സിങ് ചാംപ്യനായ മേരി കോമിന് പുരസ്കാരം നൽകാന്‍ തീരുമാനിച്ചത്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ ബോക്സർ കൂടിയാണ് മേരി കോം.

2011ൽ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് നൽകിയ ഓണററി ഡോക്ടറേറ്റും സച്ചിൻ നിരസിച്ചിരുന്നു. ഇന്ത്യൻ ടീമിൽ സച്ചിന്റെ സഹതാരമായിരുന്ന രാഹുൽ ദ്രാവിഡും അർഹതയില്ലെന്ന കാരണത്താൽ മുൻപ് ഓണററി ഡോക്ടറേറ്റ് വേണ്ടെന്നുവച്ചിട്ടുണ്ട്. രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് സമാന നിലപാടുമായി അടുത്തിടെ ഓണററി ഡോക്ടറേറ്റ് നിരസിച്ച വ്യക്തി.