sections
MORE

‘ദൈവത്തെ’ സൃഷ്ടിച്ച മനുഷ്യൻ; സച്ചിന്റെ പരിശീലകൻ രമാകാന്ത് അച്‌രേക്കർക്കു വിട

Sachin-Tendulkar-with-Ramakant-Achrekar
SHARE

ലോക ക്രിക്കറ്റിന് സച്ചിൻ തെൻഡുൽക്കർ എന്ന ‘ഇന്ത്യൻ കോഹിനൂരിനെ’ സമ്മാനിച്ച പരിശീലകൻ രമാകാന്ത് അച്ച്‌രേക്കർക്കു വിട. മുംബൈയിലെ ശിവാജി പാർക്കിൽ തന്റെ സ്കൂട്ടറിനു പിന്നിലിരുത്തി മൈതാനങ്ങളിൽ നിന്ന് മൈതാനങ്ങളിലേക്കു കൊണ്ടു പോയാണ് അച്ച്‌രേക്കർ സച്ചിനു ക്രിക്കറ്റിലെ ബാലപാഠങ്ങൾ പകർന്നു നൽകിയത്. 1932ൽ മഹാരാഷ്ട്രയിലെ മാൾവനിൽ ജനിച്ച അച്ച്‌രേക്കർക്ക് 87 വയസ്സായിരുന്നു. മുംബൈ ദാദറിലെ വസതിയിലായിരുന്നു അന്ത്യം. വിനോദ് കാംബ്ലി, അജിത് അഗാർക്കർ തുടങ്ങിയവരുടെയും ക്രിക്കറ്റ് ഗുരുവായിരുന്ന അച്ച്‌രേക്കറെ 1990ൽ രാജ്യം ദ്രോണാചാര്യ പുരസ്കാരവും 2010ൽ പത്മശ്രീ പുരസ്കാരവും നൽകി ആദരിച്ചു.

‘ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരേയൊരു മൽസരം മാത്രം കളിച്ച രമാകാന്ത് അച്ച്‌രേക്കറുടെ ഏറ്റവും വലിയ നേട്ടം എന്താണ്?’ ഇന്ത്യയിലെ പ്രൈമറി സ്കൂളുകളിൽ പഠിച്ചു തുടങ്ങുന്ന  കുട്ടികൾ അതിന് ചാടിയെണീറ്റ് ഉത്തരം പറയും: സച്ചിൻ, സച്ചിൻ തെൻഡുൽക്കർ! അച്ച്‌രേക്കറുടെ മേൽവിലാസം അതാണ്. മറാഠി കവി രമേശ് തെൻഡുൽക്കർ സച്ചിൻ എന്ന മനുഷ്യന്റെ അച്ഛനാണെങ്കിൽ മുംബൈയിലെ ശാരദാശ്രമം സ്കൂളിലെ പരിശീലകൻ രമാകാന്ത് അച്ച്‌രേക്കർ സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തിന്റെ പിതാവാണ്; ദൈവത്തെ സൃഷ്ടിച്ച മനുഷ്യൻ!

ഒരു രൂപ നാണയങ്ങൾ

കരിയറിൽ സച്ചിനു കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്താണ്? സർ ഡോണൾഡ് ബ്രാ‍ഡ്മാൻ ഒപ്പു വച്ച ബാറ്റു മുതൽ ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ ഗ്ലൗ വരെയുള്ള  ബാന്ദ്രയിലെ വീട്ടിൽ സച്ചിൻ സൂക്ഷിച്ചു വച്ചിരിക്കുന്ന കുറച്ചു നാണയങ്ങളുണ്ട്. സച്ചിൻ എന്ന ശതകോടീശ്വരനായ താരത്തെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രസക്തമല്ലാത്ത ഒരു രൂപ നാണയങ്ങൾ. എന്നാൽ സച്ചിനത് അമൂല്യമായ സ്വർണമെഡലുകൾക്കു തുല്യമാണ്. സ്കൂൾ ക്രിക്കറ്റിൽ കളിച്ചു തുടങ്ങിയ കാലത്ത് അച്ച്‌രേക്കർ സച്ചിനു സമ്മാനിച്ച നാണയങ്ങളാണവ. അതിന്റെ കഥ സച്ചിൻ തന്നെ പറയട്ടെ:

‘‘അക്കാലത്ത് കഠിനപരിശീലനമാണ് അദ്ദേഹം എനിക്കു നൽകിയിരുന്നത്. പരിശീലന സമയത്ത് സ്റ്റംപിനു മുകളിൽ ബെയ്‌ലുകൾക്കു പകരം അദ്ദേഹം ഒരു രൂപ നാണയം വയ്ക്കും.
വെളിച്ചം മങ്ങുന്ന വൈകുന്നേരം വരെ ഔട്ടാകാതെ നിന്നാൽ ആ നാണയങ്ങൾ സച്ചിനുള്ളതാണ്. അല്ലെങ്കിൽ സച്ചിനെ പുറത്താക്കിയ ബോളർക്കും. സച്ചിൻ ആ നാണയങ്ങളെ ഇപ്പോഴും വിലമതിക്കുന്നതിൽ എന്തിനതിശയം!

അടി, പ്രായശ്ചിത്തം

സച്ചിൻ ശാരദാശ്രമം സ്കൂളിന്റെ ബി ടീമിൽ കളിക്കുന്ന കാലം. സച്ചിന്റെ ടീമിനു വേണ്ടി അച്ച്‌രേക്കർ ഒരു മൽസരം സംഘടിപ്പിച്ചു. അതേ ദിവസം തന്നെയായിരുന്നു ഹാരിസ് ഷീൽഡ് ടൂർണമെന്റിന്റെ ഫൈനലിൽ സ്കൂളിന്റെ സീനിയർ ടീമിന്റെ ഫൈനൽ. കളി കാണാൻ ആവേശം മൂത്ത സച്ചിൻ സ്വന്തം മൽസരം മറന്ന് വാങ്കഡേയിലേക്കു പോയി. തിരിച്ചു വന്നപ്പോൾ അച്ച്‌രേക്കറുടെ ചോദ്യം: ‘എത്ര റൺസെടുത്തു?’. സച്ചിൻ അന്തിച്ചു പോയി. ‘ഞ​ാൻ കളിച്ചില്ല, കളി കാണാൻ പോയി, ഗാലറിയിലിരിക്കുകയായിരുന്നു’.

അന്നു കിട്ടിയ അടി ഒരിക്കലും മറന്നിട്ടില്ലെന്ന് സച്ചിൻ. പിൽക്കാലത്ത് ഹാരിസ് ഷീൽഡ് ടൂർണമെന്റിൽ തന്നെ സച്ചിൻ അതിനു പ്രായശ്ചിത്തം ചെയ്തു. 1988ൽ വിനോദ് കാംബ്ലിക്കൊപ്പം 664 റൺസിന്റെ ലോക റെക്കോർഡ് കൂട്ടുകെട്ട്. എന്നിട്ടു പോലും ‘നന്നായി കളിച്ചു’ എന്ന് അച്ച്‌രേക്കർ ഒരിക്കൽ പോലും തന്നോടു പറഞ്ഞിട്ടില്ല എന്ന് സച്ചിൻ വെളിപ്പെടുത്തിയിട്ടുണ്ട്.
ഉലയിൽ ഉരുരുകുന്തോറും തിളക്കമേറുന്ന ലോഹമാണ് സച്ചിനെന്ന് അന്നേ അച്ച്‌രേക്കർക്കു മനസ്സിലായിക്കാണണം!

പത്രത്തിലെ പേര് 

തന്റെ പേര് ആദ്യമായി പത്രത്തിൽ അച്ചടിച്ചുവന്ന ദിവസം സച്ചിന്റെ മനസിലുണ്ട്. അന്ന് നേടിയത് വെറും 24 റൺസ്. പത്രത്തിൽ പേരു വരണമെങ്കിൽ കുറഞ്ഞത് 30 റൺസ് നേടണമെന്ന്  വാർത്ത എടുക്കാനായി വന്നയാൾ കൊച്ചു സച്ചിനോട് പറഞ്ഞു. ആരും അറിയാതെ സ്‌കോർ 30 എന്നാക്കാമെന്നായി ഇരുവരും. എന്നാൽ പിറ്റേന്നു തന്നെ കോച്ച് അച്ച്‌രേക്കർ സച്ചിനെ പിടികൂടി– പത്രത്താളുകളിൽ പേരു കാണമെങ്കിൽ കൂടുതൽ സ്‌കോർ ചെയ്യൂ എന്ന ഉപദേശം.

2014ൽ, തന്റെ ആത്മകഥയായ ‘പ്ലേയിങ് ഇറ്റ് മൈ വേ’യുടെ പ്രകാശനചടങ്ങിലാണ് സച്ചിൻ ഈ സംഭവം വെളിപ്പെടുത്തിയത്. കളിക്കാലം കഴിഞ്ഞതിനു ശേഷവും സച്ചിൻ അച്ച്‌രേക്കറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എല്ലാ ഗുരുപൂർണിമ ദിവസങ്ങളിലും സച്ചിൻ അച്ച്‌രേക്കറുടെയടുത്തു പോയി അനുഗ്രഹം തേടി. ഭാര്യ അഞ്ജലി കഴിഞ്ഞാൽ സച്ചിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഏറ്റവും കൂടുതൽ ഇടം പിടിച്ചയാൾ അച്ച്‌രേക്കറാകും! 

മുംബൈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ

ഏറ്റവും പ്രശസ്തരായ ശിഷ്യർ സച്ചിനും വിനോദ് കാംബ്ലിയുമാണെങ്കിലും മുംബൈ ക്രിക്കറ്റിലെ മറ്റു പലതാരങ്ങളും അച്ച്‌രേക്കറുടെ ശിഷ്യരാണ്. മുംബൈ ദാദർ ശിവാജി പാർക്കിൽ കാമത്ത് മെമ്മോറിയൽ ക്രിക്കറ്റ് ക്ലബ് സ്ഥാപിച്ച അദ്ദേഹം പ്രവീൺ ആംറെ, ചന്ദ്രകാന്ത് പണ്ഡിറ്റ്, അജിത് അഗാർക്കർ, രമേഷ് പൊവാർ, അഭിഷേക് നയ്യാർ എന്നിവരെയും വാർത്തെടുത്തു. അച്ച്‌രേക്കറുടെ മകൾ കൽപനയും മരുമകൻ ദീപകുമാണ് ഇപ്പോൾ ക്ലബിന്റെ നടത്തിപ്പുകാർ. 

സ്വർഗത്തിലെ  ക്രിക്കറ്റ് ഇനി സമ്പന്നം..

അച്ച്‌രേക്കർ സാറിന്റെ സാന്നിധ്യം കൊണ്ട് സ്വർഗത്തിലെ ക്രിക്കറ്റ് ഇനി സമ്പന്നമാകും. അദ്ദേഹത്തിന്റെ കീഴിലാണ് ഞാൻ ക്രിക്കറ്റിന്റെ എബിസിഡി പഠിച്ചത്. അദ്ദേഹം നിർമിച്ച അടിത്തറയിലാണ് ഞാൻ എഴുന്നേറ്റു നിൽക്കുന്നത്. കഴിഞ്ഞ മാസം കൂട്ടുകാരോടൊത്ത് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. കളിയിലും ജീവിതത്തിലും ‘സ്ട്രെയ്റ്റ്’ ആയിരിക്കണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് അദ്ദേഹമാണ്. ജീവിതത്തിന്റെ ഇന്നിങ്സ് അദ്ദേഹം നന്നായി കളിച്ചിരിക്കുന്നു. എവിടെയായാലും അദ്ദേഹത്തിനറെ കോച്ചിങ് തുടരട്ടെ.. - സച്ചിൻ തെൻഡുൽക്കർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA