Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ജയസൂര്യ, ധോണി...; എല്ലാവരെയും പിന്നിലാക്കി കോഹ്‍ലി കുതിക്കുന്നു

Virat Kohli

വിശാഖപട്ടണം∙ വിരാട് കോഹ്‍ലി ഒരു സാധാരണ കളിക്കാരനല്ല. കോഹ്‍ലിയുടെ 10,000 റൺസ് ക്ലബ്ബിലേക്കുള്ള പ്രവേശനം ഒരു സാധാരണ സംഭവവുമല്ല. ഏകദിന കരിയറിലെ 205–ാം ഇന്നിങ്സിൽനിന്ന് കോഹ്‍ലി 10,000 റൺസ് പിന്നിടുമ്പോൾ, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരമെന്നതിനും അപ്പുറം ഒരുപിടി നേട്ടങ്ങൾ വേറെയുമുണ്ട്! ഏറ്റവും വേഗത്തിൽ 10,000 റൺസ് പിന്നിട്ടു എന്നതുതന്നെ അതിൽ പ്രധാനം. കോഹ്‍ലി 10,000 റൺസ് തികയ്ക്കും മുൻപ് സച്ചിൻ തെൻഡുൽക്കറായിരുന്നു വേഗത്തിൽ 10,000 റൺസ് തികച്ച താരം. 259 ഇന്നിങ്സിൽനിന്നാണ് സച്ചിൻ 10,000 കടന്നത്. എന്നാൽ സച്ചിനേക്കാൾ 54 ഇന്നിങ്സുകൾ കുറവു മാത്രമെടുത്താണ് കോഹ്‍ലി ഈ നേട്ടത്തിലെത്തിയത്.

205 ഇന്നിങ്സുകൾ പിന്നിടുന്ന സമയത്ത് സച്ചിന്റെ പേരിലുണ്ടായിരുന്നത് 7829 റൺസ് മാത്രമാണ്. അതായത് കോഹ്‍ലിയേക്കാൾ 2171 റൺസ് കുറവ്! സംഗക്കാര (6608), റിക്കി പോണ്ടിങ് (7537), ജയസൂര്യ (5658), ജയവർധനെ (5917), കാലിസ് (7656), രാഹുൽ ദ്രാവിഡ് (7003), ലാറ (7820), ദിൽഷൻ (6096), ധോണി (7616) എന്നിങ്ങനെയാണ് 205 ഇന്നിങ്സുകൾ പിന്നിടുമ്പോൾ മറ്റുള്ളവരുടെ സമ്പാദ്യം.

∙ 10,813 പന്തുകളിൽനിന്നാണ് കോഹ്‍ലി 10,000 റൺസ് പിന്നിട്ടത്. ഇതും റെക്കോർഡാണ്. 11,296 പന്തുകളിൽനിന്ന് നാഴികക്കല്ലു താണ്ടിയ മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യയെ പിന്നിലാക്കി.

∙ ഏറ്റവും കുറവ് ദിവസങ്ങൾകൊണ്ട് 10,000 പിന്നിട്ട താരവും കോഹ്‍ലിതന്നെ. അരങ്ങേറ്റത്തിനുശേഷം 3720 ദിവസത്തിനുള്ളിൽ കോഹ്‍ലി ഈ നാഴികക്കല്ലു താണ്ടി. 3970 ദിവസങ്ങൾകൊണ്ട് ഈ നേട്ടം കയ്യടിക്കിയ രാഹുൽ ദ്രാവിഡാണ് ഇക്കാര്യത്തിൽ കോഹ്‍ലിക്കു പിന്നിലായത്.

∙ 10,000 റൺസ് പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ റൺ ശരാശരി ഉള്ള താരവും കോഹ്‍ലി തന്നെ. 59.53 റൺസ് ശരാശരിയിലാണ് കോഹ്‍ലി 10,000 കടന്നത്. 51.30 റൺസ് ശരാശരിയിൽ ഈ നേട്ടം പിന്നിട്ട എം.എസ്. ധോണി പിന്നിലായി.

∙ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റുമായി 10,000 കടന്ന താരവും മറ്റാരുമല്ല. 92.85 ആണ് ഈ നാഴികക്കല്ലു താണ്ടുമ്പോൾ കോഹ്‍ലിയുടെ സ്ട്രൈക്ക് റേറ്റ്.

∙ 10,000 റൺസ് ക്ലബ്ബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും കോഹ്‍ലിയാണ്. 29 വർഷവും 353 ദിവസവും പ്രായമുള്ളപ്പോഴാണ് കോഹ്‍ലി 10,000 കടന്നത്. 27 വർഷവും 342 ദിവസവും പ്രായമുള്ളപ്പോൾ 10,000 കടന്ന സച്ചിനാണ് ഇക്കാര്യത്തിൽ മുന്നിൽ. പോണ്ടിങ് – 32 വർഷം 95 ദിവസം, ഗാംഗുലി 33 വർഷം 25 ദിവസം, ജാക്വസ് കാലിസ് – 33 വർഷം 99 ദിവസം എന്നിങ്ങനെയാണ് മറ്റു താരങ്ങൾ 10,000 റൺസ് പിന്നിടാനെടുത്ത പ്രായം.

∙ ഏറ്റവും വേഗത്തിൽ 5000 റൺസ് നേടിയ കാര്യത്തിൽ റിച്ചാർഡ്സിനും ഹാഷിം അംലയ്ക്കുമൊപ്പം രണ്ടാം സ്ഥാനത്താണ് കോഹ്‍ലി. 6000, 7000 റൺസ് നേട്ടങ്ങൾ പിന്നിടുമ്പോൾ അംലയ്ക്കു മാത്രം പിന്നിൽ രണ്ടാമത്. ഏറ്റവും വേഗത്തിൽ 8000, 9000, 10000 റൺസ് നേട്ടങ്ങൾ സ്വന്തമാക്കിയത് കോഹ്‍ലിയാണ്.

∙ ഏറ്റവും കൂടുതൽ സെഞ്ചുറികളുമായി 10,000 റൺസ് ക്ലബ്ബിലേക്കു പ്രവേശിച്ച താരവും കോഹ്‍ലിതന്നെ. 37 സെഞ്ചുറികളോടെയാണ് കോഹ്‍ലി 10,000 റൺസ് കടന്നത്. 28 സെഞ്ചുറികളുമായി 10,000 റൺസ് പിന്നിട്ട സച്ചിന്റെ റെക്കോർഡാണ് ഒൻപത് സെഞ്ചുറികൾ അധികം ചേർത്ത് കോഹ്‍ലി മറികടന്നത്.

ഏകദിന ക്രിക്കറ്റിൽ കോഹ്‍ലിയുടെ സമഗ്രാധിപത്യം പൂർണമാകാൻ താഴെയുള്ള കണക്കുകൾ കൂടി ശ്രദ്ധിക്കൂ:

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദിന ക്രിക്കറ്റിൽ

∙ കോഹ്‍ലിയേക്കാൾ റൺസ് നേടിയ താരങ്ങളില്ല (5272)

∙ കോഹ്‍ലിയേക്കാൾ റൺ ശരാശരിയുള്ള താരങ്ങളില്ല (70.29)

∙ കോഹ്‍ലിയേക്കാൾ സെഞ്ചുറി നേടിയ താരങ്ങളില്ല (21)

∙ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ കോഹ്‍ലിയേക്കാൾ ശരാശരിയിലുള്ളവരില്ല (75.79)

∙ വിജയിച്ച മൽസരങ്ങളിൽ കോഹ്‍ലിയേക്കാൾ ശരാശരിയുള്ളവരില്ല (93.00)

ഏകദിനത്തിൽ കോഹ്‍ലി മിന്നിത്തിളങ്ങിയ കാലയളവാണ് 2015 ഒക്ടോബർ മുതൽ 2018 ഒക്ടോബർ വരെ

∙ ഇക്കാലയളവിൽ 49 ഇന്നിങ്സുകളിൽനിന്നായി 94.16 റൺ ശരാശരിയിൽ കോഹ്‍ലി നേടിയത് 3390 റൺസാണ്. 15 സെഞ്ചുറികളും 100.74 സ്ട്രൈക്ക് റേറ്റും ഉൾപ്പെടെയാണിത്.

∙ ഇക്കാലയളവിൽ കോഹ്‍ലിക്കു പിന്നിൽ ഏറ്റവും കൂടുതൽ ശരാശരിയുള്ളത് ഇന്ത്യയുടെ തന്നെ രോഹിത് ശർമയ്ക്കാണ്. 66.63. അതായത് കോഹ്‍ലിയേക്കാൾ 28.53 ശതമാനം കുറവ്!

∙ കോഹ്‍ലിക്കൊപ്പം പ്രതിഭയുള്ള താരമായി പരിഗണിക്കപ്പെടുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഇക്കാലയളവിൽ നേടിയത് 2870 റൺസാണ്. കോഹ്‍ലിയേക്കാൾ 520 റൺസ് കുറവ്!

ഈ കലണ്ടർ വർഷത്തിൽ സ്വപ്ന സമാന കുതിപ്പിലാണ് കോഹ്‍ലി.

∙ 112, 46*, 160*, 75, 36, 129*, 75, 45, 71, 140, 157* എന്നിങ്ങനെയാണ് ഈ വർഷം കളിച്ച 11 ഇന്നിങ്സുകളിൽ കോഹ്‍ലിയുടെ പ്രകടനം. 149.42 റൺ ശരാശരിയിൽ 103.87 സ്ട്രൈക്ക് റേറ്റോടെ കോഹ്‍ലി ആകെ നേടിയത് 1046 റൺസ്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ 22 മൽസരങ്ങളിൽനിന്നു നേടിയത് 1026 റൺസ് മാത്രം.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും വേഗം 1000 റൺസ് പൂർത്തിയാക്കിയ റെക്കോർഡും ഇനി കോഹ്‌ലിക്ക്. 11 ഇന്നിങ്സിൽ 1000 കടന്ന കോഹ്‍ലി, 15 ഇന്നിങ്സിൽ മുൻപ് 1000 കടന്ന് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയ്ക്കൊപ്പം പങ്കുവച്ചിരുന്ന സ്വന്തം റെക്കോർഡാണ് തിരുത്തിയത്.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് പിന്നിട്ടവർ

∙ വിരാട് കോഹ്‍ലി – 11 ഇന്നിങ്സ് (2018)

∙ വിരാട് കോഹ്‍ലി – 15 ഇന്നിങ്സ് (2012)

∙ ഹാഷിം അംല – 15 ഇന്നിങ്സ് (2010)

∙ ഡേവിഡ് ഗോവർ – 17 ഇന്നിങ്സ് (1983)

∙ ഷെയ്ൻ വാട്സൻ – 17 ഇന്നിങ്സ് (2011)

∙ കുമാർ സംഗക്കാര – 17 ഇന്നിങ്സ് (2013)

∙ എ.ബി. ഡിവില്ലിയേഴ്സ് – 17 ഇന്നിങ്സ് (2015)

related stories