വിക്കറ്റ് കീപ്പർ ആയിട്ടല്ലെങ്കിൽ കാർത്തിക്കിനേക്കാൾ നല്ല‍ത് രാഹുൽ: ഗാംഗുലി

ലോകേഷ് രാഹുൽ, സൗരവ് ഗാംഗുലി, ദിനേഷ് കാർത്തിക്

മുംബൈ∙ അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ടീമിനെ രൂപപ്പെടുത്തുന്ന സാഹചര്യത്തിൽ, ഏഷ്യാകപ്പിൽ ദിനേഷ് കാർത്തിക്കിനേക്കാൾ നല്ലത് ലോകേഷ് രാഹുലിനെ ടീമിൽ ഉൾപ്പെടുത്തുന്നതാണെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി മഹേന്ദ്രസിങ് ധോണിയുള്ള സാഹചര്യത്തിൽ കാർത്തിക്കിനെ ബാറ്റ്സ്മാനായി മാത്രം ഉൾപ്പെടുത്തുന്നതിനേക്കാൾ ഉചിതം രാഹുലിനെ കളിപ്പിക്കുന്നതാണെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഇന്ത്യാ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് ഗാംഗുലി മനസ്സു തുറന്നത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഇല്ലാത്ത ഇന്ത്യൻ ബാറ്റിങ് ലൈനപ്പ് ഇപ്പോഴും ദുർബലമാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

‘ലോകകപ്പ് ക്രിക്കറ്റ് അടുത്തുവരവെ എന്നെ ആശങ്കപ്പെടുത്തുന്ന കാര്യം, കോഹ്‍ലിയുടെ അസാന്നിധ്യത്തിൽ ടീം ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ദുർബലമാകുന്നുവെന്നതാണ്. ദിനേഷ് കാർത്തിക് കരിയറിന്റെ അവസാന ഘട്ടത്തിലാണ്. മഹേന്ദ്രസിങ് ധോണി തന്റെ ഏറ്റവും മികച്ച ഫോമിന്റെ ഏഴയലത്തു പോലുമില്ല. കേദാർ ജാദവും അമ്പാട്ടി റായുഡുവും ആകട്ടെ തിരിച്ചുവരവിന്റെ പാതയിലും. ഏകദിന ഫോർമാറ്റുമായി ഇനിയും പൂർണമായും ഇഴുകിച്ചേർന്നിട്ടില്ലാത്ത ഈ നാലു പേരെ മധ്യനിരയിൽ കളിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ്. ടീമിന്റെ കാര്യത്തിൽ സിലക്ടർമാർ ചില ഒത്തുതീർപ്പുകൾക്കു വഴങ്ങുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. ഇക്കാര്യത്തിൽ നമ്മുടെ മനോഭാവം മാറിയേ തീരൂ’ – ഗാംഗുലി പറഞ്ഞു.

ഇന്ത്യൻ ടീമിൽ ദീർഘകാലം കളിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ ഇപ്പോഴത്തെ ടീമിലുള്ള എല്ലാ താരങ്ങളോടും തനിക്കു ബഹുമാനമുണ്ടെന്നും ഗാംഗുലി പറഞ്ഞു. എങ്കിലും, ദിനേഷ് കാർത്തിക്കിനു പകരം ലോകേഷ് രാഹുലിനെ ടീമിൽ ഉൾപ്പടുത്തുന്നതാണ് ഉചിതം. കാർത്തിക്കിന് കാര്യമായ രീതിയിൽ ടീമിന് സംഭാവന നൽകാനാകില്ലെന്ന് ഇംഗ്ലണ്ട് പര്യടനത്തിൽ വ്യക്തമായതാണ്. ലോകകപ്പ് മുന്നിൽക്കണ്ടാണ് ടീമിനെ കെട്ടിപ്പടുക്കുന്നതെങ്കിൽ, കാർത്തിക്കിനു മുൻപ് രാഹുലിന്റെയും ഋഷഭ് പന്തിന്റെയും പേരുകൾ പരിഗണിച്ചേ തീരൂ. വിക്കറ്റ് കീപ്പറിന്റെ ജോലി കൂടിയുണ്ടെങ്കിലേ കാർത്തിക്കിനെ ഉൾപ്പെടുത്തുന്നതിൽ കാര്യമുള്ളൂ. സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായിട്ടാണെങ്കിൽ നല്ലത് രാഹുൽ തന്നെയാണ്. മാത്രമല്ല, കാർത്തിക്കിന്റെ കരിയർ അവസാന ഘട്ടത്തിലുമാണ് – ഗാംഗുലി പറഞ്ഞു.