ഏഷ്യാകപ്പിൽ ടീമിനെ തിരഞ്ഞെടുക്കുന്നത് ആരാണ്? രോഹിതോ ശാസ്ത്രിയോ: ഗാംഗുലി

സൗരവ് ഗാംഗുലി, സഞ്ജയ് ബംഗാറും രവി ശാസ്ത്രിയും

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിയോട് ഒരു ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചാൽ എന്തായിരിക്കും ചോദിക്കുക? മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലിയോടാണ് ചോദ്യം. വേദി അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ‘എ സെഞ്ചുറി ഈസ് നോട്ട് ഇനഫ്’ പുറത്തിറക്കുന്ന ചടങ്ങ്. ചോദിച്ചു തീരും മുൻപേ മറുപടിയെത്തി:

‘യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഓരോ മൽസരത്തിലും ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് ആരാണെന്ന് ചോദിക്കും. പരിശീലകൻ രവി ശാസ്ത്രിയോ ക്യാപ്റ്റൻ രോഹിത് ശർമയോ എന്നാണ് അറിയേണ്ടത്.’

ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ സജ്ജമാക്കുന്ന ഘട്ടത്തിൽ ഒരു മൽസരത്തിൽ പോലും ലോകേഷ് രാഹുലിന് അവസരം നൽകാത്തതിനെ വിമർശിച്ച് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, ടീമിനെ തിരഞ്ഞെടുക്കുന്നത് ആരെന്ന് അറിയാന്‍ താൽപര്യമുണ്ടെന്ന പരാമർശം.

ക്രിക്കറ്റ് എന്നതും എക്കാലത്തും ക്യാപ്റ്റന്റെ കളിയാണെന്നും പരിശീലകന്റേതല്ലെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. പരിശീലകൻ എപ്പോഴും പിൻസീറ്റിൽ ഇരിക്കുന്നതാണ് ക്രിക്കറ്റിലെ ശരിയായ രീതിയെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. താരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവാണ് പരിശീലകർക്ക് മുഖ്യമായും വേണ്ടത്. ഇപ്പോഴത്തെ ക്രിക്കറ്റ് പരിശീലകരിൽ തീരെ കുറച്ചുപേർക്കു മാത്രമേ ഈ കഴിവുള്ളൂവെന്നും ഗാംഗുലി പറഞ്ഞു.

ക്രിക്കറ്റ് ഫുട്ബോൾ പോലെയല്ല. ഇപ്പോഴത്തെ പരിശീലകരിൽ മിക്കവരുടെയും ചിന്ത, ഫുട്ബോൾ പരിശീലകർ ചെയ്യുന്നതു പോലെ താനും ടീമിനെ മുന്നിൽനിന്നു നയിക്കുമെന്നാണ്. എന്നാൽ, ക്രിക്കറ്റ് എന്നത് ക്യാപ്റ്റന്റെ കളിയാണെന്നാണ് എന്റെ പക്ഷം. പരിശീലകർ എപ്പോഴും പിന്നോട്ടു മാറി നിൽക്കണം – ഗാംഗുലി പറഞ്ഞു.

കരിയറിൽ ലഭിച്ചിട്ടുള്ള ഏറ്റവും ഉപകാരപ്രദമായ ഉപദേശം എന്താണെന്ന ചോദ്യത്തിന്, ‘ഒരിക്കലും പരിശീലകനെ തിരഞ്ഞെടുക്കരുത്’ എന്നതായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.‌

കാർത്തിക്കിനു പകരം രാഹുൽ വരണം

നേരത്തെ, ദിനേഷ് കാർത്തിക്കിനു പകരം ലോകേഷ് രാഹുലിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ചും ഗാംഗുലി രംഗത്തെത്തിയിരുന്നു. ലോകകപ്പ് ക്രിക്കറ്റിനുള്ള ടീമിനെ രൂപപ്പെടുത്തുന്ന സാഹചര്യത്തിൽ, ഏഷ്യാകപ്പിൽ ദിനേഷ് കാർത്തിക്കിനേക്കാൾ നല്ലത് ലോകേഷ് രാഹുലിനെ ടീമിൽ ഉൾപ്പെടുത്തുന്നതാണെന്നായിരുന്നു പരാമർശം. സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി മഹേന്ദ്രസിങ് ധോണിയുള്ള സാഹചര്യത്തിൽ കാർത്തിക്കിനെ ബാറ്റ്സ്മാനായി മാത്രം ഉൾപ്പെടുത്തുന്നതിനേക്കാൾ ഉചിതം രാഹുലിനെ കളിപ്പിക്കുന്നതാണെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. വിരാട് കോഹ്‍ലി ഇല്ലാത്ത ഇന്ത്യൻ ബാറ്റിങ് ലൈനപ്പ് ഇപ്പോഴും ദുർബലമാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

‘ലോകകപ്പ് ക്രിക്കറ്റ് അടുത്തുവരവെ എന്നെ ആശങ്കപ്പെടുത്തുന്ന കാര്യം, കോഹ്‍ലിയുടെ അസാന്നിധ്യത്തിൽ ടീം ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ദുർബലമാകുന്നുവെന്നതാണ്. ദിനേഷ് കാർത്തിക് കരിയറിന്റെ അവസാന ഘട്ടത്തിലാണ്. മഹേന്ദ്രസിങ് ധോണി തന്റെ ഏറ്റവും മികച്ച ഫോമിന്റെ ഏഴയലത്തു പോലുമില്ല. കേദാർ ജാദവും അമ്പാട്ടി റായുഡുവും ആകട്ടെ തിരിച്ചുവരവിന്റെ പാതയിലും. ഏകദിന ഫോർമാറ്റുമായി ഇനിയും പൂർണമായും ഇഴുകിച്ചേർന്നിട്ടില്ലാത്ത ഈ നാലു പേരെ മധ്യനിരയിൽ കളിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ്. ടീമിന്റെ കാര്യത്തിൽ സിലക്ടർമാർ ചില ഒത്തുതീർപ്പുകൾക്കു വഴങ്ങുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. ഇക്കാര്യത്തിൽ നമ്മുടെ മനോഭാവം മാറിയേ തീരൂ’ – ഗാംഗുലി പറഞ്ഞു.

ഇന്ത്യൻ ടീമിൽ ദീർഘകാലം കളിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ ഇപ്പോഴത്തെ ടീമിലുള്ള എല്ലാ താരങ്ങളോടും തനിക്കു ബഹുമാനമുണ്ടെന്നും ഗാംഗുലി പറഞ്ഞു. എങ്കിലും, ദിനേഷ് കാർത്തിക്കിനു പകരം ലോകേഷ് രാഹുലിനെ ടീമിൽ ഉൾപ്പടുത്തുന്നതാണ് ഉചിതം. കാർത്തിക്കിന് കാര്യമായ രീതിയിൽ ടീമിന് സംഭാവന നൽകാനാകില്ലെന്ന് ഇംഗ്ലണ്ട് പര്യടനത്തിൽ വ്യക്തമായതാണ്. ലോകകപ്പ് മുന്നിൽക്കണ്ടാണ് ടീമിനെ കെട്ടിപ്പടുക്കുന്നതെങ്കിൽ, കാർത്തിക്കിനു മുൻപ് രാഹുലിന്റെയും ഋഷഭ് പന്തിന്റെയും പേരുകൾ പരിഗണിച്ചേ തീരൂ. വിക്കറ്റ് കീപ്പറിന്റെ ജോലി കൂടിയുണ്ടെങ്കിലേ കാർത്തിക്കിനെ ഉൾപ്പെടുത്തുന്നതിൽ കാര്യമുള്ളൂ. സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായിട്ടാണെങ്കിൽ നല്ലത് രാഹുൽ തന്നെയാണ്. മാത്രമല്ല, കാർത്തിക്കിന്റെ കരിയർ അവസാന ഘട്ടത്തിലുമാണ് – ഗാംഗുലി പറഞ്ഞു.