ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ്, ലങ്കയെ വീഴ്ത്തി അഫ്ഗാൻ; ക്രിക്കറ്റ് ഇവർക്കു കുട്ടിക്കളിയല്ല

അഫ്ഗാനിസ്ഥാൻ ടീം, ഹോങ്കോങ് ടീം.

'ഞങ്ങൾക്കു കൂടുതൽ നന്നായി കളിക്കണം. ഞങ്ങളുടെ കഴിവ് എത്രത്തോളമുണ്ടെന്ന് പുറംലോകത്തിനു കാണിച്ചു കൊടുക്കണം. കഴിഞ്ഞ ആറു മാസത്തിനിടെ കായികക്ഷമതയിൽ ഞങ്ങള്‍ ബഹുദൂരം മുന്നോട്ടുപോയി. ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തിന്റെ കാരണവും മറ്റൊന്നല്ല' – അഫ്ഗാനിസ്ഥാന്റെ സൂപ്പർ താരമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന റാഷിദ് ഖാന്റെ വാക്കുകളാണിത്. കലയും സംസ്കാരവും രാഷ്ട്രീയവുമെല്ലാം അരക്ഷിതമായിപ്പോയ ഒരു രാജ്യത്തിന്റെ ഊർജമത്രെയും ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് ആവാഹിച്ചാണ് അഫ്ഗാനിസ്ഥാന്റെ കുതിപ്പ്. ഏഷ്യ കപ്പിന് അഫ്ഗാൻ യോഗ്യത നേടിയപ്പോൾ മുതൽ, ഇതെല്ലാം ആരാധകർ പ്രതീക്ഷിച്ചിരുന്നു എന്നതാണ് യാഥാർഥ്യം.

പിച്ചവച്ചു തുടങ്ങിയതേയുള്ളൂവെങ്കിലും ട്വന്റി20യിലും ഏകദിനത്തിലും വമ്പൻമാരെ മുട്ടുകുത്തിച്ചിട്ടുണ്ട് ഈ കുഞ്ഞൻ‌ രാജ്യം. അഫ്ഗാന്‍കാർ‌ ക്രിക്കറ്റിനെ തങ്ങളുടെ പ്രാണനായി കണ്ടുതുടങ്ങിയിട്ടു വർഷം കുറച്ചായി. അതുകൊണ്ടുതന്നെ ഏഷ്യകപ്പില്‍ ശ്രീലങ്കയെയും ബംഗ്ലദേശിനെയും ഗ്രൂപ്പ് ഘട്ടത്തില്‍ തോൽപ്പിച്ച് അവർ സൂപ്പർ ഫോറിലേക്കു മുന്നേറിയപ്പോൾ അതിനെ വിശേഷിപ്പിക്കാൻ അധികമാരും 'അത്ഭുതം' എന്ന വാക്കുപയോഗിച്ചില്ല. പകരം പ്രതിഭയ്ക്കൊത്ത പ്രകടനമായി അതു വിശേഷിപ്പിക്കപ്പെട്ടു. പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം പുറത്തെടുക്കാൻ ശ്രീലങ്കയ്ക്ക് സാധിക്കാതെ പോയതും അഫ്ഗാന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. 

ബി ഗ്രൂപ്പിൽ ഒന്നാമതായാണ് അഫ്ഗാൻ സൂപ്പർ ഫോറിലെത്തിയത്. ബംഗ്ലദേശിനെതിരായ മൽസരം കഴിഞ്ഞശേഷം അഫ്ഗാൻ താരം റാഷിദ് ഖാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: ‘ബംഗ്ലദേശിനെതിരെയുള്ള ഈ വിജയത്തിനു ശേഷം 16 മണിക്കൂർ ഇടവേളയിൽ ഞങ്ങൾക്ക് പാക്കിസ്ഥാനെയും നേരിടണം. ഞങ്ങൾ പ്രഫഷനൽ കളിക്കാരാണ്. ഒരു മൽസരത്തിനു പിന്നാലെ വലിയ ഇടവേളയില്ലാതെ മറ്റൊന്നു കൂടി കളിക്കുകയെന്നതു പ്രശ്നമല്ല. ഇപ്പോൾ വേണമെങ്കിലും ഞങ്ങൾ അടുത്ത മല്‍സരം കളിക്കാൻ തയാറാണ്!

സൂപ്പർ ഫോറിലെ ആദ്യ രണ്ടു മൽസരങ്ങളും തോറ്റ് പുറത്തായെങ്കിലും അഫ്ഗാന്റെ തിളക്കം മങ്ങുന്നില്ല. ആദ്യ മൽസരത്തിൽ പാക്കിസ്ഥാനോടും രണ്ടാം മൽസരത്തിൽ ബംഗ്ലദേശിനോടും അവസാന ഓവർ വരെ പൊരുതിയാണ് അഫ്ഗാൻ പരാജയം രുചിച്ചത്. പാക്കിസ്ഥാനെതിരെ ശുഐബ് മാലിക്കിന്റെ ബാറ്റിങ്ങാണ് അഫ്ഗാനും വിജയത്തിനുമിടയിൽ വിലങ്ങുതടിയായതെങ്കിൽ ബംഗ്ലദേശിനെതിരെ അത് മുസ്താഫിസുർ റഹ്മാന്റെ കണിശതയാർന്ന അവസാന ഓവർ തോൽവിയിലേക്കു നയിച്ചു. വിജയം കുറിക്കപ്പെട്ട നിമിഷം വരെ തുല്യ സാധ്യതയുമായി പൊരുതിയാണ്, നിർഭാഗ്യം കൊണ്ടു മാത്രം അഫ്ഗാൻ അവസാന നിമിഷം തോറ്റവരുടെ നിരയിലായത്.

ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാന്റെ മൽസര ഫലങ്ങൾ

ഗ്രൂപ്പ് 

∙ ശ്രീലങ്കയ്ക്കെതിരെ 91 റൺസിന്റെ ജയം

∙ ബംഗ്ലദേശിനെതിരെ 136 റണ്‍സിന്റെ ജയം

സൂപ്പർ ഫോർ

∙ പാക്കിസ്ഥാനെതിരെ മൂന്നു വിക്കറ്റ് തോൽവി

∙ ബംഗ്ലദേശിനെതിരെ മൂന്നു റൺസ് തോൽവി

പാക്കിസ്ഥാൻ തുടക്കമിട്ടു, ഇന്ത്യ കൈപിടിച്ചു

അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റിന്റെ വേരുപാകിയത് പാക്കിസ്ഥാനാണ്. രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള അവരുടെ കുതിപ്പിന് ഇന്ധനമായതും തണലൊരുക്കിയതും പാക്കിസ്ഥാൻ തന്നെ. തുടക്കത്തിൽ അഫ്ഗാൻ സീനിയര്‍ ടീമിന്റെ കേന്ദ്രം പാക്കിസ്ഥാനിലെ ലഹോർ ആയിരുന്നു. പാക്കിസ്ഥാനുമായി പ്രശ്നങ്ങൾ ഉടലെടുത്തതോടെ ലഹോർ വിട്ട് അവർ ദുബായിലേക്ക് അഭയം തേടി.

അവിടുന്നങ്ങോട്ട് ഇന്ത്യയായി അവരുടെ ക്രിക്കറ്റിലെ വഴികാട്ടി. ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ അവർക്കു നൽകി. ഈ വർഷം ജൂണിൽ അഫ്ഗാന്റെ ആദ്യ ടെസ്റ്റ് മൽസരത്തിന് ആതിഥ്യം വഹിക്കുകയും ചെയ്തു.

രാജ്യാന്തര ക്രിക്കറ്റിലെ ഈ തകർപ്പൻ പ്രകടനം ഒരു ‘വൺ ടൈം വണ്ടറ’ല്ലെന്നും തെളിയിച്ചിരിക്കുന്നു അവർ. അണ്ടർ 19 ലോകകപ്പിൽ‌ അഫ്ഗാന്റെ കുട്ടികൾ ഇക്കുറി സെമി ഫൈനലിലെത്തി. നിലവിൽ സീനിയർ ടീമിൽ കളിക്കുന്ന മുജീബുർ റഹ്മാൻ ഉൾപ്പെടെയുള്ള താരങ്ങളാണ് അന്ന് അഫ്ഗാൻ ടീമിനെ മുന്നിലേക്ക് കൈപിടിച്ചത്. ട്വന്റി20 ക്രിക്കറ്റിൽ ലോക ഒന്നാം നമ്പർ ബോളറായ അഫ്ഗാന്റെ റാഷിദ് ഖാന് 20 വയസ്സ് പൂർത്തിയായത് ഏതാനും ദിവസം മുൻപാണ്. ഇവർ കുറച്ചുകാലം എന്തായാലും രാജ്യാന്തര ക്രിക്കറ്റിന്റെ ചുറ്റുവട്ടത്തു കാണുമെന്നു ചുരുക്കം.

ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് അധികൃതർ ടീമിലേക്ക് ആളെ കണ്ടെത്തുന്നത്. ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ഏറ്റവും പ്രചാരമുള്ള കായികയിനവും ക്രിക്കറ്റ് തന്നെ. 

ഏകദിനത്തിൽ അഫ്ഗാന്റെ പ്രധാന നേട്ടങ്ങൾ

∙ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രീമിയർ ലീഗ് –2014

∙സിംബാബ്‍വെയ്ക്കെതിരെ ഏകദിന പരമ്പര– 2015/16 (3-2)

∙ സ്കോട്ട്ലൻഡിനെതിരെ ഏകദിന പരമ്പര –2016 (1–0)

∙ സിംബാബ്‍വെയ്ക്കെതിരെ ഏകദിന പരമ്പര– 2016/17(3-2)

∙ അയർലൻഡിനെതിരെ ഏകദിന പരമ്പര– 2016/17(3-2)

∙  സിംബാബ്‍വെയ്ക്കെതിരെ ഏകദിന പരമ്പര– 2017/18 (4-1)

∙ ഐസിസി ക്രിക്കറ്റ് ലോകകപ്പ് യോഗ്യത 

∙ അയർലൻഡിനെതിരെ ഏകദിനപരമ്പര– 2018 (2–1)

ഹോങ്കോങ്ങിന് ഒന്നും 'ചെറിയ കളി'യല്ല

ക്രിക്കറ്റ് ലോകത്ത് തീർത്തും അപരിചിതമായ പേരാണ് ഹോങ്കോങ്. ഇതുവരെ ഏകദിന പദവി പോലും ലഭിച്ചിട്ടില്ലാത്ത രാജ്യം. ഏഷ്യ കപ്പിനുള്ള ആറാമത്തെ ടീമിനെ കണ്ടെത്താൻ നടത്തിയ യോഗ്യതാ റൗണ്ട് പോരാട്ടങ്ങളിൽ ജയിച്ചുകയറിയാണ് അവർ യുഎഇയിലെത്തിയത്. ഇത്തവണത്തെ ഏഷ്യ കപ്പിലൂടെ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് ചുവടുവച്ച ഹോങ്കോങ്ങിന്, ക്രിക്കറ്റ് തീരെ ചെറിയ കളിയല്ല!

ഏഷ്യ കപ്പ് യോഗ്യതാ റൗണ്ട് ഫൈനലിൽ ആതിഥേയരായ യുഎഇയെ വീഴ്ത്തിയാണ് ഹോങ്കോങ് ഫൈനൽ റൗണ്ടിനു യോഗ്യത നേടിയത്. യോഗ്യതാ മൽസരങ്ങളിൽ മലേഷ്യയ്ക്കെതിരെ മാത്രമാണ് ഹോങ്കോങ് പരാജയപ്പെട്ടത്. 2004ലും 2008ലും ഹോങ്കോങ് ഏഷ്യ കപ്പില്‍ പങ്കെടുത്തിട്ടുണ്ട്. അന്നെല്ലാം വൻ മാർജിനിൽ എതിരാളികളോടു തോൽക്കാനായിരുന്നു വിധി. ഇത്തവയും ലോക ക്രിക്കറ്റിലെ വമ്പൻമാരായ ഇന്ത്യയും പാക്കിസ്ഥാനും ഉള്ള ഗ്രൂപ്പിലായിരുന്നു ഹോങ്കോങ്ങിന്റെ സ്ഥാനം.

ടൂർണമെന്റിൽ നിന്ന് ആദ്യ റൗണ്ടിൽത്തന്നെ പുറത്തായെങ്കിലും ലോകക്രിക്കറ്റിൽ എന്തെങ്കിലുമാകാൻ ആഗ്രഹിക്കുന്ന ഏതു രാജ്യത്തിനും മാതൃകയാക്കാവുന്ന പ്രകടനമായിരുന്നു അവരുടേത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്കെതിരെ പുറത്തെടുത്ത പ്രകടനം തന്നെ ഉദാഹരണം. 

മൽസരത്തിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്തപ്പോൾ കുറഞ്ഞത് 100 റൺസിന്റെയെങ്കിലും വിജയമാണ് പ്രവചിക്കപ്പെട്ടത്. കളത്തിൽ കാര്യങ്ങൾ വ്യത്യസ്തമായി. പന്തുകൊണ്ടു പലകുറി ഇന്ത്യയെ വിറപ്പിച്ച ഹോങ്കോങ്, ബാറ്റിങ്ങിൽ അതിലേറെ അദ്ഭുതപ്പെടുത്തി. പരമാവധി പിടിച്ചുനിൽക്കുക, പതുക്കെ റൺസ് ഉയർത്തുക ഇതായിരുന്നു ഇന്ത്യയ്ക്കെതിരെ ഹോങ്കോങ് ഉയർത്തിയ തന്ത്രം. 174 റൺസ് കൂട്ടുകെട്ടിനൊടുവിലാണ് ഹോങ്കോങ്ങിന് ആദ്യ വിക്കറ്റ് നഷ്ടമായതു തന്നെ. ഓപ്പണർ‌മാരായ നിസാകത് ഖാനും ക്യാപ്റ്റൻ അൻഷുമാൻ രഥും നിലയുറപ്പിച്ചതോടെ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബോളർമാർ പെടാപ്പാടു പെട്ടു.

ഇന്ത്യയുയർത്തിയ 285 റൺസ് പിന്തുടർന്ന അവർ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 259 റൺസാണ് അടിച്ചെടുത്തത്. ഏകദിന ചരിത്രത്തിൽ ഹോങ്കോങ്ങിന്റെ ഏറ്റവും ഉയർന്ന സ്കോറുകളിൽ ഒന്നുമായിരുന്നു ഇത്. ഇന്ത്യയ്ക്കു വമ്പൻ വിജയം പ്രവചിച്ചവർ, 26 റണ്‍സിന്റെ ജയം കണ്ട് ആശ്വസിച്ചു. തോറ്റില്ലല്ലോ! ഇന്ത്യയ്ക്കെതിരെ പന്തെറിഞ്ഞപ്പോൾ അവസാന 10 ഓവറിൽ ഹോങ്കോങ് ബോളർമാര്‍ വിട്ടുകൊടുത്തത് വെറും 48 റൺസാണ്. ഇന്ത്യൻ മധ്യനിരയെ വട്ടംചുറ്റിച്ച അവർ‌ വിക്കറ്റു വീഴ്ത്തുന്നതിലും ശ്രദ്ധ കാട്ടി.

പ്രായമാണ് ഹോങ്കോങ്ങിനു പ്രതീക്ഷ നൽകുന്ന മുഖ്യ ഘടകം. ഇന്ത്യയ്ക്കെതിരായ മൽസരം കളിക്കാനിറങ്ങിയ ടീമിൽ ഭൂരിഭാഗം പേരും ഇരുപത്തഞ്ചു വയസ്സിൽ താഴെയുള്ളവരായിരുന്നു. അവരുടെ ക്യാപ്റ്റൻ അൻഷുമാൻ രഥിന് പ്രായം 20 മാത്രം. അനുഭവക്കരുത്തിൽ‌ പിന്നിലാണെങ്കിലും യുവത്വത്തിന്റെ കരുത്തിനെ മുതലെടുക്കാനായാല്‍ ഈ ടീം വിജയങ്ങളിലൂടെ ഞെട്ടിക്കും, ഉറപ്പ്. 

ഏഷ്യ കപ്പിൽ ഹോങ്കോങ്ങിന്റെ പ്രകടനം 

∙ പാക്കിസ്ഥാനോട് എട്ടു വിക്കറ്റിനു തോറ്റു

∙ ഇന്ത്യയോട് 26 റൺസിനു തോറ്റു (ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്)

ഇന്ത്യയ്ക്കെതിരായ പ്രകടനം ഇനി ജീവവായു

ക്രിക്കറ്റിനു വലിയ സ്വീകാര്യതയൊന്നും ഇല്ലാത്ത പ്രദേശമാണ് ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്. ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ ദൗർലഭ്യവും സാമ്പത്തിക പ്രശ്നങ്ങളുമാണ് ടീമിനെ ഏറ്റവും കൂടുതൽ അലട്ടുന്നത്. ഉള്ള ഗ്രൗണ്ടുകൾ തന്നെ ചെറുതും സ്വകാര്യ ഉടമസ്ഥതയിലുമുള്ളതാണ്. സിന്തറ്റിക് വിക്കറ്റുകളിലെ പരിശീലനം ഹോങ്കോങ്ങിന്റെ പ്രകടനത്തിലും നിഴലിക്കുന്നുണ്ട്.

ഇന്ത്യയ്ക്കെതിരായ വീറുറ്റ പ്രകടനത്തോടെ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ടീം സ്വപ്നം കാണുന്നത്. ടൂർണമെന്റുകളുടെ കുറവും ഹോങ്കോങ് ടീമിന്റെ മറ്റൊരു പ്രശ്നമാണ്. ഏഷ്യ കപ്പിനു ശേഷം ഹോങ്കോങ്ങിനു മുന്നിലുള്ള അടുത്ത പരമ്പര ലോക ട്വന്റി20 ചാംപ്യൻഷിപ്പാണ്. അതിനാകട്ടെ, ഇനി ഒരു വർഷത്തിലധികം സമയവുമുണ്ട്. ശ്രമിച്ചാൽ, രാജ്യാന്തര ക്രിക്കറ്റിന്റെ മുഖ്യധാരയിൽ ഹോങ്കോങ് സ്ഥിരം പേരാകുന്ന കാലം വിദൂരമല്ല.