Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ടർ–19 ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിനു വേണ്ടി മലപ്പുറത്തു നിന്നൊരു സെഞ്ചുറി!

devdutt-padikkal ദേവദത്ത്

ജനിച്ച നാട്ടിലായിരുന്നെങ്കിൽ ദേവദത്ത് ഇപ്പോൾ ഒരു ഫുട്ബോൾ താരമായേനേ, കാരണം മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് ഫുട്ബോൾ ടീമിന്റെ കടുത്ത ആരാധകനാണ് ഈ മലപ്പുറം എടപ്പാൾ സ്വദേശി. പക്ഷേ ദേവദത്ത് താമസിക്കുന്നതു ബെംഗളൂരുവിലാണ്. പഠിച്ചത് രാഹുൽ ദ്രാവിഡ് വിദ്യാർഥിയായിരുന്ന അതേ സെന്റ് ജോസഫ് ബോയ്സ് സ്കൂളിലും. അങ്ങനെ ഫുട്ബോളിനു പകരം ദേവദത്ത് ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്തു. ആ ‘ബാറ്റു’ കൊണ്ടാണ് ഇന്നലെ അണ്ടർ–19 ഏഷ്യ കപ്പിൽ യുഎഇയ്ക്കെതിരെ അടിച്ചുതകർത്തു സെഞ്ചുറി നേടിയത്! 

ഒൻപതാം വയസ്സിൽ ഒരു അവധിക്കാലത്താണു ദേവദത്ത് ക്രിക്കറ്റിനോടു കാര്യമായി കൂട്ടുകൂടുന്നത്. അന്ന് മാതാപിതാക്കൾക്കൊപ്പം ഹൈദരാബാദിലായിരുന്നു ദേവദത്ത്. പതിനൊന്നാം വയസ്സിലാണു ബെംഗളൂരുവിലെത്തിയത്. സ്കൂൾ ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ ആദ്യം കർണാടക അണ്ടർ–14 ടീമിൽ ഇടംപിടിച്ചു. അതിനുശേഷം ഒരു സിക്സർ വേഗത്തിലായി കരിയറിലെ വളർച്ച. ഈ വർഷം അണ്ടർ–19 കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കു വഴിതുറന്നത്. ടൂർണമെന്റിൽ 829 റൺസുമായി ടോപ് സ്കോറർമാരിൽ നാലാം സ്ഥാനത്തായിരുന്നു. കരുത്തരായ മുംബൈയ്ക്കെതിരെ നേടിയ 185 റൺസും അസമിനെതിരെ നേടിയ 208 റൺസും അതിലുൾപ്പെടും. 

കർണാടക പ്രീമിയർ ലീഗിൽ ബെല്ലാരി ടസ്കേഴ്സിന്റെ താരമാണു ദേവദത്ത്. സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുനും ടീമിലുണ്ട്. പഠിച്ചതു ദ്രാവിഡിന്റെ സ്കൂളിലാണെങ്കിലും സച്ചിനാണ് ദേവദത്തിന്റെ ഇഷ്ടതാരം. കഴിഞ്ഞ വർഷം ഞാനും അർജുനും ക്യാംപിലായിരുന്നപ്പോൾ സച്ചിൻ അവിടെ വന്നിരുന്നു. അന്ന് നേരിട്ടു സംസാരിച്ചു, ഫോട്ടോയെടുത്തു. ദേവദത്തിന്റെ കളിശൈലി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിന്റേതുപോലെയാണെന്ന‌ു പരിശീലകനായ ഇർഫാൻ സെയ്ത്ത് പറയുന്നു–മികച്ച ഫ്രണ്ട് ഫൂട്ട് പ്ലെയറാണു ദേവദത്ത്. നല്ല കരുത്തുള്ള ഷോട്ടുകൾ കളിക്കാൻ മിടുക്കൻ. ഏതു ഗ്രൗണ്ടിലും സിക്സറടിക്കാൻ കെൽപ്പുള്ളവൻ. സെയ്ത്തിന്റെ വാക്കുകൾ.

related stories