Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റൻ രോഹിത്; ടീം ഇന്ത്യ! അവസാന പന്തു വരെ പൊരുതി നേടിയ കിരീടം

ASIA CUP-Indian Cricket team ഇന്ത്യൻ ടീം ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങുന്നു.

ദുബായ്∙ അവസരം കിട്ടുമ്പോൾ ഇനിയും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹമുണ്ടെന്ന് രോഹിത് ശർമ. വിരാട് കോഹ്‌ലി വിട്ടു നിന്നതിനാൽ ഏഷ്യ കപ്പിൽ  ഇന്ത്യയെ നയിച്ച രോഹിത് കിരീടനേട്ടത്തിനു ശേഷമാണ് മനസ്സു തുറന്നത്. കോഹ്‌ലി ഉൾപ്പെടെ സീനിയർ താരങ്ങളിൽ പലർക്കും വിശ്രമം അനുവദിച്ച സാഹചര്യത്തിൽ ടീമിനെ നയിക്കുക എന്നത് എളുപ്പമായിരുന്നില്ലെന്നും രോഹിത് കൂട്ടിച്ചേർത്തു. ഫൈനലിൽ ആവേശം അവസാന പന്തുവരെ നീണ്ട കളിയിൽ മൂന്നു വിക്കറ്റിനാണ് ബംഗ്ലദേശിനെ ഇന്ത്യ കീഴടക്കിയത്. മഹ്മദുല്ല എറിഞ്ഞ അവസാന ഓവറിൽ മൂന്നു വിക്കറ്റ് കൈയിലിരിക്കെ ആറു റൺസാണ് ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. 

ആദ്യ പന്തിൽ കുൽദീപ് യാദവും രണ്ടാം പന്തിൽ കേദാർ ജാദവും സിംഗിളെടുത്തു. മൂന്നാം പന്തിൽ രണ്ടു റൺസ് നേടിയ കുൽദീപിന് നാലാം പന്തിൽ റൺ നേടാനായില്ല. അഞ്ചാം പന്തിൽ കുൽദീപ് വീണ്ടും സിംഗിളെടുത്തതോടെ ജാദവിനു സ്ട്രൈക്ക്, ഇന്ത്യയ്ക്കു വേണ്ടത് ഒരു പന്തിൽ ഒരു റൺസ്. മഹ്മദുല്ലയുടെ അവസാന പന്ത് ജാദവിന്റെ ബാറ്റിൽ കൊണ്ടില്ല, പക്ഷേ പാഡിൽത്തട്ടി പിന്നോട്ടുപോയതോടെ ബാറ്റ്സ്മാൻമാർ വീണ്ടും സിംഗിളെടുത്തു! സ്റ്റേഡിയത്തിലെ ഇന്ത്യൻ ആരാധകർ ആർത്തിരമ്പി. സ്കോർ ബംഗ്ലദേശ് 48.5 ഓവറിൽ 222നു പുറത്ത്. ഇന്ത്യ 50 ഓവറിൽ ഏഴിന് 223. 

രോഹിത് ശർമ (48), ദിനേശ് കാർത്തിക് (37), എം.എസ്.ധോണി (36) എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ ഇന്നിങ്സുകൾ കളിക്കാനാകാതെ പോയതാണ് ഇന്ത്യൻ വിജയം അവസാന പന്തിലേക്കു നീട്ടിയത്. ധോണി പുറത്താകുകയും ബാറ്റിങ്ങിനിടെ പേശിക്കു പരുക്കേറ്റ് കേദാർ ജാദവ് മടങ്ങുകയും ചെയ്തതോടെ തകർച്ചയെ നേരിട്ട ഇന്ത്യയെ മൽസരത്തിലേക്കു തിരിച്ചെത്തിച്ചത് ആറാം വിക്കറ്റിൽ ഒത്തുചേർന്ന രവീന്ദ്ര ജഡേജയും (23), ഭുവനേശ്വർ കുമാറുമാണ് (21). വിജയത്തിന് 11 റൺസ് വേണ്ടപ്പോൾ ജഡേജ പുറത്തായതോടെയാണ് ജാദവ് (23*) വീണ്ടും ബാറ്റിങ്ങിനെത്തിയത്. 

ജാദവിന്റെ വലതു തുടയിലെ പേശികൾക്കേറ്റ പരുക്കിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലേ ലഭ്യമാകൂ.നേരത്തെ ഓപ്പണർ ലിറ്റൺ ദാസിന്റെ (121) സെഞ്ചുറിയുടെ മികവിൽ മികച്ച സ്കോറിലേക്കു കുതിച്ച ബംഗ്ലദേശ് അവിശ്വസനീയമാംവിധം തകർന്നടിയുകയായിരുന്നു. 

വിക്കറ്റ്  നഷ്ടം കൂടാതെ 120 റൺസ് എന്ന നിലയിൽ നിന്ന് പിന്നീട് 102 റൺസ് കൂടി ചേർക്കുന്നതിനിടെ അവർക്ക് പത്തു വിക്കറ്റുകളും നഷ്ടമായി. 

ലിറ്റൻ ദാസിനു പുറമെ മെഹ്ദി ഹസൻ (32), സൗമ്യ സർക്കാർ (33) എന്നിവർ മാത്രമാണു രണ്ടക്കം കണ്ടത്. മൂന്നു വിക്കറ്റെടുത്ത കുൽദീപും രണ്ടു വിക്കറ്റെടുത്ത ജാദവുമാണു ബംഗ്ലദേശിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ലിറ്റൻ ദാസ് മാൻ ഓഫ് ദ് മാച്ചായപ്പോൾ രണ്ടു സെഞ്ചുറിയടക്കം 342 റൺസടിച്ച ശിഖർ ധവാനാണു ടൂർണമെന്റിലെ താരം.