അതേക്കുറിച്ച് പറഞ്ഞ് പിഴശിക്ഷ വാങ്ങാൻ ഞാനില്ല: അംപയർമാരെ ‘കൊട്ടി’ ധോണി

അഫ്ഗാൻ താരം ജാവേദ് അഹ്‌മദിയുടെ പന്തിൽ ധോണിയെ ഔട്ട് വിളിച്ചെങ്കിലും അത് ഔട്ടായിരുന്നില്ലെന്ന് റീപ്ലേയിൽ തെളിഞ്ഞപ്പോൾ.

ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരായ മൽസരത്തിൽ തെറ്റായ തീരുമാനങ്ങളിലൂടെ ഇന്ത്യയുടെ വിജയം തട്ടിക്കളഞ്ഞ അംപയർമാരെ‍ ‘കൊട്ടി’ മൽസരത്തിൽ ഇന്ത്യയെ നയിച്ച മഹേന്ദ്രസിങ് ധോണി. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞ് പിഴശിക്ഷ ക്ഷണിച്ചുവരുത്താൻ താൽപര്യമില്ലെന്ന് മൽസരശേഷം ധോണി പ്രതികരിച്ചു. ധോണിയും ദിനേഷ് കാർത്തിക്കും അംപയർമാരുടെ തെറ്റായ തീരുമാനത്തിലൂടെയാണ് അഫ്ഗാനിസ്ഥാനെതിരെ പുറത്തായത്. ഈ സാഹചര്യത്തിലാണ് അംപയർമാരെ പരോക്ഷമായി വിമർശിച്ച് ധോണി രംഗത്തെത്തിയത്.

ഫൈനൽ ഉറപ്പിച്ചതിനാൽ പ്രമുഖ താരങ്ങൾക്കു വിശ്രമം നൽകി ഇറങ്ങിയ ഇന്ത്യയെ, അവസാന ഓവറിലെ സമ്മർദ്ദ നിമിഷങ്ങൾ അതിജീവിച്ച് അഫ്ഗാനിസ്ഥാൻ സമനിലയിൽ കുരുക്കുകയായിരുന്നു. ഇരു ടീമുകളും 252 റൺസ് വീതം നേടിയാണ് മൽസരം ടൈയിൽ അവസാനിച്ചത്. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം മഹേന്ദ്രസിങ് ധോണി ഇന്ത്യയെ നയിക്കുന്നതിനും മൽസരം വേദിയായി. ധോണി ഇന്ത്യയെ നയിച്ച 200–ാം മൽസരം കൂടിയായിരുന്നു ഇത്. ഇതോടെ, ഏകദിനത്തിൽ ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം, 200ൽ അധികം ഏകദിനങ്ങളിൽ നായകനായ മൂന്നാമത്തെ മാത്രം താരം തുടങ്ങിയ നേട്ടങ്ങളും ധോണി സ്വന്തമാക്കി.

എന്നാൽ, മൽസരത്തിനിടെ ധോണി ഉൾപ്പെടെ രണ്ട് ഇന്ത്യൻ താരങ്ങളെ ഔട്ടല്ലാത്ത പന്തിൽ ഔട്ട് വിളിച്ച വെസ്റ്റ് ഇൻഡീസ് അംപയർ ഗ്രിഗറി ബ്രാത്‍വയ്റ്റ്, ബംഗ്ലദേശ് അംപയർ അനീസുർ റഹ്മാൻ എന്നിവരുടെ നടപടി ഇന്ത്യൻ ആരാധകരുടെ കടുത്ത വിമർശനം വരുത്തിവച്ചിരുന്നു. മൽസരം നിർണായ ഘട്ടത്തിലെത്തി നിൽക്കെയാണ് ഇന്ത്യൻ ഇന്നിങ്സിനെ താങ്ങിനിർത്തിയ ധോണിയെ ബ്രാത്‍‌വയ്റ്റും അധികം വൈകാതെ ദിനേഷ് കാർത്തിക്കിനെ അനീസുർ റഹ്മാനും എൽബിയിൽ ‘കുരുക്കിയത്’. പാർട് ടൈം ഓഫ് സ്പിന്നർ ജാവേദ് അഹ്മദിയുടെ പന്തിലാണ് ധോണിയെ ബ്രാത്‍വയ്റ്റ് ഔട്ട് വിളിച്ചത്. പിന്നാലെ മുഹമ്മദ് നബിയുടെ പന്തിൽ ദിനേഷ് കാർത്തിക്കിനെ അനീസുർ റഹ്മാനും ഔട്ട് വിളിച്ചു.

പിന്നീട് റീപ്ലേ പരിശോധിച്ചപ്പോൾ ഇരുവരും പുറത്തല്ലെന്ന് വ്യക്തമായിരുന്നു. ധോണിയെ ഔട്ട് വിളിച്ച അഹ്മദിയുടെ പന്ത് സ്റ്റംപിന് മുകളിലേക്കാണ് പോയത്. കാർത്തിക്കിനെ പുറത്താക്കിയ നബിയുടെ പന്തും സ്റ്റംപിൽനിന്ന് ഇഞ്ചുകൾക്കു പുറത്തായിരുന്നു. എന്നാൽ, ടീമിന്റെ ഏക റിവ്യൂ ഓപ്പണർ ലോകേഷ് രാഹുൽ ഉപയോഗിച്ച് പാഴാക്കിയതിനാൽ ഇരുവർക്കും റിവ്യൂവിന് പോകാനുമായില്ല. മൽസരശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് എന്തെങ്കിലും പറഞ്ഞ് പിഴശിക്ഷ വാങ്ങാൻ താൽപര്യമില്ലെന്ന്’ ധോണി വ്യക്തമാക്കിയത്.

‘ചില റണ്ണൗട്ടുകൾ മൽസരത്തിൽ നിർണായകമായി. മറ്റു ചില കാര്യങ്ങളും തോൽവിയിൽ ഘടകമായി. ഇതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് പിഴശിക്ഷയ്ക്കു വിധേയനാകാൻ എനിക്കു താൽപര്യമില്ല’ – ഇതായിരുന്നു ധോണിയുടെ വാക്കുകൾ. മൽസരത്തിനിടെ അംപയർമാർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ വിമർശിക്കുന്നത് ഐസിസിയുടെ നടപടി വിളിച്ചുവരുത്താനിടയുള്ള സാഹചര്യത്തിലായിരുന്നു ധോണിയുടെ വാക്കുകൾ.

അതേസമയം, അഫ്ഗാനിസ്ഥാന്റെ പ്രകടനത്തെ ധോണി വാനോളം പുകഴ്ത്തുകയും ചെയ്തു.

‘അവരുടെ (അഫ്ഗാനിസ്ഥാന്റെ) കളി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഏഷ്യാകപ്പിൽ തുടക്കം മുതൽ അവർ പുറത്തെടുക്കുന്ന പ്രകടനം അഭിനന്ദനീയമാണ്. സമീപകാലത്ത് ക്രിക്കറ്റിൽ ഏറ്റവുമധികം വളർന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ’ – ധോണി ചൂണ്ടിക്കാട്ടി.

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും അഫ്ഗാൻ പുറത്തെടുത്ത പ്രകടനത്തെ ധോണി പുകഴ്ത്തി. അവർ വളരെ മികച്ച രീതിയിലാണ് ബാറ്റു ചെയ്തത്. കളി പുരോഗമിക്കുന്തോറും പിച്ച് പതുക്കെയായെങ്കിലും അവർ ബോളിങ്ങിലും മികച്ചുനിന്നു. ഫീൽഡിങ്ങിലും അവരുടെ പ്രകടനം കടുപ്പമേറിയതായിരുന്നു – ധോണി പറഞ്ഞു.

ഇന്ത്യ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയതും കളിയെയും മൽസര ഫലത്തേയും സ്വാധീനിച്ചെന്ന് ധോണി ചൂണ്ടിക്കാട്ടി. വിജയലക്ഷ്യം പിന്തുടരുന്നതിൽ നമുക്കു പിഴവു സംഭവിച്ചതായി തോന്നുന്നില്ല. നമ്മുടെ മുഴുവൻ ടീമും കളത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഓർക്കണമെന്നും ധോണി പറഞ്ഞു.