Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ–പാക്ക് പോരാട്ടം തൽക്കാലം മറക്കാം; ഇന്ത്യ–അഫ്ഗാൻ പോരാണ് പോര്!

india-vs-afghanistan-2 മൽസരം ടൈയിൽ അവസാനിച്ചശേഷം അഫ്ഗാൻ താരങ്ങൾക്ക് ഹസ്തദാനം നൽകുന്ന ഖലീൽ അഹമ്മദ്.

ദുബായ്∙ ആവേശം അവസാന ഓവർ വരെയെന്നൊക്കെ ക്രിക്കറ്റ് വാർത്തകളിൽ എത്ര തവണ നാം വായിച്ചിരിക്കുന്നു. ഈ വായനകളെയൊക്കെ മറക്കാതെ തന്നെ പറയട്ടെ, ആവേശം അവസാന ഓവറിൽ എന്ന പ്രയോഗം ക്രിക്കറ്റ് കളത്തിൽ അതിന്റെ പൂർണാർഥത്തിൽ വെളിവായ ദിവസമായിരുന്നു ഇന്നലെ. ഫലം അപ്രസക്തമായിരുന്നെങ്കിലും കളത്തിലെ ആവേശത്തെ അതു കെടുത്താതിരുന്ന മൽസരത്തിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ടൈയിൽ പിരിയുകയായിരുന്നു. ആദ്യന്തം ഒപ്പത്തിനൊപ്പം പൊരുതിയ രണ്ടു ടീമുകൾക്കും ഈ ഫലം വിധി കാത്തുവച്ച കാവ്യനീതിയുമായി.

ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാൻ പതിവുപോലെ ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണർ മുഹമ്മദ് ഷെഹ്സാദിന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ ചിറകിലേറി നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ നേടിയത് 252 റൺസ്. മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമിട്ട ഇന്ത്യ, അവസാന ഓവറിന്റെ സമ്മർദ്ദം താങ്ങാനാകാതെ 49.5 ഓവറിൽ ഇതേ സ്കോറിൽ പുറത്തായി.

ഏഷ്യാകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ ആവേശപ്പോരാട്ടങ്ങൾക്കായി കാത്തിരുന്നവർക്കു മുന്നിൽ, ക്രിക്കറ്റ് ആവേശത്തിന്റെ യഥാർഥ വിരുന്നൊരുക്കിയാണ് അഫ്ഗാൻ താരങ്ങളുടെ മടക്കം. ഇക്കുറി ഇന്ത്യ–പാക് പോരാട്ടങ്ങളെല്ലാം തീർത്തും ഏകപക്ഷീയമായി മാറിയതോടെ, ആരാധകർക്ക് എന്നെന്നും ഓർമിക്കാനുതകുന്ന മൽസരം സമ്മാനിക്കാൻ അഫ്ഗാനിസ്ഥാൻ തന്നെ വേണ്ടിവന്നു. സൂപ്പർ ഫോറിലെ ആദ്യ രണ്ടു മൽസരങ്ങളിൽ പാക്കിസ്ഥാനും ബംഗ്ലദേശിനുമെതിരെ അവസാന ഓവർ വരെ പൊരുതിയെങ്കിലും തോൽവി വഴങ്ങേണ്ടി വന്നതോടെയാണ് അഫ്ഗാൻ ടൂർണമെന്റിനു പുറത്തായത്. ഇനി കുറച്ചുകാലം ഇവിടെയൊക്കെ കാണുമെന്ന ഓർമപ്പെടുത്തലുമായാണ് അഫ്ഗാൻ ഏഷ്യാകപ്പിനോടു വിടപറയുന്നത്.

∙ അവസാന ഓവർ ഡ്രാമ

റാഷിദ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് ഏഴു റൺസാണ്. കൈവശമുണ്ടായിരുന്നത് ഒരേയൊരു വിക്കറ്റും. ഒരു വർഷത്തിലേറെ നീണ്ടുനിന്ന ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ശേഷം മൂന്നാമത്തെ മാത്രം മൽസരം കളിക്കുന്ന രവീന്ദ്ര ജഡേജയും കരിയറിലെ രണ്ടാമത്തെ രാജ്യാന്തര ഏകദിനം കളിക്കുന്ന ഖലീൽ അഹമ്മദുമായിരുന്നു ഈ സമയത്ത് ക്രീസിൽ.

49.1 – അഫ്താബ് ആലം എറിഞ്ഞ 49–ാം ഓവറിന്റെ അവസാന പന്തിൽ സിംഗിൾ നേടിയതിനാൽ രവീന്ദ്ര ജഡേജ തന്നെ ക്രീസിൽ. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായി ബാറ്റിങ്ങിന് ഇറങ്ങിയ ഖലീൽ അഹമ്മദ്. റാഷിദ് ഖാന്റെ ആദ്യ പന്ത് ജഡേജ ലെഗ് സൈഡിലേക്ക് തട്ടിയിട്ടു. സിംഗിളിനുള്ള അവസരമുണ്ടായിരുന്നെങ്കിലും ജഡേജ ക്രീസിൽത്തന്നെ നിന്നു. ഇതോടെ ഇന്ത്യയ്ക്ക് ജയത്തിലേക്കു വേണ്ടത് അഞ്ചു പന്തിൽ ഏഴു റൺസ്.

rashid-khan-celebration

49.2 – ആദ്യ പന്തിൽ സിംഗിൾ നിരസിച്ചത് വെറുതെയല്ലെന്ന് വ്യക്തമാക്കി അടുത്ത പന്തിൽ ജഡേജയുടെ മികച്ചൊരു ഷോട്ട്. ലെഗ് സൈഡിലേക്ക് ഉയർത്തിവിട്ട പന്ത് ബൗണ്ടറി ലൈനിന് തൊട്ടരികിൽ പതിച്ചു. സിക്സാണോ ഫോറാണോ എന്ന ആകാംക്ഷയിൽ ആരാധരും താരങ്ങളും കാത്തുനിൽക്കെ പലകുറി റീപ്ലേ ചെയ്ത് അംപയർമാർ നൽകിയത് ഫോർ മാത്രം. പവലിയനിൽ രോഹിത് ശർമയുടെ മുഖത്ത് ഞെട്ടൽ.

49.3 – മൂന്നാം പന്ത് സ്ക്വയർ ലെഗ്ഗിലേക്ക് തട്ടിയിട്ട് ജഡേജ സിംഗിളിനോടി. ഇതോടെ ഇന്ത്യയ്ക്ക് ജയിക്കാൻ നാലു പന്തിൽ രണ്ടു റൺസ്. ക്രീസിൽ ഖലീൽ അഹമ്മദ്.

49.4 – രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ പന്തു നേരിടുന്ന ഖലീൽ അഹമ്മദിനെ ഗൂഗ്ലിയിലൂടെ സ്വാഗതം ചെയ്ത് റാഷിദ് ഖാന്റെ ബോളിങ്. പന്ത് ഇൻസൈഡ് എഡ്ജായി ഫൈൻ ലെഗ്ഗിലേക്ക്. ഇന്ത്യയ്ക്ക് ഒരു റൺ കൂടി. ഇതോടെ സ്കോർ തുല്യമായി. ഇന്ത്യയ്ക്ക് വിജയത്തിലേക്ക് രണ്ടു പന്തിൽ ഒരു റൺ മാത്രം. ക്രീസിൽ ജഡേജ.

43.5 – കൈവിട്ടെന്നു കരുതിയ മൽസരം തിരിച്ചുപിടിച്ചിതിന്റെ ആവേശത്തിൽ ഇന്ത്യൻ ആരാധകർ. ജയിച്ചെന്നു കരുതിയ മൽസരം കൈവിട്ടുവെന്ന തോന്നലിൽ നിരാശയോടെ അഫ്ഗാൻ ആരാധകർ. എന്നാൽ, റാഷിദിന്റെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ ജഡേജയ്ക്ക് പിഴച്ചു. ജഡേജ പുൾ ചെയ്ത പന്ത് മിഡ്‌ വിക്കറ്റിൽ നജീബുല്ലയുടെ കൈകളിലേക്ക്. യാതൊരു പിഴവും കൂടാതെ നജീബുല്ല പന്ത് കയ്യിലൊതുക്കി. 34 പന്തിൽ അവസാന ഓവറിലെ ഒരേയൊരു ബൗണ്ടറി സഹിതം 24 റൺസുമായി ജഡേജ പുറത്ത്. കളത്തിൽ റാഷിദ് ഖാന്റെ ആവേശ പ്രകടനം. ഗാലറിയിൽ അഫ്ഗാൻ ആരാധകരുടെ ആവേശത്തിരയിളക്കം. ഇന്ത്യൻ മുഖങ്ങളിൽ നിരാശ.

∙ നയിക്കാൻ വീണ്ടും ധോണി

നേരത്തേ തന്നെ ഫൈനൽ ഉറപ്പിച്ചതിനാൽ ടീമിൽ സമഗ്രമായ അഴിച്ചുപണി നടത്തിയാണ് ഇന്ത്യ അഫ്ഗാനെതിരെ ഇറങ്ങിയത്. ക്യാപ്റ്റൻ സ്ഥാനത്ത് നീണ്ട ഇടവേളയ്ക്കുശേഷം മഹേന്ദ്രസിങ് ധോണിയെത്തിയപ്പോൾ, ഇതുവരെ അവസരം ലഭിക്കാത്തവർക്ക് ടീമിൽ ഇടം ലഭിച്ചു. 200–ാം ഏകദിനത്തിലാണ് ധോണി ഇന്ത്യയെ നയിച്ചതെന്ന പ്രത്യേകതയുമുണ്ട്. പ്രമുഖ താരങ്ങൾ വിശ്രമിച്ചതോടെ ഇന്ത്യൻ നിരയിൽ യുവതാരം ദീപക് ചാഹറിന്റെ അരങ്ങേറ്റത്തിനും വഴിയൊരുങ്ങി. ഏകദിനത്തിൽ ഇന്ത്യൻ ജഴ്സിയണിയുന്ന 223–ാമത്തെ താരമായി ചാഹർ.

dhoni-captain

പാക്കിസ്ഥാനെതിരായ രണ്ടാം മൽസരത്തിൽ ജയിച്ച ടീമിൽ ആകെ അഞ്ചു മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ഏഷ്യാ കപ്പിലെ ആദ്യ മൽസരത്തിൽ ഹോങ്കോങ്ങിനെതിരെ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഖലീൽ അഹമ്മദും ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയ്ക്കു പുറമെ ഓപ്പണർ ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹൽ എന്നിവർക്കും ഇന്ത്യ വിശ്രമം അനുവദിച്ചു. ചാഹറിനു പുറമെ ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ, ഖലീൽ അഹമ്മദ്, സിദ്ധാർഥ് കൗൾ എന്നിവരും ടീമിലെത്തി.

∙ ഒറ്റയാൾ പോരാട്ടവുമായി ഷെഹ്സാദ്

ടോസ് നേടിയ അഫ്ഗാൻ നായകൻ അസ്ഗർ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ബോളിങ് ഓപ്പൺ ചെയ്ത പുതുമുഖ താരങ്ങളായ ഖലീൽ അഹമ്മദിനെയും അരങ്ങേറ്റ താരം ദീപക് ചാഹറിനെയും നിഷ്കരുണം ശിക്ഷിച്ച മുഹമ്മദ് ഷെഹ്സാദ് മികച്ച തുടക്കമാണ് അഫ്ഗാന് സമ്മാനിച്ചത്. അർധസെഞ്ചുറിക്ക് തൊട്ടരികെ അമ്പാട്ടി റായുഡു ഷെഹ്സാദിനെ കൈവിടുകയും ചെയ്തു. ഒരു വശത്ത് തകർത്തടിച്ച ഷെഹ്സാദിന് പിന്തുണ നൽകിവന്ന ജാവേദാണ് അഫ്ഗാൻ ഇന്നിങ്സിൽ ആദ്യം പുറത്തായത്. ജഡേജയുടെ പന്തിൽ ധോണി സ്റ്റംപു ചെയ്ത് പുറത്താക്കുമ്പോൾ 30 പന്തിൽ അഞ്ചു റൺസ് മാത്രമായിരുന്നു സമ്പാദ്യം.

Mohammad–Shahzad

പിന്നാലെ രണ്ടു റൺസിനിടെ മൂന്ന് അഫ്ഗാൻ വിക്കറ്റുകൾ പിഴുത ഇന്ത്യ അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കി. സ്കോർ 81ൽ നിൽക്കെ റഹ്മത്ത് ഷായെ ജഡേജ ക്ലീൻ ബോൾഡാക്കി. ഒരു റണ്ണു കൂടി ചേർത്ത് ഹഷ്മത്തുല്ല ഷാഹിദി, ക്യാപ്റ്റൻ അസ്ഗർ അഫ്ഗാൻ എന്നിവർ ‘സംപൂജ്യ’രായി മടങ്ങി. ഷാഹിദിയെ കുൽദീപ് യാദവിന്റെ പന്തിൽ ധോണി സ്റ്റംപു ചെയ്ത് പുറത്താക്കിയപ്പോൾ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാൻ നേരിട്ട ആദ്യ പന്തിൽ ക്ലീൻ ബോൾഡായി.

അഞ്ചാം വിക്കറ്റിൽ ഗുൽബാദിൻ നയിബിനൊപ്പം വീണ്ടും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഷെഹ്സാദ് പാക് സ്കോർ 100 കടത്തി. ഷെഹ്സാദ് സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ ഗുൽബാദിൻ പുറത്തായി. അരങ്ങേറ്റ താരം ദീപക് ചാഹറിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ 46 പന്തിൽ ഒരു ബൗണ്ടറി സഹിതം നേടിയ 15 റൺസായിരുന്നു നയിബിന്റെ സമ്പാദ്യം. മുഹമ്മദ് നബിക്കൊപ്പം മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടിന്റെ പടിവാതിൽക്കൽ നിൽക്കെ ഷെഹ്സാദിനെ കേദാർ ജാവദ് പുറത്താക്കി. ജാദവിന്റെ പന്തിൽ സിക്സിനു ശ്രമിച്ച ഷെഹ്സാദ് കാർത്തിക്കിന്റെ കൈകളിലൊതുങ്ങി.

mohammad-shahzad-century

ഏഴാം വിക്കറ്റിൽ ഒരുമിച്ച മുഹമ്മദ് നബി–നജീബുല്ല സഖ്യവും മികച്ച പോരാട്ടം കാഴ്ച വച്ചതോടെ അഫ്ഗാൻ 200 കടന്നു. ഒടുവിൽ സ്കോർ 226ൽ നിൽക്കെ നജീബുല്ലയെ പുറത്താക്കി ജഡേജ കൂട്ടുകെട്ടു പൊളിച്ചു. 20 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 20 റൺസുമായി നജീബുല്ലയാണ് പുറത്തായത്. ഇരുവരും ചേർന്ന് അഫ്ഗാൻ ഇന്നിങ്സിൽ കൂട്ടിച്ചേർത്തത് 46 റൺസ്. 12–ാം ഏകദിന അർധസെഞ്ചുറിയുമായി ഖലീൽ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് മുഹമ്മദ് നബിയും കൂടാരം കയറിയതോടെ അവസാന ഓവറുകളിൽ അഫ്ഗാന് പ്രതീക്ഷിച്ച രീതിയിൽ റൺനിരക്ക് ഉയർത്താനായില്ല. 56 പന്തിൽ മൂന്നു ബൗണ്ടറിയും നാലു സിക്സും സഹിതം 64 റൺസെടുത്താണ് നബി മടങ്ങിയത്. റാഷിദ് ഖാൻ 12 റൺസുമായും അഫ്താബ് അഞ്ചു റൺസുമായും പുറത്താകാതെ നിന്നു.

∙ മികച്ച തുടക്കം, പിന്നെ തകർച്ച

സ്ഥിരം ഓപ്പണർമാരായ രോഹിത് ശർമ–ശിഖർ ധവാൻ സഖ്യത്തിന്റെ അഭാവത്തിൽ 253 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി, ലോകേഷ് രാഹുൽ–അമ്പാട്ടി റായുഡു സഖ്യമാണ് അഫ്ഗാനെതിരെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. പരമ്പരയിലാദ്യമായി അവസരം കിട്ടിയ രാഹുലും, ടീമിലുണ്ടെങ്കിലും ടൂർണമെന്റിലെ ആദ്യ മൽസരത്തിനുശേഷം ബാറ്റിങ്ങിൽ കാര്യമായ അവസരം കിട്ടാത്ത റായുഡുവും അതീവ ശ്രദ്ധയോടെയാണ് ബാറ്റിങ് തുടങ്ങിയത്. ട്രാക്കിലായതോടെ സ്കോർ ബോർഡിലേക്കു റണ്ണൊഴുക്കിയ ഇരുവരും ഒൻപതാം ഓവറിൽ ഇന്ത്യൻ സ്കോർ 50 കടത്തി. തുടർച്ചയായ നാലാം മൽസരത്തിലാണ് ഇന്ത്യ ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തത്.

rayudu-rahul

16–ാം ഓവറിന്റെ രണ്ടാം പന്തിൽ ഇന്ത്യൻ സ്കോർ 100 കടന്നു. ഇന്ത്യയ്ക്ക് തുടർച്ചയായ നാലാം അർധസെഞ്ചുറി കൂട്ടുകെട്ട്. ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ആദ്യം റായുഡുവാണ് അർധസഞ്ചുറി പിന്നിട്ടത്. 43 പന്തിൽ മൂന്നു ബൗണ്ടറിയും നാലു സിക്സും സഹിതമാണ് റായുഡു 50 കടന്നത്. സ്കോർ 110ൽ നിൽക്കെ റായുഡു മടങ്ങി. 49 പന്തിൽ നാലു വീതം ബൗണ്ടറിയും സിക്സും സഹിതം 57 റൺസെടുത്ത റായുഡുവിനെ മുഹമ്മദ് നബിയുടെ പന്തിൽ നജീബുല്ല ക്യാച്ചെടുത്തു പുറത്താക്കി. തുടർന്നെത്തിയ ദിനേഷ് കാർത്തിക്കിനെ കൂട്ടുപിടിച്ച് രാഹുലും അർധസെഞ്ചുറിയിലെത്തി. 55 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് രാഹുൽ ഏകദിനത്തിലെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറിയിലെത്തിയത്.

സ്കോർ 127ൽ നിൽക്കെ രാഹുലും പുറത്തായി. റാഷിദ് ഖാന്റെ പന്തിൽ റിവേഴ്സ് സ്വീപ്പ് കളിക്കാൻ ശ്രമിച്ച രാഹുൽ എൽബിയിൽ കുരുങ്ങി. അംപയറിന്റെ തീരുമാനം രാഹുൽ റിവ്യൂ ചെയ്തെങ്കിലും ഫലമുണ്ടായില്ല. 66 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 60 റൺസുമായി രാഹുൽ മടങ്ങി. സ്കോർ 142ൽ നിൽക്കെ നിർഭാഗ്യകരമായ രീതിയിൽ ക്യാപ്റ്റൻ ധോണി മടങ്ങി. 17 പന്തിൽ എട്ടു റൺസെടുത്ത ധോണിയെ ജാവേദ് അഹ്മദി എൽബിയിൽ കുരുക്കിയതായി അംപയർ വിധിച്ചെങ്കിലും ഇത് ഔട്ടായിരുന്നില്ലെന്ന് റീപ്ലേയിൽ വ്യക്തമായി. ഇന്ത്യയ്ക്ക് റിവ്യൂ അവശേഷിച്ചിട്ടില്ലാത്തതിനാൽ ധോണി മടങ്ങി. കാര്യമായ സംഭാവന കൂടാതെ മനീഷ് പാണ്ഡെയും കൂടാരം കയറിയോടെ ഇന്ത്യ വീണ്ടും തകർന്നു. 15 പന്തിൽ എട്ടു റൺസെടുത്ത പാണ്ഡെയെ അഫ്താബ് ആലം വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിച്ചു.

തുടർന്ന് ക്രീസിൽ ഒരുമിച്ച ദിനേഷ് കാർത്തിക്–കേദാർ ജാദവ് സഖ്യം കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ സ്കോർ 200 കടത്തിയെങ്കിലും ഒരു റണ്ണിന്റെ ഇടവേളയിൽ രണ്ടുപേരും മടങ്ങിയത് ഇന്ത്യയ്ക്ക് ക്ഷീണമായി. 26 പന്തിൽ 19 റൺസുമായി ജാദവ് റണ്ണൗട്ടായപ്പോൾ, 66 പന്തിൽ നാലു ബൗണ്ടറികളോടെ 44 റൺസെടുത്ത കാർത്തിക് അംപയറുടെ തെറ്റായ തീരുമാനത്തിൽ എൽബിയിൽ കുരുങ്ങി. റിവ്യൂ അവശേഷിക്കാത്തതിനാൽ ധോണിക്കു പിന്നാലെ കാർത്തിക്കിനും തെറ്റായ തീരുമാനത്തിൽ മടക്കം.

അരങ്ങേറ്റ താരം ദീപക് ചാഹർ ജഡേജയ്ക്കൊപ്പം 21 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും അഫ്താബ് ആലത്തിന്റെ പന്തിൽ ബൗൾഡായി മടങ്ങി. 14 പന്തിൽ ഒരു ബൗണ്ടറി സഹിതം 12 റൺസുമായാണ് ചാഹർ പുറത്തായത്. കുൽദീപ് യാദവ് (11 പന്തിൽ ഒൻപത്), സിദ്ധാർഥ് കൗൾ (പൂജ്യം) എന്നിവർ 49–ാം ഓവറിൽ റണ്ണൗട്ടായതോടെ മൽസരം ആവേശകരമായി. അവസാന ഓവറിൽ വിജയത്തിലേക്ക് ഏഴു റൺസ് വേണ്ടിയിരുന്നെങ്കിലും ആറു റൺസ് നേടി ജഡേജ പുറത്തായതോടെ മൽസരം ടൈയിൽ.

related stories