അരങ്ങേറ്റ ടെസ്റ്റിൽ ബിലാൽ ‘ആറാം തമ്പുരാൻ’; ഓസീസ് 202 റൺസിന് പുറത്ത്

ഓസ്ട്രേലിയയ്ക്കെതിരെ ആറു വിക്കറ്റ് വീഴ്ത്തിയ ബിലാൽ ആസിഫിസിന്റെ ആഹ്ലാദം.

ദുബായ് ∙ മുപ്പത്തിമൂന്നാം വയസ്സിൽ ആദ്യ ടെസ്റ്റ് കളിക്കുന്ന ബിലാൽ ആസിഫിന്റെ ഓഫ് സ്പിന്നിനു മുന്നിൽ ഓസ്ട്രേലിയ തകർന്നടിഞ്ഞു. ഉസ്മാൻ ഖവാജയും ആരൻ ഫിഞ്ചും 142 റൺസിന്റെ മികച്ച തുടക്കം നൽകിയിട്ടും പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 202ന് പുറത്തായി. 280 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാമതു ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ മൂന്നാം ദിവസം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 45 റൺസെടുത്തിട്ടുണ്ട്. 

വിക്കറ്റ് നഷ്ടമില്ലാതെ 30 റൺസുമായി ഇന്നലെ ബാറ്റിങ് തുടർന്ന ഓസീസ്, ഖവാജയുടെയും (85) ഫിഞ്ചിന്റെയും (62) അർധ സെഞ്ചുറികളുടെ കരുത്തിൽ ആദ്യ സെഷനിൽ പാക്ക് ബോളർമാരെ നന്നായി പ്രതിരോധിച്ചു. 142ൽ ഫിഞ്ചിനെ പുറത്താക്കി മുഹമ്മദ് അബ്ബാസ് പാക്കിസ്ഥാനു വഴിതുറന്നു. ബിലാൽ അസിഫിന്റെ വേട്ടയായിരുന്നു പിന്നീട്. 60 റൺസു കൂടി എടുക്കുന്നതിനിടയ്ക്ക് ഓസീസിന് എല്ലാ വിക്കറ്റും നഷ്ടമായി. 21.3 ഓവറിൽ 36 റൺസ് വഴങ്ങി ബിലാൽ ആറു വിക്കറ്റെടുത്തു. ബാക്കി നാലു വിക്കറ്റും ഫാസ്റ്റ് ബോളർ മുഹമ്മദ് അബ്ബാസിനാണ്.

സ്കോർ: പാക്കിസ്ഥാൻ 482, മൂന്നിന് 45; ഓസ്ട്രേലിയ 202 (ഖവാജ 85, ഫിഞ്ച് 62, ബിലാൽ ആസിഫ് 36ന് ആറ്, മുഹമ്മദ് അബ്ബാസ് 29ന് നാല്)