ദുബായിൽ പാക്കിസ്ഥാന് വിജയത്തിലേക്കു വേണ്ടത് ഏഴു വിക്കറ്റ്; ഓസീസിന് 326 റൺസും

ഓസ്ട്രേലിയയ്ക്കെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാക്കിസ്ഥാൻ താരങ്ങൾ.

ദുബായ് ∙ 7 പന്തിനിടെ 3 വിക്കറ്റുകൾ. ഫാസ്റ്റ് ബോളർ മുഹമ്മദ് അബ്ബാസിന്റെ തീപ്പൊരി ബോളിങ്ങിൽ ഓസ്ട്രേലിയയുടെ മൂന്നു വിക്കറ്റുകൾ ചാരമായപ്പോൾ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാനു വിജയപ്രതീക്ഷ. വിജയലക്ഷ്യമായ 462 റൺസ് എന്ന വലിയ സ്കോർ ലക്ഷ്യമിടുന്ന ഓസ്ട്രേലിയയ്ക്ക് ഇന്നലെ ആരോ‍ൺ ഫിഞ്ച് (49), ഷോൺ മാർഷ് (പൂജ്യം), മിച്ചൽ മാർഷ് (പൂജ്യം) എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളാണു നഷ്ടമായത്.

മൂന്നും നേടിയത് ഏഴു പന്തുകൾക്കിടെ മുഹമ്മദ് അബ്ബാസ്. അർധസെഞ്ചുറിയുമായി ഉസ്മാൻ ഖവാജയും (50) ഒപ്പം ട്രാവിസ് ഹെഡുമാണ് (34) ക്രിസീൽ. ഇരുവരും ചേർന്നു നാലാം വിക്കറ്റിൽ നേടിയ 49 റൺസിന്റെ കൂട്ടുകെട്ട് നല്ല സൂചനയാണ്. ഈ കൂട്ടുകെട്ട് അവസാന ദിനമായ ഇന്നും തുടരാനായാൽ ഓസ്ട്രേലിയയ്ക്ക് തോൽവി ഒഴിവാക്കാം. ഏഴു വിക്കറ്റുകൾ ശേഷിക്കെ, വിജയത്തിലേക്ക് 326 റൺസിന്റെ അകലത്തിലാണിപ്പോൾ സന്ദർശകർ. 

സ്കോർ: പാക്കിസ്ഥാൻ–482, ആറിനു 181 ഡിക്ലയേഡ്. ഓസ്ട്രേലിയ– 202, മൂന്നിനു 136. 

ഇന്നലെ മൂന്നിനു 45 എന്ന നിലയിൽ തുടങ്ങിയ പാക്കിസ്ഥാൻ പെട്ടെന്നു സ്കോറിങ് അവസാനിപ്പിച്ചു.  

ഓസീസിന്റെ രണ്ടാം ഇന്നിങ്സിൽ, ഓപ്പണർ ആരോൺ ഫിഞ്ചിനു തൊട്ടുപിന്നാലെ മാർഷ് സഹോദരന്മാർ റണ്ണെടുക്കാതെ പുറത്തായതാണു പാക്കിസ്ഥാനു കളിയിൽ മേധാവിത്തം നൽകിയത്. വിക്കറ്റു നഷ്ടപ്പെടാതെ 87 നിൽക്കെ, ഓസീസ് പെട്ടെന്നു മൂന്നിന് 87ലേക്ക് മൂക്കുംകുത്തി വീണു.