മൽസരത്തിനിടെ മൈതാനത്ത് കോഹ്‍ലിയെ ചുംബിക്കാൻ ആരാധകന്റെ ശ്രമം – ചിത്രങ്ങൾ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്തിറങ്ങിയ ആരാധകൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‍ലിയെ ചുംബിക്കാൻ ശ്രമിക്കുന്നു.

ഹൈദരാബാദ്∙ ഇന്ത്യ–വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കോഹ്‍ലിയോടുള്ള ആരാധന മൂത്ത് യുവ ആരാധകൻ മൈതാനത്തിറങ്ങി. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റു ചെയ്യുന്നതിനിടെയാണ് കാണികളിലൊരാൾ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്ത് ഇറങ്ങിയത്. ഓടി കോഹ്‍ലിക്കു സമീപമെത്തിയ ഇയാൾ, താരത്തെ കെട്ടിപ്പിടിച്ചു ചുംബിക്കാൻ ശ്രമിച്ചു.

ആരാധകന്റെ പരാക്രമത്തിൽ അസ്വസ്ഥനായ കോഹ്‍ലി ഉന്തിമാറ്റാൻ ശ്രമിച്ചെങ്കിലും സെൽഫി കൂടി പകർത്താനായിരുന്നു യുവാവിന്റെ ശ്രമം. അപ്പോഴേക്കും ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പുറത്തേക്കു കൊണ്ടുപോയി. നേരത്തെ, രാജ്കോട്ടിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടയിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് മൽസരത്തിനിടെ മൈതാനത്തിറങ്ങിയ രണ്ട് ആരാധകർ കോഹ്‍ലിക്കൊപ്പം സെൽഫിയെടുത്തിരുന്നു.