മനോഭാവം മാറ്റണം; ഇല്ലാതെ വിൻഡീസ് രക്ഷപ്പെടില്ല: ഗാവസ്കർ

അടുത്തടുത്ത രണ്ട് ടെസ്റ്റ് കളിക്കേണ്ടിവരുമ്പോൾ ആദ്യ ടെസ്റ്റ് തോറ്റ അതിഥി ടീമിന് ടീമിന്റെ സന്തുലനം സംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ സമയം ലഭിക്കാറില്ല. ഫോമിലല്ലാത്ത കളിക്കാരന് ഉടനെ അടുത്ത  ടെസ്റ്റ് കളിക്കേണ്ടിവരുന്നു. പകരക്കാരനാകേണ്ടയാൾക്കു കഴിവു തെളിയിക്കാൻ ഇതിനിടെ അവസരവും ലഭിക്കാറില്ല. രണ്ടു ടെസ്റ്റുകൾക്കിടെ ഒരു പരിശീലനമത്സരം ഉണ്ടായിരുന്നെങ്കിൽ കളിക്കാർക്ക് ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് അവസരമൊരുങ്ങിയേനേ. അത്യന്തം തിരക്കേറിയ ഇപ്പോഴത്തെ സമയക്രമത്തിനിടെ ഇതിനു സാധ്യതയില്ല.

സെപ്റ്റംബറിൽ ആഭ്യന്തര തിരക്കൊഴിയുന്ന ഇംഗ്ലണ്ട് ടീമിനു മാത്രമാണ് പര്യടനം നടത്തുന്ന രാജ്യത്ത് നേരത്തെ എത്താനും പരിശീലന മത്സരങ്ങൾ കളിച്ച് സാഹചര്യവുമായി പൊരുത്തപ്പെടാനും അവസരം ലഭിക്കുക. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമിനെ നേരിടാൻ ഇന്ത്യയിലെത്തും മുൻപ് വീൻഡീസ് ദുബായിൽ ദ്വിദിന പരിശീലന മത്സരം കളിച്ചെങ്കിലും ഗുണപ്പെട്ടില്ല. രാജ്കോട്ടിൽ അവർ പൂർണ പരാജയമായി. എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള വെസ്റ്റ് ഇൻഡീസ് ടീമുകൾക്ക് നാണക്കേടാകുന്ന പ്രകടനം. അന്ന് എതിരാളികളെ മൂന്നും നാലും ദിവസങ്ങൾക്കുള്ളിൽ തകർത്തു ജയം ആഘോഷിച്ചിരുന്ന വിൻഡീസ് ഇപ്പോൾ മൂന്നു ദിവസത്തിനുള്ളിൽ തോറ്റു മടങ്ങുന്നു.

ഹൈദരാബാദിൽ ഇന്ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ വിൻഡീസ് ടീമിൽ നിന്ന് എന്താണു പ്രതീക്ഷിക്കാനുള്ളത്? പരിചയസമ്പന്നരായ കെമർ റോച്ചും ജയ്സൻ ഹോൾഡറും തിരിച്ചെത്തുന്നതോടെ ബോളിങ് മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കാം. ഹോൾഡർ തരക്കേടില്ലാത്ത ബാറ്റ്സ്മാനുമാണ്. ഫോമിനേക്കാൾ കളിക്കാരുടെ മനോഭാവമാണ് പ്രസക്തമാവുക. രാജ്കോട്ടിലെ ഫ്ലാറ്റ് പിച്ചിൽ ബൗൺസർ കൊണ്ട് ഇന്ത്യയുടെ ബാറ്റ്സ്മാൻമാരെ പരീക്ഷിക്കാൻ വിൻഡീസ് ശ്രമിച്ചതേയില്ല.

തീർത്തും നിരാശാജനകമായ ബാറ്റിങ് കൂടിയായപ്പോൾ അവരുടെ പതനം പൂർണമായി. എത്രയും വേഗം പവലിയനിൽ തിരിച്ചെത്താനുള്ള തിടുക്കം കാണിച്ചാണ് അവർ ബാറ്റുചെയ്തത്. സ്പിന്നർമാരെ അമിതമായി തുണയ്ക്കുന്ന പിച്ചായിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു.

ഉയർത്തിയടിച്ചു വിക്കറ്റു കളഞ്ഞുകുളിക്കുന്ന മനോഭാവത്തിനു മാറ്റമുണ്ടായാലേ ഹൈദരാബാദിൽ മത്സരമുണ്ടാകൂ. ഇന്ത്യയുടെ ഏക പ്രശ്നം ഇന്നിങ്സ് തുറക്കാൻ രാഹുലിനെ അയയ്ക്കണോ അതോ മായങ്ക് അഗർവാളിന് അവസരം നൽകണമോ എന്നതു മാത്രം. ബോളിങ് നിര ഭദ്രം.