ഓരോവറിൽ ആറു സിക്സ്, 12 പന്തിൽ അർധസെഞ്ചുറി; അഫ്ഗാൻ താരത്തിന് റെക്കോർഡ്

റെക്കോർഡ് കുറിച്ച സസായിയുടെ പ്രകടനം.

ഷാർജ ∙ ഒരു ഓവറിലെ ആറു പന്തും സിക്സിനു പറത്തി അഫ്ഗാനിസ്ഥാൻ താരം ഹസ്റത്തുല്ല സസായ് ലോക റെക്കോർഡിനൊപ്പം. ഈ വർഷം തുടക്കമായ അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗിലാണ് (എപിഎൽ) സസായിയുടെ റെക്കോർഡ് പ്രകടനം. 12 പന്തിൽ അർധസെഞ്ചുറി പിന്നിട്ട സസായി, ഇക്കാര്യത്തിൽ ഇന്ത്യൻ താരം യുവരാജ് സിങ്, വിൻഡീസ് താരം ക്രിസ് ഗെയ്‍‌ൽ എന്നിവരുടെ പേരിലുള്ള ട്വന്റി20 റെക്കോർഡിനൊപ്പമെത്തി. നേരത്തെ, നന്‍ഗഡ്ഹർ ലിയോപാർഡ്സിനെതിരെ സെഞ്ചുറി നേടിയ സസായി, എപിഎല്ലിൽ സെഞ്ചുറി നേടുന്ന ആദ്യ താരമായി മാറിയിരുന്നു.

ലീഗിൽ കാബൂൾ സ്വാനന്റെ താരമായ സസായി, ബാൽഖ് ലെജൻഡ്സിനു വേണ്ടിയാണ് റെക്കോർഡ് പ്രകടനം പുറത്തെടുത്തത്. ബാൽഖ് ലെജൻഡ്സിന്റെ അഫ്ഗാൻ താരം അബ്ദുല്ല മസാരിയാണ് സസായിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. മസാരിയുടെ ഓവറിൽ ആറു സിക്സും ഒരു വൈഡും ഉൾപ്പെടെ 37 റൺസാണ് പിറന്നത്. 17 പന്തിൽ ഏഴു സിക്സും നാലു ബൗണ്ടറിയും സഹിതം 62 റൺസെടുത്ത സസായിക്കു പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ആദ്യം ബാറ്റു ചെയ്ത ലെ‍ജൻഡ്സ്, നിശ്ചിത 20 ഓവറിൽ 244 റൺസാണെടുത്തത്. 48 പന്തിൽനിന്ന് 80 റൺസെടുത്ത സാക്ഷാൽ ക്രിസ് ഗെയ്‍ലിൽ, 27 പന്തിൽ നിന്ന് 50 റൺസെടുത്ത പതിനെട്ടുകാരൻ താരം ഡാർവിഷ് റസൂലി എന്നിവരുടെ പ്രകടനമാണ് ബാൽഖ് ലെജൻഡ്സിനു കൂറ്റൻ സ്കോർ സമ്മാനിച്ചത്. സസായിയുടെ വമ്പനടികളുടെ കരുത്തിൽ കുതിച്ച കാബൂൾ സ്വാനന്, 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ബാൽഖ് ലെ‍ജൻഡ്സിന് 21 റൺസ് ജയം.

സർ ഗാരി സോബേഴ്സ്, രവി ശാസ്ത്രി, ഹെർഷേൽ ഗിബ്സ്, യുവരാജ് സിങ്, അലക്സ് ഹെയ്‍ൽസ്, രവീന്ദ്ര ജഡേജ, മിസ്ബ ഉൾ ഹഖ് തുടങ്ങിയവരെല്ലാം വിവിധ തലങ്ങളിലുള്ള മൽസരങ്ങളിൽ ഒരു ഓവറിൽ ആറു സിക്സും നേടിയിട്ടുള്ളവരാണ്.

2007ലെ ട്വന്റി20 ലോകകപ്പിലാണ് യുവരാജ് സിങ് ഒരു ഓവറിൽ നേടിയ ആറു സിക്സ് ഉൾപ്പെടെ 12 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി റെക്കോർഡിട്ടത്. ഇംഗ്ലണ്ട് പേസ് ബോളർ സ്റ്റുവാർട്ട് ബ്രോഡാണ് അന്ന് യുവിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോഴും വേഗമേറിയ അർധസെഞ്ചുറി ഇതുതന്നെയാണ്. പിന്നീട് ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ 2016ൽ ക്രിസ് ഗെയ്‌ലും 12 പന്തിൽ അർധസെഞ്ചുറി നേടിയിരുന്നു. മെൽബൺ റെനെഗാഡ്സിന്റെ താരമായിരുന്ന ഗെയ്‍ൽ, അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെയാണ് റെക്കോർഡ് പ്രകടനം പുറത്തെടുത്തത്.

അടുത്തിടെ അയർലൻഡിനെതിരായ മൽസരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ താരമാണ് ഇരുപതുകാരനായ സസായി. ഇതുവരെ അഫ്ഗാനിസ്ഥാനായി രണ്ട് ഏകദിനങ്ങളിലും മൂന്നു ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുണ്ട്.