അസർ അലിക്ക് പറ്റിയ പറ്റ്!

അസർ അലി

അബുദാബി∙ ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും നാടകീയമായ പുറത്താകലുകളിൽ ഒന്നിന് അബുദാബി സ്റ്റേഡിയം ഇന്നലെ സാക്ഷിയായി. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിങ്ങ്സ് ബാറ്റിങ്ങിനിടെയാണു സംഭവം. ഓസീസ് പേസർ പീറ്റർ സിഡിലിന്റെ പന്ത് പാക്കിസ്ഥാൻ ബാറ്റ്സ്മാൻ അസർ അലിയുടെ ബാറ്റിൽ ഉരസി സ്ലിപ്പിനും ഗള്ളിക്കും ഇടയിലൂടെ ബൗണ്ടറി ലൈനിലേക്കു കുതിച്ചു.

പന്ത് ബൗണ്ടറി വര കടന്നു എന്ന ധാരണയിൽ അസർ അലി മറുവശത്തുള്ള ആസാദ് ഷഫീഖുമായി ആശയവിനിമയം നടത്തി പിച്ചിന്റെ മധ്യത്തിൽ നിലയുറപ്പിച്ചു. ബൗണ്ടറിലൈനിൽ തൊടുന്നതിനു തൊട്ടു മുൻപ് പന്ത് ഫുൾസ്റ്റോപ്പ് ഇട്ടതു പോലെ നിന്ന കാര്യം അലി ശ്രദ്ധിച്ചതേയില്ല. തേഡ് മാൻ ബൗണ്ടറിക്കു സമീപത്തുനിന്ന് പന്തെടുത്ത മിച്ചൽ സ്റ്റാർക്ക് പന്ത് വിക്കറ്റ് കീപ്പർ ടിം പെയ്നിനു നേർക്ക് എറിഞ്ഞു. പെയ്ൻ സ്റ്റംപിന്റെ ബെയ്ൽസ് ഇളക്കിയപ്പോഴും അസൽ അലി ഷഫീക്കിനൊപ്പം പിച്ചിന്റെ മധ്യത്തുതന്ന. പീന്നീടു സംഗതി പിടികിട്ടിയ അലി നിരാശയോടെ പവിലിയനിലേക്കു മടങ്ങി. ഞാൻ ഒരു പമ്പര വിഡ്ഢിത്തം കാട്ടി എന്ന് അലി പിന്നീടു ട്വിറ്ററിലും കുറിച്ചു.