Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തോടെ ഇന്ത്യ, കിതപ്പോടെ വിൻഡീസ്; ആദ്യ ഏകദിനം നാളെ

Kohli, Dhoni വിരാട് കോഹ്‌ലിയും ധോണിയും പരിശീലനത്തിനിടെ.

ഗുവാഹത്തി ∙ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അധികാരിക വിജയത്തിന്റെ ആലസ്യം ഏകദിന പരമ്പരയിൽ ഇന്ത്യയെ ബാധിക്കുമോ? ഇല്ലെന്നു കരുതാം. ഏഷ്യാ കപ്പ് കീരീടനേട്ടത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിനം നാളെ വിൻസീസിനെതിരെ. 5 മൽസര പരമ്പരയിലെ ആദ്യ കളി ഗുവാഹത്തിയിൽ പകലും രാത്രിയുമായി നടക്കും.

ഏഷ്യാ കപ്പിനു മുൻപ് ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിയുടെ ക്ഷീണം മാറ്റാൻ വീൻഡീസിനെതിരായ ഏകദിന പരമ്പരയിലെ തിളക്കമാർന്ന വിജയം ഇന്ത്യക്ക് അനിവാര്യമാണ്. നായകൻ വിരാട് കോഹ്‌ലിയുടെ മടങ്ങിവരവോടെ ഇന്ത്യൻ ബാറ്റിങ് നിരയ്ക്കു കൂടുതൽ കരുത്തായി. രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തികിനു പകരം ടീമിലെത്തിയ ഋഷഭ് പന്തിന് ഏകദിന അരങ്ങേറ്റത്തിനുള്ള അവസരമാകും പരമ്പര. ഒന്നാം കീപ്പറായി ധോണി കളിക്കുമെന്നിരിക്കെ മധ്യനിര ബാറ്റ്സ്മാന്റെ റോളിലാകും പന്ത് ടീമിലെത്തുക. ടെസ്റ്റ് പരമ്പരയിൽ മാൻ ഓഫ് ദ് സീരിസായി തിരഞ്ഞെടുക്കപ്പെട്ട പൃഥ്വി ഷായെ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുമ്രയ്ക്കും പരമ്പരയിൽ വിശ്രമം അനുവദിച്ചതിനാൽ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ ചുമതല വഹിക്കുക മുഹമ്മദ് ഷമിയും ഉമേഷ് യാദവും ചേർന്നാകും. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ ഷാർദൂൽ ഠാക്കൂറിനു പകരമാണ് ഉമേഷ് ടീമിലെത്തിയത്. 

കിതപ്പോടെ വിൻഡീസ്

ഏകദിന റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തുള്ള വി‍ൻഡീസിന്റെ സമീപകാല പ്രകടനം ഇന്ത്യക്ക് ഭീഷണി ഉയർത്തുന്നതല്ല. 2014 ൽ നാട്ടിൽ നടന്ന പരമ്പരയിൽ ബംഗ്ലദേശിനെ 3–0 കീഴടക്കിയതിൽ പിന്നെ ഏകദിനത്തിൽ വിൻഡീസിനെ കഷ്ടകാലം വിട്ടൊഴിഞ്ഞിട്ടില്ല. പിന്നീടു നടന്ന ഏകദിന പരമ്പരകളിൽ ഒന്നിലും ജയിച്ചിട്ടില്ല . ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ഐസിസി ചട്ടലംഘനം നടത്തിയ വിൻഡീസ് കോച്ച് സ്റ്റുവർട് ലോയ്ക്ക് ആദ്യ രണ്ട് ഏകദിനങ്ങളിൽ ടീമിനൊപ്പം ചേരുന്നതിനു വിലക്കുണ്ട്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഓപ്പണർ എവിൻ ലൂയിസും പരമ്പരയിൽനിന്നു പിൻമാറിയതും വിൻഡീസിനു തിരിച്ചടിയായി. വെറ്ററൻ താരം മർലോൺ സാമുവൽസ്, നായകൻ ജാസൻ ഹോൾഡർ, പേസർ കെമർ റോച്ച് എന്നിവരിലാണു വിൻഡീസ് പ്രതീക്ഷകൾ. 

ഇന്ത്യൻ 14 അംഗ ടീം : രോഹിത്, ധവാൻ, കോഹ്‌ലി (ക്യാപ്റ്റൻ), റായുഡു, മനീഷ്, ധോണി, പന്ത്, ജഡേജ, ചാഹൽ, കുൽദീപ്, ഷമി, ഖലീൽ, ഉമേഷ്, രാഹുൽ.

ക്ഷണം നിരസിച്ചു: ഗെയ്‌ൽ വരുന്നില്ല

ന്യൂഡൽഹി∙ വിൻഡീസ് ടീമിലേക്കുള്ള ക്ഷണം നിരസിച്ച ക്രിസ് ഗെ‌യ്‌ൽ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുണ്ടാകില്ല. എന്നാൽ ഡാരെൻ ബ്രാവോ, കീറൻ പൊള്ളാർഡ് തുടങ്ങിയവർ  ട്വന്റി20 പരമ്പരയ്ക്കു വിൻഡീസ് നിരയിൽ ഉണ്ടാകും. ഓൾറൗണ്ടർ ആന്ദ്രേ റസ്സലും വിൻഡീസ് ടീമിലുണ്ട്. ടീമിനൊപ്പം ചേരാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള വിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ ക്ഷണം ഗെയ്‌ൽ നിരസിക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.