വിജയ് ഹസാരെ: ഡൽഹിയെ കീഴടക്കി മുംബൈയ്ക്ക് കിരീടം

ബെംഗളൂരു ∙ ഡൽഹിയെ 4 വിക്കറ്റിനു കീഴടക്കിയ മുംബൈ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ജേതാക്കളായി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, ആദ്യം ബാറ്റ് ചെയ്ത ഡൽഹി 45.4 ഓവറിൽ 177ന് ഓൾഔട്ടായി. 15 ഓവറുകളും 4 വിക്കറ്റും ശേഷിക്കെ മുംബൈ ലക്ഷ്യം കണ്ടു. 2006–07ൽ രാജസ്ഥാനെ തോൽപിച്ചു ജേതാക്കളായ ശേഷം ആദ്യമായാണ് വിജയ് ഹസാരെയിൽ മുംബൈയുടെ കിരീടധാരണം. മുംബൈയുടെ മൂന്നാം കിരീടവുമാണിത്.

ടോസ് നേടി ബോൾ ചെയ്യാൻ തീരുമാനിച്ച മുംബൈയ്ക്കായി ശിവം ദുബെയും (29ന് 3 വിക്കറ്റ്) ധവാൽ കുൽക്കർണിയും (30ന് 3 വിക്കറ്റ്) നടത്തിയ തകർപ്പൻ വിക്കറ്റ് വേട്ടയിലാണു ഡൽഹി തവിടുപൊടിയായത്. 178 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ മുംബൈയ്ക്ക് സൂപ്പർ താരം പൃഥ്വി ഷായെ (8) വേഗം നഷ്ടമായി. അടുത്തടുത്ത പന്തുകളിൽ ബൗണ്ടറി നേടിയ ഷാ മൂന്നാം പന്തിൽ പുറത്തായി. നവ്ദീപ് സൈനിക്കാണു വിക്കറ്റ്.

അജിൻ‌ക്യ രഹാനെ (10), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (7), സൂര്യകുമാർ യാദവ് (4) എന്നിവരെക്കൂടി വേഗം നഷ്ടമായതോടെ മുംബൈ 7.4 ഓവറിൽ നാലിന് 40 എന്ന നിലയിൽ തകർന്നു. എന്നാൽ, അഞ്ചാം വിക്കറ്റിൽ സിദ്ധേഷ് ലാഡിനൊപ്പം (68 പന്തിൽ 48) 105 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച ആദിത്യ താരെ മുംബൈയെ അതിവേഗം ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. 89 പന്തിൽ 71 റൺസുമായി തിളങ്ങിയ താരെ പുറത്താകുമ്പോൾ മുംബൈ ആറിന് 176ൽ ആയിരുന്നു. 13 ബൗണ്ടറിയും ഒരു സിക്സറുമടങ്ങിയ ഇന്നിങ്സ്.