150+ സ്കോറുകളുടെ ‘ആറാം തമ്പുരാൻ’, രോഹിത്; ‘സെഞ്ചുറിത്തോഴൻ’ കോഹ്‍ലി

രോഹിത് ശർമയും വിരാട് കോഹ്‍ലിയും.

ഗുവാഹത്തി∙ റൺമഴയ്ക്കൊപ്പം റെക്കോർഡ് മഴയ്ക്കും സാക്ഷ്യം വഹിച്ചാണ് ഇന്ത്യ – വെസ്റ്റ് ഇൻ‌ഡീസ് ഒന്നാം ഏകദിനത്തിനു ശേഷം ഗുവാഹത്തി ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽനിന്ന് ആരാധകർ മടങ്ങിയത്. ഏകദിനങ്ങളിൽ രോഹിത് ശർമ വലിയ സ്കോറുകളുടെ തമ്പുരാനായി മാറുന്ന കാഴ്ചയായിരുന്നു അതിലൊന്ന്. ക്യാപ്റ്റൻ വിരാട് കോഹ്‍ലി സെഞ്ചുറികളുടെ തോഴനായി സ്വയം ഉറപ്പിക്കുന്നതും ഗുവാഹത്തിയിൽ കണ്ടു. 117 പന്തിൽ 15 ബൗണ്ടറികളും എട്ടു സിക്സും സഹിതം രോഹിത് 152 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, 107 പന്തുകൾ നേരിട്ട കോഹ്‍ലി 21 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 140 റൺസാണെടുത്തത്.

ഇതോടെ, ഏകദിനത്തിൽ ആറാം തവണയാണ് രോഹിത് 150 റൺസിനു മുകളിൽ സ്കോർ ചെയ്യുന്നത്. അഞ്ചു തവണ 150 പിന്നിട്ട സച്ചിൻ തെൻഡുൽക്കറിനെയാണ് രോഹിത് ഇക്കാര്യത്തിൽ പിന്നിലാക്കിയത്. നാലു തവണ വീതം 150 കടന്ന ശ്രീലങ്കൻ താരം സനത് ജയസൂര്യ, വിൻഡീസിന്റെ ക്രിസ് ഗെയ്‍ൽ, ഓസീസിന്റെ ഡേവിഡ‍് വാർണർ, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല എന്നിവരെല്ലാം രോഹിതിനു പിന്നിൽ മൂന്നാം സ്ഥാനത്തു മാത്രം. മാത്രമല്ല ഏകദിനത്തിൽ ഏറ്റവും കൂടുതൽ 150+ സ്കോറുകൾക്കു പുറമെ ഏറ്റവും കൂടുതൽ 200+ സ്കോറുകളും (മൂന്ന്), 250+ സ്കോറും (ഒന്ന്) രോഹിതിന്റെ പേരിലായി.

ഏകദിനത്തിൽ 36–ാം സെഞ്ചുറി പൂർത്തിയാക്കിയ കോഹ്‍ലിയാകട്ടെ, സാക്ഷാൽ സച്ചിൻ െതൻഡുൽക്കറിന്റെ 49 സെഞ്ചുറികളുടെ റെക്കോർഡിന് ഒരു പടികൂടി അടുത്തെത്തി. തകർക്കാനാകാത്ത റെക്കോർഡ് എന്ന് ഒരു കാലത്ത് കരുതപ്പെട്ടിരുന്ന സച്ചിന്റെ സെഞ്ചുറി റെക്കോർഡാണ് നിലവിലെ സാഹചര്യത്തിൽ കോഹ്‍ലിയുടെ കുതിപ്പിനു മുന്നിൽ കനത്ത ഭീഷണിയിലായത്. സച്ചിന്റെ റെക്കോർഡിന് 13 സെഞ്ചുറികൾ മാത്രം അകലെയാണ് നിലവിൽ കോഹ്‍ലി. 2018ൽ മാത്രം കോഹ്‍ലി എട്ട് ഏകദിന സെഞ്ചുറികൾ നേടിയതു കണക്കിലെടുക്കുമ്പോൾ ഈ റെക്കോർഡ് കയ്യകലെയുണ്ടെന്ന് ന്യായമായും കരുതാം. മാത്രമല്ല, ഏകദിനത്തിൽ 36 സെഞ്ചുറി പൂർത്തിയാക്കാൻ സച്ചിന് 311 ഇന്നിങ്സുകൾ വേണ്ടിവന്നു. കോഹ്‍ലിക്ക് ഇതിന് വേണ്ടിവന്നതോ, വെറും 204 ഇന്നിങ്സുകളും!

ഗുവാഹത്തിയിൽ പിറന്ന മറ്റു ചില റെക്കോർഡുകൾ

∙ ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഇന്ത്യയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ഋഷഭ് പന്ത് മാറി. ഇന്നലെ ഗുവാഹത്തിയിൽ വിൻഡീസിനെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുമ്പോൾ 21 വർഷവും 17 ദിവസവുമാണ് പന്തിന്റെ പ്രായം. 19 വർഷവും 152 ദിവസവും പ്രായമുള്ളപ്പോൾ മൂന്നു ഫോർമാറ്റിലും അരങ്ങേറിയ ഇഷാന്ത് ശർമയാണ് ഇക്കാര്യത്തിൽ ഒന്നാമത്.

∙ വിരാട് കോഹ്‍ലി ക്യാപ്റ്റനെന്ന നിലയിൽ തുടർച്ചയായ രണ്ടാം കലണ്ടർ വർഷത്തിലും രാജ്യാന്തര ക്രിക്കറ്റിൽ 2000 റൺസ് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്യാപ്റ്റനാണ് കോഹ്‍ലി. ക്യാപ്റ്റനാകുന്നതിനു മുൻപുള്ള വർഷവും കോഹ്‍ലി 2000 റൺസ് പിന്നിട്ടിരുന്നു. ഇതോടെ തുടർച്ചയായി മൂന്നു വർഷം 2000 പിന്നിട്ട് സച്ചിൻ ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾക്കൊപ്പമെത്തി കോഹ്‍ലി.

∙ രാജ്യാന്തര ക്രിക്കറ്റിൽ കോഹ്‍ലിയുടെ 60–ാം സെഞ്ചുറിയാണ് ഗുവാഹത്തിയിൽ പിറന്നതെന്ന പ്രത്യേകതയുമുണ്ട്. ഏറ്റവും വേഗത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന താരമായി കോഹ്‍ലി. 386 ഇന്നിങ്സുകളിൽനിന്നാണ് കോഹ്‍ലി 60–ാം സെഞ്ചുറി പിന്നിട്ടത്. 426 ഇന്നിങ്സുകളിൽനിന്ന് 60–ാം സെഞ്ചുറി പിന്നിട്ട സച്ചിൻ ഇതോടെ കോഹ്‍ലിക്കു പിന്നിലായി.

∙ ഏകദിനത്തിൽ 36–ാം സെഞ്ചുറി പിന്നിട്ട കോഹ്‍ലി അതിൽ 22 സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് നേടിയത്. നാട്ടിൽ കോഹ്‍ലിയുടെ 15–ാം സെഞ്ചുറിയും വിൻഡീസിനെതിരെ അഞ്ചാം സെഞ്ചുറിയുമാണിത്. ക്യാപ്റ്റനെന്ന നിലയിൽ 14–ാം സെഞ്ചുറിയും മൂന്നാം നമ്പറിൽ ബാറ്റു ചെയ്യുമ്പോൾ 29–ാം സെഞ്ചുറിയുമാണിത്. ഈ വർഷം മാത്രം കോഹ്‍ലിയുടെ സെഞ്ചുറി നേട്ടം എട്ടായി ഉയർന്നു.

∙ 300നു മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോൾ കോഹ്‍ലി സെഞ്ചുറി നേടുന്നത് ഇത് എട്ടാം തവണയാണ്. അതിൽ ഏഴു തവണയും ഇന്ത്യ വിജയത്തിലെത്തി.

∙ 2010നു ശേഷം ഏകദിനത്തിൽ 300നു മുകളിലുള്ള വിജയലക്ഷ്യം ഏറ്റവും കൂടുതൽ തവണ പിന്തുടർന്ന് ജയിച്ച ടീമായി ഇന്ത്യ മാറി. 2010നു ശേഷം ഏകദിനത്തിൽ 300നു മുകളിലുള്ള വിജയലക്ഷ്യം എട്ടാം തവണയാണ് ഇന്ത്യ പിന്തുടർന്ന് ജയിക്കുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് (ആറ്), ശ്രീലങ്ക (അഞ്ച്), ദക്ഷിണാഫ്രിക്ക (നാല്), അയർലൻഡ്, സിംബാബ്‍വെ (മൂന്ന്), ബംഗ്ലദേശ്, ന്യൂസീലൻഡ്, പാക്കിസ്ഥാൻ (രണ്ട്), സ്കോട്‍ലൻഡ്, യുഎഇ, വെസ്റ്റ് ഇൻഡീസ് (ഒന്ന്) എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് പിന്നിലാണ്.

∙ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായി കോഹ്‍ലി മാറി. ഏകദിനത്തിൽ 36ഉം ടെസ്റ്റിൽ 24ഉം ഉൾപ്പെടെ കോഹ്‍ലിയുടെ സെഞ്ചുറിനേട്ടം 60 ആയി. 100 സെഞ്ചുറികളുമായി സച്ചിൻ െതൻഡുൽക്കർ മുന്നിൽ നിൽക്കുന്ന പട്ടികയിൽ റിക്കി പോണ്ടിങ് (71), കുമാർ സംഗക്കാര (63), ജാക്വസ് കാലിസ് (62) എന്നിവരാണ് കോഹ്‍ലിക്കു മുന്നിലുള്ള മറ്റുള്ളവർ.

∙ ഇപ്പോഴും സജീവ ക്രിക്കറ്റിൽ തുടരുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് (ഏകദിനം) നേടിയ താരവുമായി കോഹ്‍ലി. ഗുവാഹത്തിയിൽ ഏകദിനത്തിലെ 29–ാം മാൻ ഓഫ് ദ് മാച്ച് പുരസ്കാരമാണ് കോഹ്‍ലി നേടിയത്. ക്രിസ് ഗെയ്ൽ (23), എം.എസ്. ധോണി (21), ശുഐബ് മാലിക്ക് (19), മാർട്ടിൻ ഗപ്റ്റിൽ (18), ഹാഷിം അംല (18), ഷാക്കിബ് അൽ ഹസ്സൻ (18) എന്നിവരാണ് കോഹ്‍ലിക്കു പിന്നിലുള്ളവർ.

∙ ഏകദിനത്തിൽ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ ആറോ അതിലധികമോ സിക്സ് നേടുന്ന മൂന്നാമത്തെ താരമായി രോഹിത് ശർമ മാറി. ഇത് ആറാം തവണയാണ് ഒരു മൽസരത്തിൽ ആറോ അതിലധികമോ സിക്സ് രോഹിത് നേടുന്നത്. 13 മൽസരങ്ങളിൽ ആറോ അതിലധികമോ സിക്സ് നേടിയ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയാണ് ഇക്കാര്യത്തിൽ മുൻപിൽ. ഒൻപതു മൽസരങ്ങളിൽ ഇത്രയധികം സിക്സ് നേടി ക്രിസ് രണ്ടാമതുണ്ട്. സനത് ജയസൂര്യ, എ.ബി. ഡിവില്ലിയേഴ്സ് എന്നിവരും രോഹിനൊപ്പം ആറു തവണ ഈ നേട്ടം കൈവരിച്ചു. ഷെയ്ൻ വാട്സൻ, കീറൻ പൊള്ളാർഡ് എന്നിവർ അഞ്ചു തവണ വീതവും.

∙ 81 റൺസ് കൂടി നേടിയാൽ ഏകദിനത്തിൽ കോഹ്‍ലിക്ക് 10,000 റൺസ് ക്ലബ്ബിൽ കയറാം. ഈ നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന താരമായും കോഹ്‌ലി മാറും.

∙  ഓപ്പണറെന്ന നിലയിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യൻ താരമായി രോഹിത് മാറി. ഓപ്പണറായെത്തി 167 സിക്സുകൾ നേടിയ സച്ചിൻ തെൻഡുൽക്കറിനൊപ്പമാണ് രോഹിതിന്റെയും സ്ഥാനം.

∙ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ ഏകദിനത്തിൽ ഇന്ത്യൻ താരങ്ങളുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് രോഹി‍ത്–കോഹ്‍ലി സഖ്യം ഗുവാഹത്തിയിൽ നേടിയ 246 റൺസ്. രാജ്യാന്തര ക്രിക്കറ്റിൽ രണ്ടാമതും. ഗൗതം ഗംഭീർ–വിരാട് കോഹ്‍ലി സഖ്യം 2009ൽ ശ്രീലങ്കയ്ക്കെതിരെ കൊൽക്കത്തയിൽ നേടിയ 224 റണ്‍സിന്റെ ഇന്ത്യൻ റെക്കോർഡാണ് പിന്നിലായത്. 1997ൽ മുഹമ്മദ് അസ്ഹറുദ്ദീൻ–അജയ് ജഡേജ സഖ്യം ശ്രീലങ്കയ്ക്കെതിരെ തന്നെ നേടിയ 223 റൺസാണ് മൂന്നാമത്.

∙ ഏകദിനത്തിൽ കോഹ്‍ലിയുടെ വേഗമേറിയ നാലാമത്തെ അർധസെഞ്ചുറിയാണ് ഗുവാഹത്തിയിൽ പിറന്നത്. ഇവിടെ 35 പന്തിലാണ് കോഹ്‍ലി 50 കടന്നത്. 2013ൽ ജയ്പുരിൽ ഓസ്ട്രേലിയയ്ക്കെതിരെ 27 പന്തിൽ 50 പിന്നിട്ടതാണ് കോഹ്‍ലിയുടെ റെക്കോർഡ്. ഓസീസിനെതിരെ തന്നെ 2013ൽ നാഗ്പുരിൽ 31 പന്തിലും 2016ൽ കാൻബറയിൽ 34 പന്തിലും കോഹ്‍ലി 50 പിന്നിട്ടിട്ടുണ്ട്.

∙ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ എട്ടോ അതിലധികമോ സിക്സുകൾ നേടിയിട്ടുള്ള ഇന്ത്യൻ താരമായി രോഹിത് മാറി. ഇത് നാലാം തവണയാണ് രോഹിത് ഒരു ഇന്നിങ്സിൽ എട്ടു സിക്സ് നേടുന്നത്. മറ്റുള്ള ഇന്ത്യൻ താരങ്ങളെയെല്ലാം പരിഗണിച്ചാലും രണ്ടു തവണയേ ഒരു ഇന്നിങ്സിൽ എട്ടു സിക്സിൽ അധികം നേടിയിട്ടുള്ളൂ. ധോണി, യൂസഫ് പത്താൻ എന്നിവരാണ് അവർ.

∙ 2017ലെ ചാംപ്യൻസ് ട്രോഫിക്കു ശേഷം കളിച്ച എല്ലാ ഏകദിന ടൂർണമെന്റുകളിലും സെഞ്ചുറി നേടിയെന്ന റെക്കോർഡ് രോഹിത് ശർമയ്ക്കു സ്വന്തം. ചാംപ്യൻ ട്രോഫിയിൽ പുറത്താകാതെ 123, ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ 124, 104, ഓസ്ട്രേലിയയ്ക്കെതിരെ 125, ന്യൂസീലൻഡിനെതിരെ 147, ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ 208, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 115, ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 137, ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ 101, വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 152 എന്നിങ്ങനെയാണ് അതിനുശേഷമുള്ള പരമ്പരകളിൽ രോഹിതിന്റെ പ്രകടനം.

∙ കഴിഞ്ഞ ആറു വർഷങ്ങളിൽ ഏകദിനത്തിൽ രോഹിത് ശർമയുടെ മികച്ച സ്കോറുകൾ ഇങ്ങനെ:

2013 : 209

2014 : 264

2015 : 150

2016 : 171*

2017 : 208*

2018 : 152*