വാതുവയ്പ് ആരോപണം: കഴമ്പില്ലെന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും

ലണ്ടൻ ∙ രാജ്യാന്തര ക്രിക്കറ്റിൽ വാതുവയ്പിനു സഹായകരമായ രീതിയിൽ ഒത്തുകളി നടന്നെന്ന അറബ് ചാനൽ ‘അൽ ജസീറ’യുടെ വെളിപ്പെടുത്തലിനോടു നിഷേധപ്രതികരണവുമായി ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ഭരണസമിതികൾ രംഗത്ത്. വേണ്ടത്ര പരിശോധനയും തെളിവന്വേഷണവും നടത്താതെയാണ് ചാനൽ വാർത്ത പുറത്തുവിട്ടതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) പ്രതികരിച്ചു. തുടർച്ചയായുളള ഇത്തരം ആരോപണങ്ങൾ കേട്ട് ഓസീസ് താരങ്ങൾ മാനസികമായി തളർന്നിരിക്കുകയാണെന്നു ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (എസിഎ) പ്രസ്താവിച്ചു. എഡിറ്റ് ചെയ്യാത്ത മുഴുവൻ രംഗങ്ങളും പുറത്തുവിട്ട് ആരോപണത്തിലെ പുക മറ നീക്കണമെന്ന ആവശ്യമാണു ക്രിക്കറ്റ് ഓസ്ട്രേലിയ ഉന്നയിച്ചത്. അതേസമയം, വെളിപ്പെടുത്തലിനെക്കുറിച്ചു കഴിഞ്ഞദിവസം പ്രതികരിക്കാതിരുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഈ ആരോപണങ്ങളിലെല്ലാം നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇന്നലെ പ്രതികരിച്ചു. 

∙ അടിസ്ഥാന രഹിതം

2010–12 കാലയളവിലെ 7 കളികളിൽ ഇംഗ്ലണ്ട് ടീമിലെ ‘ഏതാനും കളിക്കാർ’ ഒത്തുകളി നടത്തിയതിന്റെ തെളിവുണ്ടെന്ന ചാനൽ റിപ്പോർട്ടിനോട്  അടിസ്ഥാന രഹിതമെന്നാണ് ഇംഗ്ലണ്ട് ബോർഡ് പ്രതികരിച്ചത്. 

∙ വേട്ടയാടുന്നു 

ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും തെളിവുകളും ഐസിസി അഴിമതി വിരുദ്ധ വിഭാഗത്തിനു കൈമാറണമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) അഭ്യർഥിച്ചു. സിഎ ഇന്റഗ്രിറ്റി യൂണിറ്റ് നടത്തിയ പരിശോധനയിലും ഒരു ഓസീസ് ക്രിക്കറ്റ് താരത്തെപ്പോലും കുറ്റക്കാരുടെ നിരയിൽ കണ്ടെത്തിയില്ല.