Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിത് നങ്കൂരമിട്ടു, കോഹ്‍ലി അടിച്ചുതകർത്തു; ഇന്ത്യ വിജയവഴി തെളിച്ചതിങ്ങനെ

Rohit Sharma and Virat Kohli

ഗുവാഹത്തി∙ രോഹിത് ശർമ നങ്കൂരമിട്ടു കളിച്ചു. വിരാട് കോഹ്‍ലി അടിച്ചു തകർത്തു. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ മുന്നിലുണ്ടായിരുന്നത് കൂറ്റൻ വിജയലക്ഷ്യമായിരുന്നെങ്കിലും ഇന്ത്യ വിജയവഴി തെളിച്ചെടുത്തത് ഇങ്ങനെ. മൽസരശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് വിജയം സ്വന്തമാക്കിയ വഴി കോഹ്‍ലി തന്നെ വെളിപ്പെടുത്തിയത്.

നിലവിൽ ടീമിലുള്ള ഏറ്റവും ആക്രമണകാരിയായ ബാറ്റ്സ്മാനാണെങ്കിലും വിൻഡീസിനെതിരെ നങ്കൂരമിടാനുള്ള ചുമതലയേറ്റെടുക്കാൻ താന്‍ രോഹിതിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് കോഹ്‍ലി വെളിപ്പെടുത്തി. സ്വതസിദ്ധമായ ശൈലി പരിഗണിച്ചാൽ കോഹ്‍ലി നങ്കൂരമിടുന്നതും രോഹിത് തച്ചുതകർക്കുന്നതുമാണ് രീതി. എന്നാൽ, വിൻഡീസിനെതിരെ കോഹ്‍ലി ആക്രമണം നയിച്ചപ്പോൾ, മറുവശത്ത് നങ്കൂരമിടാനുള്ള ചുമതലയായിരുന്നു രോഹിതിന്. താരം അത് ഭംഗിയായി നിറവേറ്റുകയും ചെയ്തു.

320നു മുകളിലുള്ള വിജയലക്ഷ്യം എത്തിപ്പിടിക്കാൻ ബുദ്ധിപൂർവം കളിച്ചേ മതിയാകൂ എന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. നല്ലൊരു കൂട്ടുകെട്ട് ഉണ്ടെങ്കിൽ വിജയം അപ്രാപ്യമല്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഒരു വശത്ത് രോഹിത് കൂട്ടിനുണ്ടെങ്കിൽ എത്ര വലിയ ലക്ഷ്യവും അനായാസം എത്തിപ്പിടിക്കാമെന്ന് എനിക്ക് ഉറപ്പായിരുന്നു. രോഹിത് സ്വതസിദ്ധമായ ശൈലി വിട്ട് രണ്ടാമന്റെ വേഷം ചെയ്യുന്നത് അത്യപൂർവമാണ്. ഇന്ന് എനിക്ക് മികച്ച തുടക്കമിടാൻ സാധിച്ചതോടെ നങ്കൂരമിടാനുള്ള ചുമതലയേറ്റെടുക്കാൻ ഞാനാണ് രോഹിതിനോടു നിർദ്ദേശിച്ചത്. രോഹിതിനൊപ്പം ബാറ്റു ചെയ്യുന്നത് എന്നും സുന്ദരമായ അനുഭവമാണ്’ – കോഹ്‍ലി പറഞ്ഞു.

ഏകദിനത്തിൽ ഇത് ആറാം തവണയാണ് കോഹ‍്‌ലി–രോഹിത് സഖ്യം ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുന്നത്. കഴിഞ്ഞ നാല് ഏകദിനങ്ങളിൽ മൂന്നിലും സെഞ്ചുറി നേടിയ കോഹ്‍ലി, 36–ാം ഏകദിന സെഞ്ചുറിയാണ് ഗുവാഹത്തിയിൽ കുറിച്ചത്. സാധിക്കുന്നിടത്തോളം കാലം ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമമെന്നും കോഹ്‍ലി പറഞ്ഞു.

‘ക്രിക്കറ്റിൽ ഇനി കുറച്ചുകാലം കൂടിയേ എനിക്ക് അവശേഷിച്ചിട്ടുള്ളൂ. രാജ്യത്തിനു വേണ്ടി കളിക്കുകയെന്നത് എക്കാലവും അഭിമാനകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഒരു മൽസരം പോലും ലാഘവബുദ്ധിയോടെ കാണാനാകില്ല. ഇഷ്ടമുള്ള മേഖലകളിൽ നൂറു ശതമാനം അർപ്പണബുദ്ധിയോടെ ഇടപെടുന്നതാണ് എനിക്കിഷ്ടം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നത് അധികം പേർക്കു ലഭിക്കുന്ന അവസരമല്ല. അതുകൊണ്ടുതന്നെ ഈ അവസരത്തെ നാം ബഹുമാനിച്ചേ തീരൂ’ – കോഹ്‍ലി പറഞ്ഞു.

∙ അതിവേഗം സെഞ്ചുറിയിലേക്ക്

വിൻഡീസിനെതിരെ ഗുവാഹത്തിയിൽ 35 പന്തിൽ 10 ബൗണ്ടറി സഹിതം കോഹ‍്‌ലിയാണ് ആദ്യം അർധസെഞ്ചുറി പൂർത്തിയാക്കിയത്. രോഹിത് ആകട്ടെ 51 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെയാണ് 50ൽ എത്തിയത്. ആക്രമണം തുടർന്ന കോഹ്‍ലി 88 പന്തിൽ 16 ബൗണ്ടറികൾ സഹിതം സെഞ്ചുറിയിലെത്തി. അർധസെഞ്ചുറിയില്‍നിന്ന് സെഞ്ചുറിയിലെത്താൻ കോഹ്‍ലിക്കു വേണ്ടിവന്നത് 53 പന്തുകൾ.

മറുവശത്ത്, അർധസെഞ്ചുറിക്കുശേഷം മാരകഫോമിലായിരുന്നു രോഹിത്. 84–ാം പന്തിൽ സെഞ്ചുറി തൊട്ട രോഹിതിന് രണ്ടാമത്തെ 50 റൺസ് നേടാൻ വേണ്ടിവന്നത് 33 പന്തുകൾ മാത്രം. 10 ബൗണ്ടറിയും അഞ്ചു സിക്സും സഹിതമായിരുന്നു രോഹിതിന്റെ സെഞ്ചുറി. രോഹിത് തകർത്തടിച്ചതോടെ വെറും 163 പന്തിലാണ് കോഹ്‍ലി–രോഹിത് സഖ്യം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടിലെത്തിയത്. ഒടുവിൽ സ്കോർ 256ൽ നിൽക്കെ ദേവേന്ദ്ര ബിഷൂവിനെ കയറിക്കളിക്കാനുള്ള ശ്രമം പിഴച്ച കോഹ്‌ലിയെ വിക്കറ്റ് കീപ്പർ ഷായ് ഹോപ് സ്റ്റംപു ചെയ്ത് മടക്കി. രോഹിതിനൊപ്പം 246 റൺസ് കൂട്ടുകെട്ടും തീർത്താണ് കോഹ്‍ലി പുറത്തായത്. 107 പന്തിൽ 21 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 140 റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം.

കോഹ്‍ലി മടങ്ങിയെങ്കിലും നാലാമനായി ക്രീസിലെത്തിയ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് രോഹിത് അനായാസം തന്നെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇത്. രോഹിത് ശർമ 117 പന്തിൽ 15 ബൗണ്ടറിയും എട്ടു സിക്സും സഹിതം 152 റണ്‍സുമായി പുറത്താകാതെ നിന്നു.

related stories