പ്രവീൺകുമാർ വിരമിച്ചു; ഹൃദയത്തിൽ തൊടുന്ന ആശംസാ വാക്കുകളുമായി രോഹിത്

രോഹിത് ശർമ പ്രവീൺ കുമാറിനൊപ്പം. രോഹിത് ട്വിറ്ററിൽ പങ്കുവച്ച ചിത്രം.

മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം പ്രവീൺ കുമാറിന് ആശംസകളുമായി രോഹിത് ശർമ. പ്രവീൺ കുമാറിനൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുത്താണ് രോഹിത് പ്രിയ സുഹൃത്ത് വിരമിച്ച അവസരത്തിൽ ആശംസകളുമായി എത്തിയത്. 2007–2012 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ കളിച്ച പ്രവീൺ കുമാർ, കഴിഞ്ഞ ദിവസമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇരുവശത്തേക്കും പന്തു മൂവ് ചെയ്യിക്കാനുള്ള സവിശേഷ സിദ്ധികൊണ്ട് ശ്രദ്ധ നേടിയ പ്രവീൺ കുമാർ ഏറെക്കാലം ഇന്ത്യയുടെ ഓപ്പണിങ് ബോളറായിരുന്നു.

പ്രവീൺ കുമാറിനൊപ്പമുള്ള ചിത്രം സഹിതം രോഹിത് ശർമ ട്വിറ്ററിൽ കുറിച്ച വാക്കുകളിങ്ങനെ:

‘ഏതാണ്ട് ഒരേ സമയത്താണ് ഞങ്ങൾ രാജ്യത്തിനായി കളിക്കാൻ ആരംഭിച്ചത്. ഒരുപാടു തമാശകളും ചിരിയും നല്ല ക്രിക്കറ്റും നിറഞ്ഞ ദിവസങ്ങൾ. സീബി സീരീസിലെ രണ്ടാമത്തെ ഫൈനലിലെ ആ മാന്ത്രിക സ്പെൽ എന്നും മറന്നിട്ടില്ല. സഹോദരനും സഹതാരവുമായിരുന്ന പ്രിയ സുഹൃത്തിന് നല്ലൊരു റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു.’

ഇന്ത്യയ്ക്കായി 84 രാജ്യാന്തര മൽസരങ്ങൾ കളിച്ചിട്ടുള്ള പ്രവീണ്‍ കുമാർ 112 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആറു ടെസ്റ്റുകളിൽനിന്ന് 27, 68 ഏകദിനങ്ങളിൽനിന്ന് 77, 10 ട്വന്റി20 മൽസരങ്ങളിൽനിന്ന് എട്ട് എന്നിങ്ങനെയാണ് പ്രവീണ്‍ കുമാറിന്റെ വിക്കറ്റ് നേട്ടം. 2008ലെ സീബി സീരീസിൽ നാലു മൽസരങ്ങളിൽനിന്ന് 10 വിക്കറ്റ് വീഴ്ത്തിയ പ്രവീൺ കുമാർ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. രണ്ടാമത്തെ ഫൈനലിൽ ഓസ്ട്രേലിയയെ ഇന്ത്യ ഒൻപതു റൺസിനു കീഴടക്കുമ്പോൾ 46 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത പ്രവീൺ കുമാറിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

2011ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ടെസ്റ്റിൽ പ്രവീണ്‍ കുമാറായിരുന്നു ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം. പ്രവീൺ കുമാർ 15 വിക്കറ്റ് വീഴ്ത്തിയ പരമ്പര ഇന്ത്യ 4–0ന് തോറ്റിരുന്നു. ഈ പരമ്പരയിൽ ലോർഡ്സിൽ 106 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റിൽ പ്രവീണിന്റെ ഏറ്റവും മികച്ച പ്രകടനം. ഐപിഎല്ലിലും മിന്നും താരമായിരുന്ന പ്രവീൺ കുമാർ രാജസ്ഥാൻ റോയൽസിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി ഹാട്രിക് നേടിയിട്ടുണ്ട്. ബാംഗ്ലൂരിനു പുറമെ മൂന്നു ടീമുകളിൽക്കൂടി കളിച്ചിട്ടുണ്ട്.