ഇന്ത്യയുടെ ബാറ്റിങ് കണ്ടുപഠിക്കൂ വിൻഡീസ്... : സുനിൽ ഗാവസ്കർ എഴുതുന്നു

ഇന്ത്യൻ ടീമിനെ തോൽപിക്കാൻ ഇനിയെന്തു ചെയ്യണമെന്നാവും വെസ്റ്റ് ഇൻഡീസ് അത്ഭുതപ്പെടുന്നത്. ഗുവാഹത്തിയിൽ പ്രതിരോധിക്കാവുന്ന മികച്ച സ്കോർ തന്നെയാണു വിൻഡീസ് നേടിയത്. എന്നാൽ നിർജീവമായ പിച്ചിൽ ശരാശരിയിൽ താഴെയുള്ള ബോളിങ് വിൻഡീസ് കാഴ്ചവച്ചപ്പോൾ വെറും രണ്ടു വിക്കറ്റു നഷ്ടത്തിൽ 42.1 ഓവറിൽ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് ശർമയും വിരാട് കോഹ്‌ലിയും തകർപ്പൻ ഫോമിലുള്ളപ്പോൾ അവരെ പിടിച്ചുകെട്ടാൻ മിടുക്കുള്ള ബോളിങ് നിര ക്രിക്കറ്റ് ലോകത്തില്ലെന്നതാണു വാസ്തവം. 

വെസ്റ്റ് ഇൻഡീസിനു സ്വയം പഴിക്കാം. അനാവശ്യം തിടുക്കം മൂലമാണ് അവരുടെ ചില ബാറ്റ്സ്മാൻമാർ പുറത്തായത്. അതോടെ 20–30 റൺസെങ്കിലും കുറച്ചേ  നേടാൻ കഴിഞ്ഞുള്ളു. കളിയുടെ ഗതിയിൽ ചില മാറ്റങ്ങളെങ്കിലും വരുത്താൻ ആ സ്കോറിനു കഴിഞ്ഞേനെ. അർധ സെഞ്ചുറി നേടിയ ശേഷം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു കീറൺ പവൽ. ഷായ് ഹോപ്, റോവ്മാൻ പവൽ എന്നിവരുടെ കാര്യവും വ്യത്യസ്തമല്ല. സ്കോർബോർഡിൽ നോക്കുകയും എത്ര ഓവർ ബാക്കിയുണ്ടെന്നു മനസിലാക്കുകയും ചെയ്തിരുന്നെങ്കിൽ വിക്കറ്റു വലിച്ചെറിയാൻ അവർ തയാറാകുമായിരുന്നില്ല. 

രോഹിതിന്റെയും കോഹ്‌ലിയുടെയും ബാറ്റിങ്ങിൽ നിന്ന് അവർക്കേറെ പഠിക്കാനുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ നായകന്റെ. സെഞ്ചുറിക്കു ശേഷമാണു കോഹ്‌ലി ആദ്യ ലോഫ്റ്റഡ് ഷോട്ട് കളിക്കുന്നത്. ഇരുവരും അസാമാന്യ ഫോമിലായിരുന്നു. ഇന്നിങ്സിന്റെ ഗതിവേഗം അവർ നന്നായി നിയന്ത്രിച്ചു. അതീവ കൃത്യതയോടെ ചേസിങ് പൂർത്തിയാക്കി. ഫീൽഡിങ് പലപ്പോഴും ശരാശരിയാകുന്നു എന്നതു മാത്രമാവും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ഈ സംഘം ഉന്നതനിലവാരം ഗ്രൗണ്ട് ഫീൽഡിങ്ങിന്റെ കാര്യത്തിലെങ്കിലും പലപ്പോഴും പുലർത്താറുണ്ട്. പക്ഷേ, ഗുവാഹത്തിയിൽ ആ മികവ് അവകാശപ്പെടാൻ കഴിയില്ല. 

വിശാഖപട്ടണത്തെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുന്നതാണ്. അതുകൊണ്ടു മുൻ മൽസരത്തിലെ ഗതികേട് ബോളർമാർക്ക് അനുഭവിക്കേണ്ടി വരില്ല.

 ഇന്ത്യ കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തുമോ ? ഗുവാഹത്തിയിൽ ഉജ്വല സെഞ്ചുറി നേടിയ ഹെറ്റ്മിയർ ടെസ്റ്റ് പരമ്പരയ്ക്കിടെ മൂന്നു തവണയാണ് ഈ ഇടങ്കയ്യൻ ചൈനമാൻ ബോളർക്കെതിരെ കീഴടങ്ങിയത്.

 ആരെ ഒഴിവാക്കണമെന്നതാവും ടീം മാനേജ്മെന്റിന്റെ തലവേദന. ആരെ ഉൾപ്പെടുത്തണമെന്നതിനെക്കാൾ എത്രയോ ഭേദമാണ് ഈ പ്രശ്നം !