അവസാന മൂന്ന് ഏകദിനങ്ങൾക്ക് ഷമിയില്ല; ബുമ്ര, ഭുവി ടീമിൽ, ഷാ കാത്തിരിക്കണം

ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ

മുംബൈ∙ ആദ്യ രണ്ട് ഏകദിനങ്ങളിലെ ശരാശരി പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പേസ് ബോളിങ് വിഭാഗം അഴിച്ചുപണിത് വെസ്റ്റ് ഇൻഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ താരമായ ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവർ ടീമിൽ തിരിച്ചെത്തി. ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി എന്നിവരാണ് ടീമിൽനിന്ന് പുറത്തായത്.

പേസ് ബോളർമാരിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് ഷമിയുടെ പുറത്താകൽ അപ്രതീക്ഷിതമായി. ഷമിക്കൊപ്പം ടീമിൽ ഉണ്ടായിരുന്ന ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവർ വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെട്ടിട്ടും ടീമിൽ സ്ഥാനം നിലനിർത്തി. വിശാഖപട്ടണം ഏകദിനത്തിൽ ഉമേഷ് യാദവ് 10 ഓവറിൽ 78 റൺസ് വഴങ്ങിയിരുന്നു. ആദ്യ ഏകദിനത്തിൽ തിളങ്ങാനാകാതെ പോയ ഖലീൽ അഹമ്മദിനെ രണ്ടാം ഏകദിനത്തിൽ പുറത്തിരുത്തുകയും ചെയ്തു.

അതേസമയം, ബാറ്റിങ് ലൈനപ്പിൽ പുതിയ പരീക്ഷണങ്ങളില്ല. ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനം യുവതാരം പൃഥ്വി ഷായ്ക്ക് ഏകദിന ടീമിലേക്ക് വാതിൽ തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പരമ്പരയിൽ ഇതുവരെ അവസരം ലഭിക്കാത്ത ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ എന്നിവരെ നിലനിർത്തുകയും ചെയ്തു.

ഈ മാസം 27 (പുണെ), 29 (മുംബൈ), നവംബർ ഒന്ന് (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് പരമ്പരയിലെ ശേഷിക്കുന്ന മൽസരങ്ങൾ അരങ്ങേറുക. ഗുവാഹത്തിയിൽ നടന്ന ആദ്യ ഏകദിനത്തിൽ എട്ടു വിക്കറ്റിന്റെ കൂറ്റൻ ‍വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്. വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തിൽ വിൻഡീസ് ഇന്ത്യയെ ടൈയിൽ കുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തപ്പോൾ, വിൻഡീസിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇതേ സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ.

അവസാന മൂന്ന് ഏകദിനങ്ങൾക്കുള്ള ടീം: വിരാട് കോഹ്‌ലി, രോഹിത് ശർമ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, എം.എസ്. ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, കെ.എൽ. രാഹുൽ.