ടെസ്റ്റിൽനിന്ന് ധവാനും ‘ഔട്ട്’; ഓസീസിനെതിരെ രോഹിത്, വിജയ്, പാർഥിവ് ടീമിൽ

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് പര്യടനത്തിൽ ദയനീയ പ്രകടനത്തിലൂടെ ടെസ്റ്റ് ടീമിന് ബാധ്യതയായി മാറിയ ഓപ്പണർ ശിഖർ ധവാനെ സിലക്ടർമാർ ഒഴിവാക്കി. അതേസമയം, ഏകദിനത്തിൽ ധവാന്റെ ഓപ്പണിങ് പങ്കാളിയായ രോഹിത് ശർമയെ ടീമിലേക്കു തിരിച്ചുവിളിച്ചു. ഇംഗ്ലണ്ട് പര്യടനത്തിൽ മോശം പ്രകടനത്തെ തുടർന്ന് പരമ്പരയ്ക്കിടെ ടീമിനു പുറത്തായ ഓപ്പണർ മുരളി വിജയും ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ, വെറ്ററൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിനെയും ടീമിലേക്കു തിരിച്ചുവിളിച്ചത് അപ്രതീക്ഷിതമായി.

പരുക്കുമൂലം കുറച്ചുകാലമായി ടീമിലില്ലാത്ത ഹാർദിക് പാണ്ഡ്യയാണ് ഇക്കുറിയും അഭാവം കൊണ്ടു ശ്രദ്ധ നേടുന്ന താരം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്ന ഹാർദിക്, യുഎഇയിൽ നടന്ന ഏഷ്യാകപ്പിനിടെയാണ് പരുക്കേറ്റ് പുറത്തായത്. താരം പരുക്കിൽനിന്നു പൂർണമായും മോചിതനാകാത്ത സാഹചര്യത്തിലാണ് ടീമിലേക്ക് പരിഗണിക്കാതിരുന്നത്. ഏകദിന ലോകകപ്പിന് എട്ടു മാസം മാത്രം ശേഷിക്കെ ഹാർദിക്കിനെ പരുക്കു വിട്ടുമാറാത്തത് ടീമിനു തിരിച്ചടിയാണ്. ലോകകപ്പിനു മുന്നോടിയായി മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കാനുള്ള ബിസിസിഐയുടെ ശ്രമങ്ങൾക്കും ഇതു വിഘാതമാണ്. അതേസമയം, ഈ വർഷം അവസാനം ആരംഭിക്കുന്ന ന്യൂസീലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ ഹാർദ്ദിക്കിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ഹാർദിക് പാണ്ഡ്യ ഇനിയും പരുക്കിൽനിന്ന് പൂർണമായും മോചിതനായിട്ടില്ല. കുറഞ്ഞത് നവംബർ 15 വരെയെങ്കിലും അദ്ദേഹത്തിന് വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. ഹാർദിക്കിന്റെ അഭാവത്തിൽ അദ്ദേഹത്തോട് കിടപിടിക്കുന്ന ഒരു ഓൾറൗണ്ടറെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ അങ്ങനെയൊരാളില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു പകരക്കാരനായി ആരെയും ഉൾപ്പെടുത്താനും സാധിച്ചിട്ടില്ല. തൽക്കാലം ഹാർദ്ദികിന്റെ അഭാവത്തിൽ ഭുവനേശ്വർ കുമാർ ബാറ്റിങ്ങിലും കുറച്ചുകൂടി മികവു കാട്ടുമെന്നാണു പ്രതീക്ഷ’ – ടീം പ്രഖ്യാപിക്കവെ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉണ്ടായിരുന്ന മായങ്ക് അഗർവാളിനെ അരങ്ങേറ്റത്തിന് അവസരം നൽകാതെ ഒഴിവാക്കി. ഇരു മൽസരങ്ങളിലും മായങ്കിന് കളിക്കാനായിരുന്നില്ല. അതേസമയം, വിൻഡീസിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച് മാൻ ഓഫ് ദ് സീരീസായി മാറിയ യുവതാരം പൃഥ്വി ഷാ ടീമിലുണ്ട്. യുവതാരം ഋഷഭ് പന്തും വിക്കറ്റ് കീപ്പറുടെ റോളിൽ പാർഥിവ് പട്ടേലിനൊപ്പം ടീമിൽ ഇടംപിടിച്ചു.

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിശ്രമം അനുവദിക്കപ്പെട്ട പേസ് ബോളിങ് ദ്വയമായ ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര എന്നിവരെ തിരിച്ചുവിളിച്ചു. ഇവർക്കൊപ്പം ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ എന്നിവരും പേസ് ബോളർമാരായി ടീമിൽ ഇടംപിടിച്ചു. വിൻഡീസിനെതിരെ ടീമിൽ ഉണ്ടായിരുന്ന മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ എന്നിവരെ ഒഴിവാക്കി. പതിവുപോലെ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരാകും സ്പിൻ വിഭാഗം കൈകാര്യം ചെയ്യുക. ഇവർക്കൊപ്പം ഹനുമ വിഹാരിയുടെ ഓഫ് സ്പിന്നും ഇന്ത്യയ്ക്കു കരുത്താകും.

ശിഖർ ധവാന്റെ പുറത്താകലും രോഹിത് ശർമയുടെ തിരിച്ചുവരവുമാണ് ബാറ്റിങ് വിഭാഗത്തിലെ പ്രധാന വിശേഷങ്ങൾ. ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളിൽ അവിഭാഗ്യ ഘടകമാണെങ്കിലും ടെസ്റ്റിൽ ഇനിയും പൂർണമായും മികവു പ്രകടമാക്കാൻ സാധിക്കാത്ത താരമാണ് രോഹിത്. ഓസ്ട്രേലിയയിലെ വേഗമേറിയ പിച്ചുകളിൽ രോഹിതിന്റെ അനുഭവസമ്പത്തും ടീമിനു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീമിൽ ഉണ്ടായിരുന്നെങ്കിലും അതിനുശേഷം  ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരായ ടെസ്റ്റ് പരമ്പരകളിൽ രോഹിതിന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങളിൽ 20, 6, 0, 0 എന്നിങ്ങനെ ദയനീയ പ്രകടനം പുറത്തെടുത്തു പുറത്തായ മുരളി വിജയിന്റെ തിരിച്ചുവരവും ശ്രദ്ധേയമാണ്. ടീമിൽനിന്നു പുറത്തായതിനു പിന്നാലെ കൗണ്ടിയിൽ കളിക്കാൻ പോയ വിജയ്, എസ്സെക്സിനായി പുറത്തെടുത്ത ശ്രദ്ധേയമായ പ്രകടനങ്ങളാണ് അദ്ദേഹത്തിന് ടീമിൽ വീണ്ടും ഇടം സമ്മാനിച്ചത്. ഓസ്ട്രേലിയൻ മണ്ണിൽ വിജയിനുള്ള മികച്ച റെക്കോർഡും അദ്ദേഹത്തെ പരിഗണിക്കാൻ കാരണമായി.

ദേശീയ ടീം ജഴ്സിയിൽ പാർഥിവ് പട്ടേലിന്റെ തിരിച്ചുവരവും ശ്രദ്ധേയമാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ ഉഴറിയ പാർഥിവ് പിന്നീടു പുറത്താവുകയായിരുന്നു. വൃദ്ധിമാൻ സാഹ പരുക്കുമൂലം പുറത്തിരിക്കുന്ന സാഹചര്യത്തിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു പിന്നിൽ രണ്ടാമനായാണ്  പാർഥിവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനെട്ടാം വയസ്സിൽ ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറിയ പാർഥിവിന്,. അതേ രാജ്യത്തിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തു ടീമിൽ സ്ഥിരാംഗമാകാനുള്ള അവസരമാണ് ഈ പരമ്പര.

ക്യാപ്റ്റൻ വിരാട് കോഹ്‍ലി നേതൃത്വം നൽകുന്ന ബാറ്റിങ് വിഭാഗത്തിൽ ലോകേഷ് രാഹുൽ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കു ശേഷം നവംബർ 16നാണ് ഇന്ത്യൻ ടീ ഓസ്ട്രേലിയയിലേക്കു പോകുന്നത്. അവിടെ മൂന്നു മൽസരങ്ങളടങ്ങുന്ന ട്വന്റി20 പരമ്പരയ്ക്കു ശേഷമാകും ടെസ്റ്റ് ആരംഭിക്കുക. ഡിംസബർ ആറു മുതൽ അഡ്‍‌ലെയ്‌ലാണ് ആദ്യ ടെസ്റ്റ്.

ഇന്ത്യൻ ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, മുരളി വിജയ്, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശർമ, ഋഷഭ് പന്ത്, പാർഥിവ് പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ