ട്വന്റി20 ടീമിൽനിന്ന് ധോണിക്ക് വിശ്രമം അനുവദിച്ചതല്ല, ഒഴിവാക്കിയതാണെന്ന് റിപ്പോർട്ട്

മഹേന്ദ്രസിങ് ധോണി.

മുംബൈ∙ വെസ്റ്റ് ഇൻഡീസിനും ഓസ്ട്രേലിയയ്ക്കുമെതിരായ ട്വന്റി20 പരമ്പരകൾക്കുള്ള ടീമിൽനിന്നും എം.എസ്. ധോണിയെ ഒഴിവാക്കിയതാണെന്നു റിപ്പോർട്ട്. ധോണിയെ ഒഴിവാക്കിയതല്ല, വിശ്രമം അനുവദിച്ചതാണെന്ന് വാദം ഉയരുന്നതിനിടെയാണ് ഒഴിവാക്കിയതാണെന്ന വെളിപ്പെടുത്തൽ. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്വന്റി20യിൽ ധോണിക്കുശേഷം ആരെന്ന് തീരുമാനിക്കാനുള്ള സമയമായെന്ന് സിലക്ടർമാർ ടീം മാനേജ്മെന്റ് മുഖേന അദ്ദേഹത്തെ അറിയിച്ചതായാണ് റിപ്പോർട്ട്.

2020ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ധോണി ട്വന്റി20 ലോകകപ്പ് വരെ രാജ്യാന്തര ക്രിക്കറ്റിൽ തുടരാൻ സാധ്യതയില്ലാത്തതിനാൽ ഇപ്പോൾത്തന്നെ പകരക്കാരനെ കണ്ടെത്താനാണ് ശ്രമം. ഇക്കാര്യം ധോണിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസിനും ഓസ്ട്രേലിയയ്ക്കുമെതിരായ മൂന്നു മൽസരങ്ങൾ വീതമുള്ള പരമ്പരയിൽ യുവതാരം ഋഷഭ് പന്തിനെയാണ് ധോണിക്കു പകരം വിക്കറ്റ് കീപ്പറായി നിയോഗിച്ചിരിക്കുന്നത്. തമിഴ്നാടിന്റെ വെറ്ററൻ താരം ദിനേഷ് കാർത്തിക്കിനെയും കരുതലെന്ന നിലയിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ട്വന്റി20 ലോകകപ്പ് വരെ ധോണി തുടരാൻ സാധ്യതയില്ലാത്തതിനാൽ പകരക്കാരനെ ഇപ്പോൾത്തന്നെ കണ്ടെത്താനാണ് നീക്കം. ഇതോടെ ട്വന്റി20യിൽ ധോണി യുഗം ഏതാണ്ട് അവസാനിക്കുന്ന സൂചനകളാണ് ലഭിക്കുന്നത്. അതേസമയം, ഏകദിന ഫോർമാറ്റിൽ തുടരണമോയെന്ന കാര്യം സിലക്ടർമാർ ധോണിക്കു തന്നെ വിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പോടെ ധോണി രാജ്യാന്തര ക്രിക്കറ്റ് വിടാനാണ് സാധ്യത.

ഏകദിനത്തിൽ ലോകകപ്പ് വരെ ധോണിയുടെ സേവനം ടീമിന് ആവശ്യമുണ്ടെന്ന പക്ഷക്കാരാണ് സിലക്ഷൻ കമ്മിറ്റിയിൽ ഭൂരിഭാഗവും. ബാറ്റിങ്ങിൽ തീർത്തും നിറം മങ്ങുമ്പോഴും വിക്കറ്റിനു പിന്നിൽ ഓരോ മൽസരം കഴിയുന്തോറും അപാര ഫോമിലേക്കുയരുകയാണ് ധോണി. വിക്കറ്റ് കീപ്പറെന്ന നിലയിൽ മാത്രം പരിഗണിച്ചാൽ ഇപ്പോഴും ധോണിയെ വെല്ലാൻ ശേഷിയുള്ള താരങ്ങൾ നിലവിൽ ഇന്ത്യയിലുണ്ടോയെന്നു സംശയമാണ്. മാത്രമല്ല, ക്യാപ്റ്റനെന്ന നിലയിൽ ഏറെ മികവും അനുഭവ സമ്പത്തുമുള്ള ധോണിക്ക്, ഇക്കാര്യത്തിൽ സ്വതവേ പിന്നിലായ കോഹ്‍ലിയെ ലോകകപ്പ് വരെ സഹായിക്കാനാകുമെന്നും സിലക്ടർമാർ കണക്കുകൂട്ടുന്നു.