ഡബിൾ സ്ട്രോങ് കോഹ്‌ലി; സുനിൽ ഗാവസ്കർ എഴുതുന്നു

ടീം ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് മിക്ക താരങ്ങളും മികച്ച ഇന്നിങ്സുകൾ കളിക്കാറ്. വലിയ സ്കോർ പിൻതുടരുമ്പോഴുള്ള സമ്മർദ്ദത്തിന് അടിപ്പെടാതെ സ്വാഭാവിക ഗെയിം കളിക്കാൻ പറ്റുമെന്നതാണ് ഇതിനു കാരണം. ഇവിടെയും വിരാട് കോഹ്‌ലി വ്യത്യസ്തനാണ്.

നേടുന്ന റൺസിന്റെ കണക്കു മാത്രമല്ല, അതു നേടുമ്പോഴുള്ള സാഹചര്യങ്ങൾ കൂടിയാണു കോഹ്‌ലിയെ ബാറ്റിങ്ങിൽ ഒന്നാമനാക്കുന്നത്. ആദ്യം ബാറ്റ് ചെയ്യുമ്പോൾ എന്നതുപോലെ റൺചേസിലും കോഹ്‌ലി അപകടകാരിയാണ്. റൺ‌റേറ്റ് വർധിക്കുമ്പോഴുള്ള സമ്മർദത്തിന് അടിപ്പെടുന്ന ശരീശഭാഷയിലല്ല കോഹ്‌ലിയുടെ ബാറ്റിങ്. നിർണായക ഘട്ടങ്ങളിൽ ടീമിനെ തുണയ്ക്കുന്ന ഇന്നിങ്ങ്സുകളായിരിക്കണം ബാറ്റ്സ്മാന്റെ മികവിനുള്ള അളവുകോൽ. ഇവിടെയാണ് മറ്റെല്ലാവരും കോഹ്‌ലിയുടെ നിഴലിനുള്ളിലേക്കു ചുരുങ്ങുന്നത്.  

മൂന്നാം ഏകദിനത്തിൽ വിൻഡീസ് ഞെട്ടിച്ചുകളഞ്ഞു. തുടർച്ചയായി മൂന്നാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയെപ്പോലും കാഴ്ചക്കാരനാക്കിക്കൊണ്ടുള്ള വിജയത്തിലൂടെ പരമ്പരയിൽ ഗംഭീര തിരിച്ചുവരവാണു വിൻഡീസ് നടത്തിയത്. അവസാന ഓവറുകളിലെ ആഷ്‌ലി നഴ്സിന്റെ ബാറ്റിങ് വെടിക്കെട്ട് സമ്മാനിച്ച ബോണസ് റൺസും സ്കോറിനോടു ചേർന്നതോടെ മൽസരം ജയിക്കാൻ ഇന്ത്യയ്ക്കു മികച്ച തുടക്കം അനിവാര്യമായിരുന്നു. മനോഹരമായ പന്തിലൂടെ രോഹിത് ശർമയെ മടക്കിയ ജയ്സൻ ഹോൾഡർ വിൻഡീസിനു ആശിച്ച തുടക്കവും നൽകി. തുടർന്നുള്ള രണ്ടു കളികളിലും ഏകദിനത്തിലെ രണ്ടാം സ്ഥാനക്കാരുടെ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുത്തേ മതിയാകൂ എന്ന തിരിച്ചറിവ്  ഇന്ത്യയ്ക്കിപ്പോൾ ഉണ്ടായിട്ടുണ്ടാകണം.