രണ്ടു വിക്കറ്റ് കീപ്പർമാർ എന്തിന്? ഒരാളെ ഒഴിവാക്കണം: വിമർശനവുമായി വെങ്സർക്കാർ

ഋഷഭ് പന്ത്, മഹേന്ദ്രസിങ് ധോണി

മുംബൈ∙ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഒരേ സമയം രണ്ടു വിക്കറ്റ് കീപ്പർമാരെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരവും മുൻ ചീഫ് സിലക്ടറുമായ ദിലീപ് വെങ്സർക്കാർ രംഗത്ത്. ഒരു സ്പെഷലിസ്റ്റ് ബാറ്റ്മാനെ കളിപ്പിക്കുന്നതിനു പകരം രണ്ടു വിക്കറ്റ് കീപ്പർമാരെ ടീമിൽ ഉൾപ്പെടുത്തുന്നതാണ് ഇന്ത്യയുടെ പരാജയത്തിനു കാരണമെന്നും വെങ്സർക്കാർ അഭിപ്രായപ്പെട്ടു.

‘ഒരേസമയം രണ്ടു വിക്കറ്റ് കീപ്പർമാരെ കളിപ്പിക്കുന്നതിന്റെ യുക്തിയെന്താണ്? അതു ശരിയല്ല. അവസാന പതിനൊന്നു കളിക്കാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് തുടർച്ചയായി പിഴവു വരുത്തുന്നു’ – വെങ്സർക്കാർ ചൂണ്ടിക്കാട്ടി.

വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ മൂന്നു മൽസരങ്ങളിലും മഹേന്ദ്രസിങ് ധോണിയെ വിക്കറ്റ് കീപ്പറായി നിലനിർത്തിയ ഇന്ത്യൻ ടീം, യുവതാരം ഋഷഭ് പന്തിനെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായും ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ബാറ്റിങ്ങിന് അവസരം ലഭിച്ച രണ്ടു മൽസരങ്ങളിലും ഇരുവർക്കും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിക്കറ്റ് കീപ്പറായി ഒരാളെ നിലനിർത്തി, രണ്ടാമന്റെ സ്ഥാനത്ത് ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാനെക്കൂടി ഉൾപ്പെടുത്തണമെന്ന വെങ്സർക്കാറിന്റെ അഭിപ്രായം.

അതേസമയം, ഇതിൽ ആരെയാണ് നിലനിർത്തേണ്ടതെന്ന് ടീം മാനേജ്മെന്റാണ് തീരുമാനിക്കേണ്ടതെന്നും വെങ്സർക്കാർ ചൂണ്ടിക്കാട്ടി. ബാറ്റിങ്ങിൽ ധോണിയേക്കാൾ ഭേദമാണെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയിൽ ധോണിയുടെ അടുത്തെങ്ങുമെത്താൻ ഋഷഭ് പന്തിന് ഇനിയും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒരാളെ പുറത്തിരുത്തേണ്ടി വന്നാൽ അതാരെയെന്നു നിശ്ചയിക്കാൻ സിലക്ടർമാർ ബുദ്ധിമുട്ടേണ്ടി വരും.

ധോണിയുടെ ഇപ്പോഴത്തെ ബാറ്റിങ്ങിനെക്കുറിച്ച് ചോദിച്ചപ്പോൾ വെങ്സർക്കാരിന്റെ മറുപടി ഇങ്ങനെ:

‘ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ധോണി. ഏറ്റവും മികച്ച ക്യാപ്റ്റനും. എങ്കിലും കരിയറിൽ ഇത്തരം ബുദ്ധിമുട്ടേറിയ സന്ദർഭങ്ങൾ എല്ലാവരും നേരിട്ടിട്ടുണ്ടാകും. കായികക്ഷമതയിൽ ധോണി ഇപ്പോഴും മുന്നിലാണെങ്കിലും ഫോമിന്റെ കാര്യത്തിൽ സംശയമുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇപ്പോൾ കളിക്കാത്തതിന്റെ പ്രശ്നം ധോണിയുടെ പ്രകടനത്തിൽ നിഴലിക്കുന്നുണ്ട്. ഒപ്പം, ആഭ്യന്തര ക്രിക്കറ്റിൽനിന്നും വിട്ടുനിൽക്കുന്നതും അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. േനരെ വന്ന് രാജ്യാന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുകയെന്നത് ഏറെക്കുറെ അസാധ്യമാണ്.’