Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രാബോണിൽ വിശ്വരൂപം പൂണ്ടു രോഹിത്; വിൻഡീസ് ദേ, തവിടുപൊടി!

powell-is-out-run-out കീറൺ പവലിനെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കിയ കോഹ്‍ലിയുടെ ആഹ്ലാദം. ചിത്രം: വിഷ്ണു വി.നായർ

മുംബൈ ∙ ബാറ്റുകൊണ്ട് രോഹിത് ശർമയും അമ്പാട്ടി റായുഡുവും. ബോളിങ്ങിൽ ഇടംകയ്യൻ പേസർ ഖലീൽ അഹമ്മദും കൈക്കുഴ സ്പിന്നർ കുൽദീപ് യാദവും. ഇവർക്ക് ഉറച്ച പിന്തുണയുമായി ഊർജസ്വലതയുടെ പര്യായമായി ഫീൽഡർമാരും. മൽസരശേഷം ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഊറ്റം കൊണ്ടതുപോലെ, ‘പേപ്പറിലെ എല്ലാ കളങ്ങളിലും ടിക് ചെയ്താണ്’ ബ്രാബോണ്‍ സ്റ്റേഡിയത്തിൽ നടന്ന വിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ ജയിച്ചുകയറിയത്. പുണെ ഏകദിനത്തിനുശേഷം ടീം തിരഞ്ഞെടുപ്പിലെ ‘ബാലൻസിങ്ങി’ന്റെ പേരിൽ ഏറെ പഴികേട്ട ടീം മാനേജ്മെന്റ്, അതിവേഗം തികച്ചും ‘ബാലൻസ്ഡ്’ ആയിട്ടുള്ള ഒരു ടീമിനെ കണ്ടെത്തിയെന്നതും ശ്രദ്ധേയം. തിരുവനന്തപുരത്ത് കേരളപ്പിറവി ദിനത്തിൽ നടക്കാനിരിക്കുന്ന അവസാന ഏകദിനത്തിന്, ലക്ഷണമൊത്തൊരു ആവേശപ്പോരാട്ടമാകാൻ വഴിയൊരുക്കിയാണ് നാലാം ഏകദിനത്തിന് തിരശീല വീണത്.

നാലാം ഏകദിനത്തിലെ വിജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. ഗുവാഹത്തിയിൽ നടന്ന ഒന്നാം ഏകദിനം ഇന്ത്യയും പുണെയിൽ നടന്ന മൂന്നാം ഏകദിനം വിൻഡീസും ജയിച്ചിരുന്നു. വിശാഖപട്ടണത്തു നടന്ന രണ്ടാം മൽസരം ടൈയിൽ അവസാനിച്ചു. പരമ്പര ഉറപ്പിക്കാൻ ഇന്ത്യയും സമനില തേടി വിൻഡീസും തിരുവനന്തപുരത്തു കൊമ്പു കോർക്കുമ്പോൾ, കേരളപ്പിറവി ദിനത്തിൽ മലയാളി ആരാധകർക്ക് ആവേശപ്പോരാട്ടം കാണാനും അവസരമൊരുങ്ങി.

∙ ആദ്യന്തം ഇന്ത്യ, ഇന്ത്യ, ഇന്ത്യ!

ടോസ് മുതൽ വിൻഡീസ് ഇന്നിങ്സിലെ അവസാന വിക്കറ്റ് നിലം പൊത്തുന്നതുവരെ സന്ദർശകർക്ക് യാതൊരു പഴുതും അനുവദിക്കാതെയാണ് മുംബൈ ഏകദിനത്തിൽ ഇന്ത്യ വിജയം തൊട്ടത്. വിജയത്തിന്റെ വലുപ്പത്തേക്കാൾ, ജയിച്ച രീതിയാകും ടീം മാനേജ്മെന്റിനെ സന്തോഷിപ്പിക്കുക. കളിയാരാധകരെയും. തുടർച്ചയായ നാലാം മൽസരത്തിലും ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശർമ (162), അമ്പാട്ടി റായുഡു (100) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. 378 റൺസിന്റെ വമ്പൻ വിജലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിനെ 82 പന്തുകൾ ബാക്കിനിൽക്കെ 153 റൺസിന് ഓൾഔട്ടാക്കിയാണ് ഇന്ത്യ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കിയത്. റൺ അടിസ്ഥാനത്തിൽ ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ ജയമാണിത്. വിൻഡീസിന്റെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയും.

മൽസരത്തിലാകെ നാലു സിക്സുകൾ നേടിയ രോഹിത് ശർമ, ഇന്ത്യയ്ക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന രണ്ടാമത്തെ താരമായി മാറി. 195 സിക്സുകൾ നേടിയ സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡാണ് രോഹിത് തകർത്തത്. 211 സിക്സുകളുമായി മഹേന്ദ്സിങ് ധോണി മാത്രമാണ് ഇനി സിക്സുകളുടെ എണ്ണത്തിൽ രോഹിതിനു മുന്നിലുള്ള ഇന്ത്യക്കാരൻ. നിലവിൽ രോഹിതിന് 198 സിക്സുകളുണ്ട്.

ഏകദിനത്തിൽ സ്ഥിരം ഓപ്പണറായശേഷം (2013 ജനുവരി മുതൽ‌) 105 ഇന്നിങ്സുകളിൽനിന്ന് രോഹിത് ശർമ നേടിയിട്ടുള്ളത് 5413 റൺസാണ്. ഇക്കാലയളവിൽ രോഹിതിനേക്കാൾ റൺസ് നേടിയിട്ടുള്ളത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി മാത്രം (6171). മാത്രമല്ല, ഇക്കാലയളിൽ രോഹിതിനേക്കാൾ റൺ ശരാശരിയുള്ളത് കോഹ്‍ലി (67.81), എ.ബി. ഡിവില്ലിയേഴ്സ് (60.30) എന്നിവർക്കു മാത്രം. 59.48 ആണ് രോഹിതിന്റെ ശരാശരി. സെഞ്ചുറിയെണ്ണത്തിലും രോഹിതിനു മുന്നിൽ കോഹ്‍ലി മാത്രം. രോഹതിന്റെ പേരിലുള്ളത് 19 സെഞ്ചുറികൾ. കോഹ്‍ലി നേടിയതാകട്ടെ 25ഉം. ഇക്കാലയളവിൽ നേടിയ സിക്സുകളുടെ എണ്ണത്തിൽ രോഹിതിനു മുന്നിൽ ആരുമില്ല. രോഹിത് 175 സിക്സുകളാണ് നേടിയത്. ഏകദിനത്തിൽ ഏഴാം തവണയും 150 പിന്നിട്ട് റെക്കോർഡിട്ട രോഹിതിനു പിന്നിൽ അഞ്ചു തവണ 150 കടന്ന ഓസീസ് താരം ഡേവിഡ് വാർണർ.

ഇതിനിടെ, സ്കോർ ബോർഡിൽ നാലു റൺസുള്ളപ്പോൾ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഓപ്പണിങ് സഖ്യമായി രോഹിതും ധവാനും മാറി. സച്ചിൻ തെൻഡുൽക്കർ – വീരേന്ദർ സേവാഗ് സഖ്യത്തെയാണ് ഇവർ പിന്നിലാക്കിയത്. 93 ഇന്നിങ്സുകളിൽനിന്ന് 42.13 റൺ ശരാശരിയിൽ 3919 റൺസാണ് സച്ചിൻ–സേവാഗ് സഖ്യം നേടിയത്. ഇന്നത്തേത് ഉൾപ്പെടെ 87 ഇന്നിങ്സുകളിൽനിന്ന് 46.34 റൺസ് ശരാശരിയിൽ 3986 റൺസാണ് രോഹിത്–ധവാൻ സഖ്യത്തിന്റെ സമ്പാദ്യം. 136 ഇന്നിങ്സുകളിൽനിന്ന് 49.32 റൺ ശരാശരിയിൽ 6609 റൺസ് നേടിയ സച്ചിൻ–ഗാംഗുലി സഖ്യമാണ് ഇവർക്കു മുന്നിലുള്ളത്.

∙ തകർത്തടിച്ച് രോഹിത്, റായുഡു 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, കഴിഞ്ഞ മൽസരത്തിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് മുംബൈയിൽ ഇറങ്ങിയത്. ഋഷഭ് പന്തിനു പകരം കേദാർ ജാദവും യുസ്‍വേന്ദ്ര ചാഹലിനു പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. വിൻഡീസ് നിരയിൽ ഓബദ് മക്കോയ്ക്കു പകരം കീമോ പോൾ ടീമിലെത്തി.

ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ നാലാം തുടർ സെഞ്ചുറി കാണാനെത്തിയ ഇന്ത്യൻ ആരാധകർക്കായി മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ ‘ലോക്കൽ ബോയ്’ രോഹിത് ശർമ തീർത്ത റൺമഴയായിരുന്നു ഇന്ത്യൻ ഇന്നിങ്സിലെ ഹൈലൈറ്റ്. ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 150 പിന്നിടുന്ന താരമെന്ന സ്വന്തം റെക്കോർഡ് ഏഴായി പരിഷ്കരിച്ച് ബാറ്റിങ് വെടിക്കെട്ടു തീർത്ത രോഹിത് ശർമയുടെയും ഏകദിനത്തിലെ മൂന്നാം സെഞ്ചുറിയുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നാലാം നമ്പറില്‍ ഇരിപ്പുറപ്പിച്ച അമ്പാട്ടി റായുഡുവിന്റെയും മികവിൽ പരമ്പരയിലെ നാലാം ഏകദിനത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനു മുന്നിൽ ഉർത്തിയത് 378 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. വിൻഡീസ് ബോളിങ്ങിനെ തച്ചുടച്ച് നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 377 റൺസെടുത്തത്.

ഏകദിനത്തിൽ ഏഴാം തവണയും ഈ പരമ്പരയിൽ മാത്രം രണ്ടാം തവണയും 150 പിന്നിട്ട രോഹിത് 162 റൺസെടുത്തു പുറത്തായി. 137 പന്തിൽ 20 ബൗണ്ടറിയും നാലു പടുകൂറ്റൻ സിക്സുകളും നിറം ചാർത്തിയതാണ് രോഹിതിന്റെ ഇന്നിങ്സ്. നാലാം ഇരട്ടസെഞ്ചുറിയിലേക്ക് കുതിച്ച രോഹിതിനെ 44–ാം ഓവറിന്റെ അഞ്ചാം പന്തിൽ ആഷ്‍ലി നഴ്സാണ് പുറത്താക്കിയത്.

മറുവശത്ത്, രോഹിതിനെയും വെല്ലുന്ന ബാറ്റിങ് വെടിക്കെട്ട് കെട്ടഴിച്ച അമ്പാട്ടി റായുഡു, 80 പന്തിൽ എട്ടു ബൗണ്ടറിയും നാലു സിക്സും സഹിതമാണ് ഏകദിനത്തിലെ മൂന്നാം സെഞ്ചുറിയിലേക്ക് എത്തിയത്. ഒരു പന്തുകൂടി നേരിട്ട് ഇതേ സ്കോറിൽ ഫാബിയൻ അലന്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാവുകയും ചെയ്തു. 2015 ലോകകപ്പിനുശേഷം ഇന്ത്യയ്ക്കായി ഒരു നാലാം നമ്പർ താരം നേടുന്ന മൂന്നാമത്തെ മാത്രം സെഞ്ചുറിയാണ് റായുഡുവിന്റേത്. 2016ൽ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ മനീഷ് പാണ്ഡെ (പുറത്താകാതെ 104), 2017ൽ ഇംഗ്ലണ്ടിനെതിരെ കട്ടക്കിൽ യുവരാജ് സിങ് (150) എന്നിവരാണ് ഇക്കാര്യത്തിൽ റായുഡുവിന്റെ മുൻഗാമികൾ.

ഓപ്പണർ ശിഖർ ധവാൻ (40 പന്തിൽ 38), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (17 പന്തിൽ 16), മഹേന്ദ്രസിങ് ധോണി (15 പന്തിൽ 23) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. കേദാർ ജാദവ് (ഏഴു പന്തിൽ 16), രവീന്ദ്ര ജഡേജ (നാലു പന്തിൽ ഏഴ്) എന്നിവർ പുറത്താകാതെ നിന്നു. തുടർച്ചയായി മൂന്നു മൽസരങ്ങളിൽ സെഞ്ചുറി നേടിയശേഷമാണ് ഈ മൽസരത്തിൽ കോഹ്‍ലി 16 റൺസുമായി മടങ്ങിയത്. വിൻഡീസിനായി കെമർ റോച്ച് രണ്ടും ആഷ്‍ലി നഴ്സ്, കീമോ പോൾ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.‌

∙ അച്ചടക്കമുള്ള ബോളിങ്, തകർപ്പൻ ഫീൽഡിങ്

378 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത വിൻഡീസിനെ അച്ചടക്കമുള്ള ബോളിങ്ങിലൂടെയും ഊർജസ്വലമായ ഫീൽഡിങ്ങിലൂടെയും വരിഞ്ഞുമുറുക്കിയാണ് ഇന്ത്യ മൽസരം സ്വന്തമാക്കിയത്. സ്കോർ 20ൽ നിൽക്കെ രണ്ട് റണ്ണൗട്ടുകൾ ഉൾപ്പെടെ അവർക്ക് തുടർച്ചയായി മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്. 16 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സും സഹിതം 14 റൺസടുത്ത ഹേംരാജാണ് ആദ്യം പുറത്തായത്. ഭുവനേശ്വർ കുമാറിന്റെ പന്തിൽ അമ്പാട്ടി റായുഡു ക്യാച്ചെടുത്തു. അതേ ഓവറിൽത്തന്നെ ഷായ് ഹോപിനെ അക്കൗണ്ട് തുറക്കും മുൻ‌പ് കുൽദീപ് യാദവ് നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി. അടുത്ത ഓവറിൽ കീറൺ പവലിനെ (12 പന്തിൽ നാല്) വിരാട് കോഹ്‌ലിയും നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി പവലിയനിലെത്തിച്ചു.

അടുത്തത് ഖലീൽ അഹമ്മദിന്റെ ഊഴം. കഴിഞ്ഞ മൽസരത്തിൽ റണ്‍സേറെ വഴങ്ങിയിട്ടും ടീമിൽ നിലനിർത്തിയതിനു നന്ദി കാട്ടിയ ഖലീൽ, മൂന്ന് ഓവറിനിടെ മൂന്നു വിക്കറ്റെടുത്ത് വിൻഡീസിന്റെ തകർച്ച കൂടുതൽ കനത്തതാക്കി. 10–ാം ഓവറിന്റെ മൂന്നാം പന്തിൽ അപകടകാരിയായ ഹെറ്റ്മയറെ (11 പനതിൽ 13) എൽബിയിൽ കുരുക്കിയ ഖലീൽ, അടുത്ത ഓവറിൽ റൂവൻ പവലിനെ (ഒൻപതു പന്തിൽ ഒന്ന്) ക്ലീൻ ബൗൾഡാക്കി. മൂന്നാം വരവിൽ വെറ്ററൻ താരം മർലോൺ സാമുവൽസിനെ (23 പന്തിൽ 18) സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു.

ഏഴാം വിക്കറ്റിൽ ഫാബിയൻ അലനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ജേസൺ ഹോൾഡർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോർ 77ൽ നിൽക്കെ കുൽദീപ് യാദവ് അലന്റെ അന്തകനായി. 17 പന്തിൽ ഒരു ബൗണ്ടറി സഹിതം 10 റൺസെടുത്ത അലനെ കുൽദീപ് സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു. വിൻഡീസ് സ്കോർ 100 പിന്നിട്ടതിനു തൊട്ടുപിന്നാലെ ആഷ്‍ലി നഴ്സിനെയും സമാനമായ രീതിയിൽ കുൽദീപ് രോഹിതിന്റെ കൈകളിലെത്തിച്ചു. 13 പന്തിൽ ഒരു ബൗണ്ടറി സഹിതം എട്ടു റൺസായിരുന്നു നഴ്സിന്റെ സമ്പാദ്യം. സ്കോർ 132ൽ നിൽക്കെ കീമോ പോളും മടങ്ങി. രവീന്ദ്ര ജഡേജയുടെ പന്തിൽ ധോണി സ്റ്റംപു ചെയ്താണ് പോൾ മടങ്ങിയത്. ചെറിയ ചെറുത്തുനിൽപ്പിനുശേഷം കെമർ റോച്ചും കുൽദീപിന്റെ പന്തിൽ പുറത്തായതോടെ ഇന്ത്യയ്ക്ക് ആവേശജയം.

അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറിന്റെ (പുറത്താകാതെ 54) പോരാട്ടമാണ് കൂടുതൽ നാണക്കേടിൽനിന്നും വിൻഡീസിനെ കാത്തത്. 70 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഹോൾഡർ ഏകദിനത്തിലെ ഏഴാം അർധസെഞ്ചുറി സ്വന്തമാക്കിയത്. ഏഴാം വിക്കറ്റിൽ ഫാബിയൻ അലനൊപ്പം 21 റൺസും എട്ടാം വിക്കറ്റിൽ നഴ്സിനൊപ്പം 24 റൺസും ഒൻപതാം വിക്കറ്റിൽ കീമോ പോളിനൊപ്പം 31 റൺസും അവസാന വിക്കറ്റിൽ കെമർ റോച്ചിനൊപ്പം 21 റൺസും കൂട്ടിച്ചേർത്താണ് ഹോൾഡർ വിൻഡീസിനെ കനത്ത നാണക്കേടിൽനിന്നും രക്ഷിച്ചത്.

ഇന്ത്യയ്ക്കായി ഖലീൽ അഹമ്മദ് നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് 8.2 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കിയപ്പോൾ ഷായ് ഹോപ്, കീറൺ പവൽ എന്നിവർ ഇന്ത്യൻ ഫീൽഡർമാരുടെ ഉജ്വല ഫീൽഡിങ്ങിൽ റണ്ണൗട്ടായി.

related stories