സഞ്ചരിക്കാൻ ട്രെയിൻ, കൂട്ടിനു ഭാര്യ, കഴിക്കാൻ വാഴപ്പഴം; ടീം ഇന്ത്യയുടെ ലോകകപ്പ് ആവശ്യങ്ങൾ

വിരാട് കോഹ്‍ലി, ഭാര്യയും ചലച്ചിത്ര നടിയുമായി അനുഷ്ക ശർമ.

മുംബൈ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കെ ടീമിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായില്ലെങ്കിലും ഇംഗ്ലണ്ടിൽ ലഭ്യമാക്കേണ്ട സൗകര്യങ്ങളുടെ പട്ടികയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ നേതൃത്വത്തിൽ അടുത്തിടെ ചേർന്ന റിവ്യൂ മീറ്റിങ്ങിലാണ് ‘ലോകകപ്പ് ആവശ്യങ്ങൾ’ ടീം പ്രതിനിധികൾ മുന്നോട്ടുവച്ചത്. എന്തായാലും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിൽ ഇവർ വച്ച നിർദ്ദേശങ്ങൾ കണ്ടു ‘പകച്ചു’ നിൽക്കുകയാണ് ബിസിസിഐ.

ലോകകപ്പിനു പോകുമ്പോൾ ഭാര്യമാരെയും കൂടെക്കൊണ്ടുപോകാൻ അനുവദിക്കണമന്നതാണ് ആവശ്യങ്ങളുടെ പട്ടികയിൽ ഒന്നാമത്. ഇംഗ്ലണ്ടിൽ സഞ്ചരിക്കാൻ റിസർവ് ചെയ്ത ഒരു ട്രെയിൻ കംപാർട്മെന്റ്, താരങ്ങൾക്ക് കഴിക്കാൻ വാഴപ്പഴം, താമസിക്കാൻ ജിം സംവിധാനമുള്ള ഹോട്ടൽ തുടങ്ങിയവയാണ് ബിസിസിഐയ്ക്കു മുന്നിൽ താരങ്ങൾ വച്ചു മറ്റു ചില ‘ഡിമാൻഡുകൾ’.

ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം തീർത്തും മോശമായതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ റിവ്യൂ മീറ്റിങ് സംഘടിപ്പിച്ചത്. സിലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ്, ടീം പരിശീലകൻ രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോഹ്‍ലി എന്നിവർക്കൊപ്പം ടീമിന്റെ ഏകദിന, ടെസ്റ്റ് ടീമുകളുടെ വൈസ് ക്യാപ്റ്റൻമാരായ രോഹിത് ശർമ, അജിങ്ക്യ രഹാനെ തുടങ്ങിയവരും ഈ യോഗത്തിൽ സംബന്ധിച്ചിരുന്നു. ടീം മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ചിലത്:

∙ മതിയാവോളം വേണം, വാഴപ്പഴം

ടീം പ്രതിനിധികൾ മുന്നോട്ടുവച്ച ആവശ്യങ്ങളുടെ കൂട്ടത്തിൽ, വാഴപ്പഴം ലഭ്യമാക്കാനുള്ള താരങ്ങളുടെ അപേക്ഷ ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയെ ‘ഞെട്ടിച്ചുകളഞ്ഞതായി’ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ട് പര്യടനത്തിൽ താരങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴങ്ങൾ ലഭ്യമാക്കാൻ ആതിഥേയരായ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തയാറായില്ലെന്ന് ആരോപിച്ചാണ് ഏകദിന ലോകകപ്പിനായി പോകുമ്പോൾ വാഴപ്പഴം എത്തിക്കാൻ സംവിധാനമൊരുക്കണമെന്ന് ടീം പ്രതിനിധികൾ ആവശ്യമുന്നയിച്ചത്.

കൗതുകമുണർത്തുന്ന ഈ ആവശ്യത്തോടെ അനുകൂലമായി പ്രതികരിച്ച ഇടക്കാല ഭരണസമിതി, പരമ്പരയ്ക്കിടെ വാഴപ്പഴം ലഭ്യമാക്കാൻ ടീം മാനേജരോട് ആവശ്യപ്പെടാമായിരുന്നല്ലോ എന്നും താരങ്ങളോട് ചോദിച്ചു. ഇതിന്റെ ചെലവു വഹിക്കാൻ ആതിഥേയർ തയാറല്ലെങ്കിൽ ബിസിസിഐയുടെ ചെലവിൽ ആകാമായിരുന്നുവെന്നും ഇടക്കാല ഭരണസമിതി ചൂണ്ടിക്കാട്ടി.

∙ ലോകകപ്പ് കാലത്ത് ഭാര്യമാർ വേണം, ഒപ്പം

ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുന്നതു മുതൽ തിരികെ മടങ്ങുന്നതുവരെ ഭാര്യമാരെ ഒപ്പം നിർത്താനും താരങ്ങൾ അനുമതി തേടിയിട്ടുണ്ട്. നിലവിൽ, വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ ഒപ്പം കൊണ്ടുപോകുന്നതിന് ബിസിസിഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകകപ്പ് നാളുകളിൽ ഭാര്യമാരെയും ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന അഭ്യർഥന. മൽസരങ്ങൾക്കുശേഷം കൂടുതൽ ഉന്മേഷവാന്‍മാരാകാൻ ഇതു താരങ്ങളെ സഹായിക്കുമെന്നായിരുന്നു കോഹ്‍ലിയുടെയും സംഘത്തിന്റെയും വാദം.

ഇക്കാര്യത്തിൽ എല്ലാ താരങ്ങളുടെയും അഭിപ്രായം എഴുതിവാങ്ങിയശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന് ഇടക്കാല സമിതി വ്യക്തമാക്കി. ചില താരങ്ങൾ ഭാര്യമാരുമായി വരുന്നതു മറ്റു താരങ്ങൾക്ക് പ്രയാസം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അഭിപ്രായം എഴുതിവാങ്ങാൻ തീരുമാനിച്ചത്.

∙ യാത്ര ചെയ്യാൻ വേണം, റിസർവ്ഡ് കംപാർട്മെന്റ്

ഇതിനു പുറമെ, ഇംഗ്ലണ്ടിൽ ടീമിന്റെ യാത്രകൾ ട്രെയിനിൽ ആക്കണമെന്നും താരങ്ങൾ അഭ്യർഥിച്ചു. ഇംഗ്ലണ്ട് താരങ്ങൾ പൊതുവേ ട്രെയിനിലാണ് യാത്ര ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്. മുൻപ്, ടീം ബസിൽ ഭാര്യമാരെ ഒപ്പം കൊണ്ടുപോകുന്നതിന് ബിസിസിഐ താരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതോടെ, താരങ്ങളിൽ ചിലർ ഭാര്യമാർക്കൊപ്പം പ്രത്യേക വാഹനത്തിൽ യാത്ര ചെയ്യാൻ തുടങ്ങിയത് ടീമിന്റെ ഒത്തിണക്കത്തെ ബാധിച്ചു. ഇതോടെ, ഭാര്യമാരെ താരങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ അനുവദിക്കുന്നതിനു പകരം അവർക്കായി സ്വകാര്യ വാഹനം ഒരുക്കാമെന്നു ബിസിസിഐ നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് ബസ് മാറ്റി ടീമിന്റെ യാത്രകൾക്കായി ട്രെയിൻ കംപാർട്മെന്റ് ബുക്കു ചെയ്യണമെന്ന ആവശ്യം.

അതേസമയം, താരങ്ങളുടെ ഈ ആവശ്യത്തോട് സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഇടക്കാല ഭരണസമിതി വിയോജിച്ചതായാണ് റിപ്പോർട്ട്. താരങ്ങൾ ട്രെയിനിൽ യാത്ര ചെയ്താൽ ആരാധകർ പിന്നാലെ കൂടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെ ഇംഗ്ലണ്ട് ടീം അവിടെ ട്രെയിനിലാണ് യാത്ര ചെയ്യുന്നതെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. ആരാധകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഒരു കംപാർട്മെന്റ് മൊത്തത്തിൽ ബുക്കു ചെയ്യാമെന്നും നിർദ്ദേശം വച്ചു. ഇതോടെ, അഹിതമായത് എന്തു സംഭവിച്ചാലും ഭരണസമിതിക്കോ ബിസിസിഐയ്ക്കോ ഉത്തരവാദിത്തമുണ്ടാകില്ലെന്ന മുൻകൂർ ജാമ്യത്തോടെ ഇടക്കാല ഭരണസമിതി സമ്മതം മൂളി.