ബിസിസിഐക്ക് ഓംബുഡ്സ്മാനും സദാചാര ഓഫിസറും വൈകരുത്: ഭരണസമിതി

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അടുത്ത പൊതുയോഗത്തിനും തിരഞ്ഞെടുപ്പിനും മുൻപ് ഓംബുഡ്സ്മാനെയും സാദാചാര ഓഫിസറെയും നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഭരണസമിതി (സിഒഎ) സുപ്രീം കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് നൽകി.

സ്വതന്ത്രമായ പരാതി പരിഹാര സംവിധാനത്തിന് ഓംബുഡ്സ്മാൻ, സദാചാര ഓഫിസർ നിയമനം അത്യാവശ്യമാണെന്ന് ബിസിസിഐയുടെ പുതിയ ഭരണഘടന അനുശാസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതിയിൽനിന്നു വിരമിച്ച ചീഫ് ജസ്റ്റിസിനെയോ ജഡ്ജിയെയോ ഓംബുഡ്സ്മാനായി നിയമിക്കാം. കാലാവധി ഏറ്റവും കുറഞ്ഞത് ഒരു വർഷം. പരമാവധി മൂന്നു വർഷം.

പുതിയ ഭരണഘടന അനുസരിച്ചുവേണം പൊതുയോഗവും തിരഞ്ഞെടുപ്പും നടത്താനെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. സുപ്രീംകോടതി ഉത്തരവനുസരിച്ച് വേണ്ട മാറ്റങ്ങൾ ചില സംസ്ഥാന അസോസിയേഷനുകൾ വരുത്തിയിരുന്നു. ചില അസോസിയേഷനുകൾ എതിർത്തു നിൽക്കുന്നു. ഈ സാഹചര്യത്തിൽ തർക്കവിഷയങ്ങളിൽ വേഗം പരിഹാരം കണ്ടെത്താൻ ഓംബുഡ്സ്മാനെ എത്രയും വേഗം നിയമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇരട്ടപ്പദവി, ലൈംഗികാരോപണങ്ങൾ തുടങ്ങിയവയിൽ വേഗം പരിഹാരം കാണുന്നതിന് സദാചാര ഓഫിസർ നിയമനം സഹായിക്കും.