വിമർശനങ്ങൾ പെരുകുന്നു; ഇന്ത്യൻ ക്രിക്കറ്റിന് ഭാരമായി മാറിയോ, ധോണി?

മഹേന്ദ്രസിങ് ധോണി.

കേരളപ്പിറവി ദിനമായ ഇന്ന് തിരുവനന്തപുരത്തു നടക്കുന്ന ഇന്ത്യ- വിൻഡീസ് അഞ്ചാം ഏകദിനത്തിനു ശേഷം ഇന്ത്യ വൺഡേ കളിക്കുക 2019 ജനുവരി 12ന് ഓസ്‌ട്രേലിയയിലാണ്. അതുവരെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിക്കും കാത്തിരിപ്പ്. ചെറുതല്ലാത്ത ഈ ഇടവേളയിൽ എന്തും സംഭവിക്കാം, ലോകകപ്പിലെ പ്രകടനത്തെപ്പോലും ബാധിക്കുന്നതെന്തും! ട്വന്റി -20 മൽസരങ്ങൾക്കുള്ള ടീമിൽ പരിഗണിക്കാതിരുന്നപ്പോഴേ ധോണിക്കുമുന്നിലുള്ള വഴികൾ വ്യക്തമാണ്. ഇനി ആ ഫോർമാറ്റിൽ നോക്കേണ്ട. 2020ൽ നടക്കുന്ന ടി 20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുകയാണ് സിലക്ടർമാർ.

ദിനേഷ് കാർത്തിക്കും റിഷഭ് പന്തും സ്ഥാനത്തിനായി  മൽസരിക്കുമ്പോൾ 2020ലും ധോണി തുടരുമെന്ന് സിലക്ടർമാർ പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം ധോണിയെ അറിയിച്ചും കഴിഞ്ഞു. നാഷനൽ ഡ്യൂട്ടി ഫസ്റ്റ് എന്നു പറഞ്ഞ് പല മുതിർന്ന കളിക്കാരെയും മുൻപ് ടീമിൽനിന്നു പറഞ്ഞു വിട്ട ധോണിക്ക് അതു നന്നായി മനസ്സിലാകും. എന്നാൽ നിലവിലെ സാഹചര്യത്തിൽ 2019 ജൂണിൽ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഏകദിന ലോകകപ്പ് വരെ തുടരാനാണ് സാധ്യത. 37 വയസ്സുള്ള ധോണിയുടെ ബാറ്റിങ് ഫോം നോക്കിയാൽ ആ പരിഗണന ടീമിനു ഭാരമാകുമോയെന്നാണ് ഉറ്റു നോക്കുന്നത്. ഈ ഭാരം എന്ന ടാഗ് ലൈനാകും മഹിയുടെ തലയെയും മദിക്കുന്നത്.

വരുമോ സർപ്രൈസ്

സ്ഥാനമാനങ്ങളിൽ കടിച്ചു തൂങ്ങുന്ന പ്രകൃതക്കാരനല്ല, ഇന്ത്യയുടെ  എക്കാലത്തെയും കൂൾ ക്യാപ്റ്റൻ എംഎസ്. അപ്രതീക്ഷിതമായി ടെസ്റ്റിൽ നിന്നു വിരമിക്കുകയും, നായക സ്ഥാനം ത്യജിക്കുകയുമൊക്കെ ചെയ്തിട്ടുള്ളയാളാണ്. എന്നാൽ ഒരു കാര്യം നിശ്ചയിച്ചാൽ അതിൽനിന്നു പിൻമാറുന്നവനുമല്ല. രണ്ടു വർഷം മുൻപുതന്നെ എന്നു വിരമിക്കുമെന്ന ചോദ്യം ധോണി കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരിക്കൽ വാർത്താ സമ്മേളനത്തിനിടെ ഇതേ ചോദ്യം ചോദിച്ച വിദേശ മാധ്യമ പ്രവർത്തകനെ തന്റെ  അടുത്തേക്കു വിളിപ്പിച്ചു വിയർപ്പിച്ചയാളാണ് മഹി.

വിക്കറ്റിനിടയിലൂടെയുള്ള തന്റെ ഓട്ടത്തെക്കുറിച്ചെന്താണ് അഭിപ്രായമെന്ന് അന്ന് ധോണി ചോദിച്ചു. ധോണിയുടെ ഓട്ടമോ വിക്കറ്റ് കീപ്പിങ്ങോ അല്ല  ഇപ്പോൾ പ്രശ്‌നം. ബാറ്റിങ്ങിലാണ് വയ്യാവേലികൾ. വർഷങ്ങളായി സ്ഥിരതയില്ലാത്ത മധ്യനിരയുടെ നട്ടെല്ലാകാൻ ധോണിക്കാകുന്നില്ല. ബാറ്റിങ്  പൊസിഷനുകൾ പലതവണ മാറിയിട്ടും ബെസ്റ്റ് ഫിനിഷർക്കു താളം പിഴയ്ക്കുന്നു.

ഐപിഎല്ലിൽ പുറത്തെടുത്ത പ്രകടനമൊന്നും രാജ്യാന്തര ക്രിക്കറ്റിലേക്കെത്തിക്കാനും കഴിയുന്നില്ല. വിൻഡീസിനോട് ഇന്ത്യ തോറ്റ പുണെ ഏകദിനം തന്നെ പരിശോധിക്കാം. മറുവശത്ത് വിരാട് തകർത്തു കളിക്കുമ്പോൾ ധോണിക്ക് ഈ അറ്റം കാക്കുന്ന ജോലി ചെയ്താൽ മതിയായിരുന്നു. ഇന്ത്യയിലെ അപകട രഹിത പിച്ചിലായിരുന്നിട്ടും പക്ഷേ സാധിച്ചില്ല. പ്രതികൂല സാഹചര്യങ്ങളിൽ സിക്‌സറടിച്ച് ഒറ്റയ്ക്ക് കളി ജയിപ്പിച്ചിരുന്നയാൾക്കാണ് ഈ ഗതികേട്. മുൻ കളിക്കാരെല്ലാം ഒച്ചവച്ചു തുടങ്ങി, ഇനി ഒരു ദിവസം ധോണി എല്ലാം ഉപേക്ഷിക്കുമോയെന്നു കാത്തിരിക്കുന്നവരും കുറവല്ല.

മഹി അവിഭാജ്യ ഘടകമോ

സംശയം വേണ്ട, ഏകദിനത്തിൽ ആ തലച്ചോറും വിക്കറ്റ് കീപ്പിങ്ങും ടീം ഇന്ത്യയ്ക്ക് അനിവാര്യം തന്നെയാണ്. മികച്ച ബാറ്റ്‌സ്മാനെങ്കിലും ക്യാപ്റ്റൻസി കാര്യത്തിൽ കോഹ്‌ലി പുറകിലാണ്. നിർണായക ഘട്ടത്തിൽ തന്ത്രമോതാനും റിവ്യു എടുക്കുന്നതിലും ധോണിയുടെ സേവനം വിലമതിക്കാനാകാത്തതാണ്. ബോളർ വിക്കറ്റെടുക്കുന്നതുപോലെ തന്നെയാണ് വിക്കറ്റിനു പിന്നിലെ ധോണിയും. പ്രതീക്ഷിക്കാത്ത വിക്കറ്റു പോലുമാണ് അദ്ദേഹം മിന്നൽ വേഗത്തിൽ ബെയിൽസ് തെറിപ്പിച്ച് ഔട്ടാക്കി മാറ്റുന്നത്.

ഒരു മെയിൻ ബോളറുടെ സ്‌കില്ലിനൊപ്പം നിൽക്കുന്നു ധോണിയുടെ കീപ്പിങ്. ഇംഗ്ലിഷ് സാഹചര്യത്തിൽ ഇതു നിർണായകമാകുകയും ചെയ്യും. ദിനേഷ് കാർത്തിക്കും റിഷഭ് പന്തും ബോളിന്റെ ദിശയറിയാതെ ഒരുപാട് എക്‌സ്ട്രാ റൺസ് വഴങ്ങിയത് എല്ലാവരും കണ്ടതാണ്. ഓൾ റൗണ്ടർമാരില്ലാത്ത 5 പ്രധാന ബോളർമാരുടെ ടീമിനെ ഇറക്കുമ്പോഴാണ് ധോണിയുടെ ബാറ്റിങ്ങിലെ പ്രശ്‌നം ടീമിനു തലവേദനയാകുന്നത്. കേദാർ ജാദവും ഹാർദിക് പാണ്ഡ്യയുമൊക്കെ തിരിച്ചെത്തുമ്പോൾ അത് വിഷയമേ അല്ലാതാകും.

ആദ്യ ട്വന്റി 20 ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന് ക്രിക്കറ്റ് കിരീടത്തോടെ യാത്ര പറയാനുള്ള അവസരം കൊടുക്കുന്നത് എന്തുകൊണ്ടും നീതിയാകും. അതുവരെയുള്ള ക്ഷമ ഉണ്ടാകുമോയെന്നാണ് കാത്തിരിക്കുന്നത്. അത് ധോണിക്കായാലും. സിലക്ടർമാർക്കായാലും..