ഓസ്ട്രേലിയയിൽ ബീഫ് വേണ്ടേ വേണ്ട: ഭക്ഷണകാര്യത്തിൽ ഒത്തുതീർപ്പില്ലാതെ ടീം ഇന്ത്യ

ന്യൂഡൽഹി∙ രണ്ടു മാസം നീളുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവിൽ‌ മാറ്റങ്ങൾ‌ വരുത്താൻ നീക്കം. ഇന്ത്യൻ ടീമിന്റെ ഭക്ഷണ മെനുവിൽനിന്ന് ബീഫ് വിഭവങ്ങൾ ഒഴിവാക്കുന്നതിനാണ് ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയയോട് അഭ്യര്‍ഥിച്ചത്. ഇതിന്റെ ഭാഗമായി ബിസിസിഐയുടെ രണ്ടംഗ പ്രതിനിധി സംഘം ഓസ്ട്രേലിയയിലെത്തി. വേദികൾ പരിശോധിച്ചശേഷം ഭക്ഷണമെനുവിലെ മാറ്റത്തെക്കുറിച്ചും ഇവർ ഓസ്ട്രേലിയയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയും തമ്മിലുള്ള ഉടമ്പടിയിൽ ഇക്കാര്യം ഉൾപ്പെടുത്താനാകുമോയെന്നും പ്രതിനിധികൾ ചോദിച്ചു. ഓസ്ട്രേലിയയിൽനിന്നു താരങ്ങൾക്കു ലഭിക്കുന്നതു രുചിയില്ലാത്ത ഭക്ഷണമാണെന്നു പരാതി ഉയർന്നിരുന്നു. ടീമില്‍ വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരാണ് ഇത്തരം സാഹചര്യങ്ങളിൽ കഷ്ടപ്പെടുക. താരങ്ങൾക്കു നല്ല ഭക്ഷണം ലഭിക്കുന്നതിന് ബിസിഐ പ്രതിനിധികള്‍ ഓസ്ട്രേലിയയിലെ ഇന്ത്യൻ ഭക്ഷണശാലകളും സന്ദർശിച്ചതായാണു വിവരം.

നേരത്തേ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയും ഭക്ഷണം സംബന്ധിച്ച് ഒച്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ലോർഡ്സിൽ വച്ച് ഉച്ചഭക്ഷണത്തിന് ഇന്ത്യൻ ടീമിന് വരട്ടിയ ബീഫ് പാസ്ത വിളമ്പിയതായിരുന്നു പ്രശ്നങ്ങൾക്കു കാരണം. ഇവിടത്തെ മെനുവിന്റെ ചിത്രം ബിസിസിഐ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ രോഷവും ഇതിന്റെ പേരിൽ ഉയർന്നു. നവംബർ 21നാണ് ടീം ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനു തുടക്കമാകുന്നത്. നാല് ടെസ്റ്റ്, മൂന്ന് ഏകദിനം, മൂന്ന് ട്വന്റി20 മൽസരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുക. 

ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി അടുത്ത വർഷം ഇംഗ്ലണ്ടിൽ പോകുമ്പോൾ കഴിക്കുന്നതിന് വാഴപ്പഴം ആവശ്യമാണെന്ന് ഇന്ത്യന്‍ ടീമംഗങ്ങൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള റിവ്യു മീറ്റിങ്ങിലാണ് ടീം പ്രതിനിധികൾ ഈ ആവശ്യം ഉന്നയിച്ചത്. ലോകകപ്പിനു ഭാര്യമാരെയും കൂടെ കൊണ്ടുപോകണം, ഇംഗ്ലണ്ടിൽ സഞ്ചരിക്കുന്നതിന് റിസർവ് ചെയ്ത ഒരു ട്രെയിൽ കംപാർട്ട്മെന്റ് തുടങ്ങിയ ആവശ്യങ്ങളും ഇന്ത്യൻ താരങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്.