ആദ്യം വിറപ്പിച്ചു, പിന്നെ വിറച്ചു: വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം

മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിനെ അഭിനന്ദിക്കുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ

കൊൽക്കത്ത∙  ലോകചാംപ്യൻമാർ എന്ന പകിട്ടിലിറങ്ങിയ വെസ്റ്റ് ഇൻഡീസിനെ അഞ്ചു വിക്കറ്റിനു തകർത്ത് ട്വന്റി20 പരമ്പരയിലും ഇന്ത്യയ്ക്കു വിജയത്തുടക്കം. സ്കോർ: വെസ്റ്റ് ഇൻഡീസ്– 20 ഓവറിൽ എട്ടിന് 109. ഇന്ത്യ–17.5 ഓവറിൽ അഞ്ചിന് 110. മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് മാൻ ഓഫ് ദ് മാച്ച്. ട്വന്റി20യിൽ നൂറു വിക്കറ്റുകൾ എന്ന നേട്ടവും കുൽദീപ് പിന്നിട്ടു. ദിനേഷ് കാർത്തികും (31*) ക്രുനാൽ പാണ്ഡ്യയും (21*) ചേർന്ന അപരാജിതമായ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എം.എസ് ധോണിയില്ലാതെ സ്വന്തം മണ്ണിൽ ആദ്യ ട്വന്റി20 മൽസരത്തിനിറങ്ങിയ ഇന്ത്യ ഖലീൽ അഹ്മദ്, ക്രുനാൽ പാണ്ഡ്യ എന്നിവർക്ക് അരങ്ങേറ്റം നൽകി. വിൻഡീസിനെതിരെ നാലു ട്വന്റി20 മൽസരങ്ങൾക്കു ശേഷം ഇന്ത്യയുടെ ജയം കൂടിയാണിത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ വിൻഡീസിനെ തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ പേസർമാർ സമ്മർദ്ദത്തിലാക്കി. മൂന്നാം ഓവറിൽ തന്നെ ഉമേഷ് യാദവിന്റെ പന്തിൽ ദിനേഷ് രാംദിനെ നഷ്ടമായ വിൻഡീസിന് പിന്നീട് കരകയറാനായില്ല. മൂന്നു ഫോറടിച്ചു കളിച്ചു വന്ന ഷായ് ഹോപ്പ് (14) റൺഔട്ടായതും വിൻഡീസിനു നിർഭാഗ്യമായി. 15 ഓവറായപ്പോഴേക്കും ഏഴിന് 63 എന്ന നിലയിൽ പതറിയ വിൻഡീസിനെ പിന്നീട് ഫാബിയൻ അലനും (20 പന്തിൽ 27) കീമോ പോളുമാണ് (13 പന്തിൽ 15) നൂറു കടത്തിയത്. വെറും 13 റൺസ് വഴങ്ങിയാണ് കുൽദീപ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ഉമേഷ് യാദവ്, ഖലീൽ അഹ്മദ്, ജസ്പ്രീത് ബുമ്ര, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ടീമിലുൾപ്പെട്ടിരുന്നെങ്കിലും വയറുവേദന മൂലം അവസാനനിമിഷം ഭുവനേശ്വർ കുമാർ പിൻവാങ്ങിയതിനാലാണ് ഖലീലിന് അവസരം കിട്ടിയത്. ക്രുനാലും അരങ്ങേറ്റം ഗംഭീരമാക്കി. ആദ്യ ഓവറിൽ പത്ത് റൺസ് വഴങ്ങിയ ക്രുനാൽ പിന്നീട് മൂന്ന് ഓവറുകളിൽ നാലു റൺസ് മാത്രമാണ് വഴങ്ങിയത്  

ഓപ്പണർമാരായ രോഹിത് ശർമയെയും ശിഖർ ധവാനെയും പുറത്താക്കി അരങ്ങേറ്റ താരം ഒഷെയ്ൻ തോമസ് വിൻഡീസിന് പ്രതീക്ഷ നൽകി. എന്നാൽ ആദ്യം പാണ്ഡെ–രാഹുൽ കൂട്ടുകെട്ടും പിന്നീട് കാർത്തിക്–ക്രുനാൽ കൂട്ടുകെട്ടും ഇന്ത്യൻ ജയം അനായാസമാക്കി. 

സ്കോർ ബോർഡ് 

വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് റൺഔട്ട്–14, രാംദിൻ സി കാർത്തിക് ബി ഉമേഷ്–2, ഹെറ്റ്മെയർ സി കാർത്തിക് ബി ബുമ്ര–10, പൊള്ളാർഡ് സി പാണ്ഡെ ബി ക്രുനാൽ–14, ബ്രാവോ സി ധവാൻ ബി കുൽദീപ്–5, റോവ്‌മാൻ പവൽ സി കാർത്തിക് ബി കുൽദീപ്–4, കാർലോസ് ബ്രാത്‌വെയ്റ്റ് എൽബി ബി കുൽദീപ്–4, ഫാബിയൻ അലൻ സി ഉമേഷ് ബി ഖലീൽ–27, കീമോ പോൾ നോട്ടൗട്ട്–15, ഖാരി പിയറി നോട്ടൗട്ട്–9, എക്സ്ട്രാസ്–5. ആകെ 20 ഓവറിൽ എട്ടിന് 109. 

വിക്കറ്റ് വീഴ്ച: 1–16, 2–22, 3–28, 4–47, 5–49, 6–56, 7–63, 8–87. 

ബോളിങ്: ഉമേഷ് 4–0–36–1, ഖലീൽ 4–1–16–1, ബുമ്ര 4–0–27–1, ക്രുനാൽ 4–0–15–1, കുൽദീപ് 4–0–13–3. 

ഇന്ത്യ: രോഹിത് സി രാംദിൻ ബി ഒഷെയ്ൻ തോമസ്–6, ധവാൻ ബി ഒഷെയ്ൻ തോമസ്–3, രാഹുൽ സി ബ്രാവോ ബി ബ്രാത്‌വെയ്റ്റ്–16, പന്ത് സി ബ്രാവോ ബി ബ്രാത്‌വെയ്റ്റ്–1, പാണ്ഡെ സി ആൻഡ് ബി പിയെറി–19, കാർത്തിക് നോട്ടൗട്ട്–31, ക്രുനാൽ നോട്ടൗട്ട്–21, എക്സ്ട്രാസ്–13. ആകെ 17.5 ഓവറിൽ അഞ്ചിന് 110. 

വിക്കറ്റ് വീഴ്ച: 1–7, 2–16, 3–35, 4–45, 5–83.

ബോളിങ്: തോമസ് 4–0–21–2, പോൾ 3.5–0–30–0, ബ്രാത്‌വെയ്റ്റ് 4–1–11–2, പിയെറി 4–0–16–1, പൊള്ളാർഡ് 1–0–12–0, ഫാബിയൻ അലൻ 1–0–11–0.