അന്ന് കോഹ്‍ലിയുടെ വാക്കുകൾ തുണയായി: ഇന്ത്യൻ നായകന് നന്ദി പറഞ്ഞ് യുവതാരം

ഇന്ത്യൻ നായകൻ വിരാട് കോഹ്ലി

ന്യൂഡൽഹി∙ ഇന്ത്യ– വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മൽസരത്തിലാണു യുവതാരം ഷാർദുൽ താക്കൂർ രാജ്യാന്തര ടെസ്റ്റിൽ അരങ്ങേറുന്നത്. ഹൈദരാബാദ് രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ഇന്ത്യയുടെ 294–ാമത്തെ ടെസ്റ്റ് കളിക്കാരനുമായി താക്കൂർ. എന്നാൽ അന്നേ ദിവസം മറ്റു ചില കാര്യങ്ങൾ കൊണ്ടാണ് അദ്ദേഹം വാര്‍ത്തകളിൽ ഇടം പിടിച്ചത്. 1.4 ഓവറുകൾ മാത്രം എറിഞ്ഞ താക്കൂറിന് ഉടൻ പേശി വലിവ് അനുഭവപ്പെടുകയായിരുന്നു. ആദ്യ മൽസരത്തിലെ രണ്ടാം ഓവറിൽ‌ നാലു പന്തുകൾ എറിഞ്ഞപ്പോൾ തന്നെ കടുത്ത വേദന കാരണം ഷാർദുലിന് ഗ്രൗണ്ടിൽനിന്ന് പിൻവാങ്ങേണ്ടിവന്നു.

അത് സംഭവിച്ചപ്പോൾ എനിക്ക് ദേഷ്യവും കരച്ചിലും വന്നു. ആരാണ് ആദ്യ മൽസരം തന്നെ അങ്ങനെ ആയിത്തീരാൻ ആഗ്രഹിക്കുക?. അത് അതിഭീകരമായ അനുഭവമായിരുന്നു. പരാതി പറയുന്നതിനേക്കാളും നല്ലത് അന്ന് എന്താണു സംഭവിച്ചതെന്ന് ഉൾക്കൊള്ളുന്നതാണ്. എനിക്കത് കഴിഞ്ഞ കാര്യമാണ്. എത്രയും പെട്ടെന്നു പരുക്ക് മാറി ഗ്രൗണ്ടിൽ തിരികെയെത്തുകയാണു ലക്ഷ്യം– താക്കൂർ പറഞ്ഞു.

ഷാർദുൽ താക്കൂറിനു പരുക്ക് പറ്റിയപ്പോൾ തന്നെ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഡ്രസിങ് റൂമിലേക്കു കൈ ഉയർത്തി സന്ദേശം കൈമാറിയിരുന്നു. വിരാട് എന്തു പറ്റിയെന്നു ചോദിച്ചപ്പോൾ കളിക്കാന്‍ സാധിക്കില്ലെന്നു ഞാൻ തന്നെയാണു പറഞ്ഞത്. എന്റെ ടെൻഷനും കരച്ചിലും വിരാട് ഭായ് കണ്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകളാണ് എനിക്കു സഹായകമായത്. ഒരു കായിക താരത്തിനു പരുക്കേൽക്കുകയെന്നതു സാധാരണ കാര്യമാണെന്നാണ് കോഹ്‍ലി പറഞ്ഞത്. എല്ലാ ദിവസവും വിളിച്ച് പരുക്കിൽനിന്ന് മുക്തനാകാനുള്ള നിർദേശങ്ങളെല്ലാം അദ്ദേഹം പറഞ്ഞു തരും– താക്കൂർ പറഞ്ഞു.

ഇതാദ്യമായല്ല ഷാർദുൽ താക്കൂറിന് ഒരു രാജ്യന്തര പരമ്പര പരുക്കു കാരണം നഷ്ടമാകുന്നത്. ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരായ മൽസരത്തിൽ പരുക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പരമ്പര ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. മുംബൈയിൽ നിന്നുള്ള പേസ് ബോളറായ താക്കൂർ ഇന്ത്യയ്ക്കായി അഞ്ച് ഏകദിനങ്ങളും ഏഴ് ട്വന്റി20 മൽസരങ്ങളുമാണു കളിച്ചിട്ടുള്ളത്. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ കളിക്കാമെന്നാണു താരം പ്രതീക്ഷിക്കുന്നത്.