ദീപാവലി സ്പെഷൽ, ഈ രോ‘ഹിറ്റ് ഇന്നിങ്സ്’; ലക്നൗവിലും റൺമഴ, റെക്കോർഡ് മഴ

ലക്നൗവിൽ രോഹിത് ശർമയുടെ സെഞ്ചുറി പ്രകടനം.

ലക്നൗ∙ ദീപാവലി നാളിൽ ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തി ക്യാപ്റ്റൻ രോഹിത് ശർമ, ക്യാപ്റ്റൻ കൊളുത്തിവച്ച ആവേശമത്രയും ഏറ്റുപിടിച്ച് ഉജ്വല പ്രകടനവുമായി കളം നിറഞ്ഞു ബോളർമാരും ഫീൽഡർമാരും. മുൻ പ്രധാനമന്ത്രി ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള ലക്നൗ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മൽസരം ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് എന്നെന്നും ഓർമിക്കത്തക്കതാക്കിയാണ് ഇന്ത്യ–വിൻഡീസ് പരമ്പരയിലെ രണ്ടാം മൽസരത്തിനു തിരശീല വീണത്. 71 റൺസിനു ജയിച്ചുകയറിയ ഇന്ത്യ, ലോക ചാംപ്യൻമാരായ വെസ്റ്റ് ഇൻഡീസിനെതിരെ തങ്ങളുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ലക്നൗവിൽ സ്വന്തമാക്കിയത്. ഈ വിജയത്തിന് പരമ്പരനേട്ടമെന്ന സന്തോഷം ഇരട്ടിമധുരവുമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, രാജ്യാന്തര ട്വന്റി20യിലെ നാലാം സെഞ്ചുറിയുമായി റെക്കോർഡ് ബുക്കിലേക്ക് ബാറ്റുവീശിയ രോഹിത് ശർമയുടെ മികവിൽ 20 ഓവറിൽ നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 195 റൺസ്. മറുപടി ബാറ്റിങ്ങിൽ എതിരാളികളെ ഒരിക്കൽപ്പോലും നിലയുറപ്പിക്കാൻ അനുവദിക്കാതിരുന്ന ഇന്ത്യൻ ബോളർമാർ, സന്ദർശകരെ 124 റൺസിൽ വരിഞ്ഞുകെട്ടിയാണ് ആവേശജയം സ്വന്തമാക്കിയത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ 150+ സ്കോറുകളെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയ രോഹിത് ശർമ, രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡ് നേടുന്നതിനും ഈ മൽസരം സാക്ഷ്യം വഹിച്ചു. നേരത്തെ, 58 പന്തിൽ എട്ടു ബൗണ്ടറിയും ആറു സിക്സും സഹിതമാണ് രോഹിത് ട്വന്റി20യിലെ നാലാം സെഞ്ചുറി പിന്നിട്ടത്. ഓപ്പണറായി ഇറങ്ങിയ രോഹിത് 61 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും സഹിതം 111 റൺസുമായി പുറത്താകാതെ നിന്നു. ലോകേഷ് രാഹുൽ 14 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 26 റൺസുമായി കൂട്ടുനിന്നു. ഓപ്പണിങ് വിക്കറ്റിൽ ശിഖർ ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് (123) തീർത്ത് ഇന്നിങ്സിന് അടിത്തറയിട്ട രോഹിത്, പിരിയാത്ത മൂന്നാം വിക്കറ്റിൽ ലോകേഷ് രാഹുലിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും (62) തീർത്താണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ ഉറപ്പാക്കിയത്.

തകർത്തടിച്ച് രോഹിത്, നിലം തൊടാതെ വിൻഡീസ്

കൊൽക്കത്തയിൽ നടന്ന ആദ്യ മൽസരത്തിൽ കളിച്ച ടീമിൽ ഓരോ മാറ്റവുമായാണ് ഇന്ത്യയും വിൻഡീസും ഇറങ്ങിയത്. ഇന്ത്യൻ നിരയിൽ ഉമേഷ് യാദവിനു പകരം ഭുവനേശ്വർ കുമാറും വിൻഡീസ് നിരയിൽ റൂവൻ പവലിനു പകരം നിക്കോളാസ് പുരാനും ഇടം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം സാവധാനത്തിലായിരുന്നു. വിൻഡീസിന്റെ അതിവേഗ ബോളർ ഒഷാനെ തോമസിന്റെ ആദ്യ ഓവർ നേരിട്ട രോഹിത് ശർമ, പിച്ചിനെ മനസ്സിലാക്കാനുള്ള ശ്രമത്തിൽ ആദ്യ ഓവർ മെയ്ഡനാക്കി. എന്നാൽ പതുക്കെ കളം പിടിച്ച രോഹിതും ധവാനും പിന്നീട് കത്തിക്കയറുകയായിരുന്നു. ദീപാവലി ദിനത്തിൽ സ്റ്റേഡിയം നിറച്ചെത്തിയ ആരാധകരെ ഇരുവരും ചേർന്ന് റൺമഴയിൽ വിരുന്നൂട്ടി.

രോഹിതായിരുന്നു കൂടുതൽ അപകടകാരി. ബൗണ്ടറികളേക്കാൾ കൂടുതൽ സിക്സിനോട് ഇഷ്ടം കാട്ടിയ ഹിറ്റ്മാൻ, വെറും 38 പന്തിലാണ് അർധസെഞ്ചുറി പിന്നിട്ടത്. മൂന്നു വീതം ബൗണ്ടറിയും സിക്സും സഹിതമാണ് രോഹിത് 50 കടന്നത്. അർധസെഞ്ചുറി പിന്നിട്ടതിനു പിന്നാലെ രോഹിത് കൂടുതൽ അപകടകാരിയായി. മറുവശത്ത് മികച്ച റൺനിരക്ക് സൂക്ഷിച്ച് ബാറ്റു ചെയ്ത ധവാൻ ഉറച്ച പിന്തുണ നൽകി. 13–ാം ഓവറിന്റെ രണ്ടാം പന്തിൽ ഇന്ത്യ 100 കടന്നു.

എന്നാൽ, അർധസെഞ്ചുറിയിലേക്കുള്ള പ്രയാണത്തിനിടെ ധവാൻ പുറത്തായി. 41 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 43 റൺസെടുത്ത ധവാനെ ഫാബിയൻ അലനാണ് പുറത്താക്കിയത്. നിക്കോളാസ് പുരാൻ ക്യാച്ചെടുത്തു. പിന്നാലെ ആറു പന്തിൽ ഒരു ബൗണ്ടറി സഹിതം അഞ്ചു റൺസുമായി ഋഷഭ് പന്തും പുറത്തായി. ഖാരി പിയറിയുടെ പന്തിൽ ഷിമ്രോൺ ഹെറ്റ്മയർ ക്യാച്ചെടുത്തു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച രോഹിത്–ലോകേഷ് രാഹുൽ സഖ്യം ഇന്ത്യൻ‌ സ്കോർ 150 കടത്തി. ഇരുവരും അനായാസം ബൗണ്ടറികൾ കണ്ടെത്തിയതോടെ 17.2 ഓവറിലാണ് ഇന്ത്യ 150 പിന്നിട്ടത്. നാലാം സെഞ്ചുറിയും പിന്നിട്ട് മുന്നേറിയ രോഹിത് ഒടുവിൽ ഇന്ത്യൻ സ്കോർ 195ൽ എത്തിച്ചു.

കളം നിറഞ്ഞ് ഇന്ത്യൻ ബോളർമാർ

196 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ അനുവദിക്കാതെയാണ് ഇന്ത്യൻ ബോളർമാർ വിജയം പിടിച്ചെടുത്തത്. വിൻഡീസ് ഇന്നിങ്സിൽ ശ്രദ്ധേയമായ വ്യക്തിഗത പ്രകടനങ്ങളോ കൂട്ടുകെട്ടുകളോ ഉണ്ടായില്ല. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ ആഞ്ഞടിച്ച കാർലോസ് ബ്രാത്‍വയ്റ്റ്–കീമോ പോൾ സഖ്യം കൂട്ടിച്ചേർത്ത 33 റണ്‍സാണ് വിൻഡീസിന്റെ ഉയർന്ന കൂട്ടുകെട്ട്.

വിൻഡീസ് ഇന്നിങ്സിലെ വിക്കറ്റ് വീഴ്ച നോക്കുക:

1-7 (ഷായ് ഹോപ്, 1.3 ഓവർ), 2-33 (ഹെറ്റ്മയർ, 5.2 ഓവർ), 3-48 (ബ്രാവോ, 7.3 ഓവർ), 4-52 (പുരാൻ, 7.6 ഓവർ), 5-68 (പൊള്ളാർഡ്, 10.4 ഓവർ), 6-81 (രാംദിൻ, 13.4 ഓവർ), 7-81 (അലൻ, 13.5 ഓവർ), 8-114 (കീമോ പോൾ 18.4 ഓവർ), 9-116 (ഖാരി പിയറി, 19.2 ഓവർ).

നിലയുറപ്പിക്കാൻ ഒരു ഘട്ടത്തിലും വിൻഡീസിനായില്ലെന്നു വ്യക്തം. വിൻഡീസ് നിരയിൽ രണ്ടക്കം കടന്നതുതന്നെ ആകെ അഞ്ചു പേരാണ്. 18 പന്തിൽ നാലു ബൗണ്ടറി സഹിതം 23 റൺസെടുത്ത ഡാരൻ ബ്രാവോയാണ് ടോപ് സ്കോറർ. ഹെറ്റ്മയർ (14 പന്തിൽ 15), ദിനേഷ് രാംദിൻ (17 പന്തിൽ 10), കീമോ പോൾ (21 പന്തിൽ 20), ക്യാപ്റ്റൻ കാർലോസ് ബ്രാത്‍വയ്റ്റ് (19 പന്തിൽ പുറത്താകാതെ 15) എന്നിവരാണ് ബ്രാവോയ്ക്കു പുറമെ രണ്ടക്കം കടന്നവർ. ഷായ് ഹോപ് (എട്ടു പന്തിൽ ആറ്), നിക്കോളാസ് പുരാൻ (മൂന്നു പന്തിൽ നാല്), പൊള്ളാർഡ് (11 പന്തിൽ ആറ്), ഫാബിയൻ അലൻ (പൂജ്യം), ഖാരി പിയറി (ഒന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഒഷാനെ തോമസ് അവസാന ഓവറിൽ ബുമ്രയ്ക്കെതിരെ നേടിയ രണ്ടു ബൗണ്ടറി സഹിതം എട്ടു റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഫാബിയൻ അലൻ ക്രുനാൽ പാണ്ഡ്യയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി.

ലക്നൗവിലും റെക്കോർഡ് പെയ്ത്ത്

∙ രോഹിതിന്റെ നാലാം ട്വന്റി20 സെഞ്ചുറിയിൽ ഒതുങ്ങുന്നില്ല, ഈ മൽസരം സമ്മാനിക്കുന്ന റെക്കോർഡ് കാഴ്ചകൾ. ട്വന്റി20യിൽ ഇന്ത്യയുടെ തുടർച്ചയായ ഏഴാം പരമ്പര വിജയമാണ് ലക്നൗവിൽ സ്വന്തമാക്കിയത്. ഇതിൽ നാലു പരമ്പര വിജയങ്ങളും വിദേശത്തായിരുന്നു. ന്യൂസീലൻഡിനെതിരെ ഇന്ത്യയിൽ (2–1), ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയിൽ (3–0), ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ നാട്ടിൽ (2–1), ബംഗ്ലദേശും ശ്രീലങ്കയും ഉൾപ്പെട്ട നിദാഹാസ് ട്രോഫി കിരീട വിജയം, അയർലൻഡിനെ അവരുടെ നാട്ടിൽ (2–0), ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ (2–1), വെസ്റ്റ് ഇൻഡീസിനെ ഇന്ത്യയിൽ (2–0, അവസാന മൽസരം ഞായറാഴ്ച) എന്നിവയാണ് ഇന്ത്യ തുടർച്ചയായി സ്വന്തമാക്കിയ ട്വന്റി20 പരമ്പരകൾ.

∙ വെസ്റ്റ് ഇൻഡീസ് ഈ വർഷം ട്വന്റി20 മൽസരത്തിൽ തോൽക്കുന്നത് ഇത് എട്ടാം തവണയാണെന്ന പ്രത്യേകതയുമുണ്ട്. ഇതും റെക്കോർ‍ഡാണ്. മുൻപ് 2010ലും 2014ലും ഏഴു തവണ വീതം തോറ്റ വിൻഡീസ്, ഏറ്റവും കൂടുതൽ ട്വന്റി20 മൽസരങ്ങളിൽ തോറ്റ വർഷമായി 2018 മാറി.

∙ 86 മൽസരങ്ങളിൽനിന്ന് 2203 റൺസ് തികച്ച രോഹിത്, രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്റ്റിലിനു പിന്നിൽ രണ്ടാമതെത്തി. 75 മൽസരങ്ങളിലെ 73 ഇന്നിങ്സുകളിൽനിന്ന് 34.40 റൺസ് ശരാശരിയിൽ രണ്ടു സെഞ്ചുറിയും 14 സിക്സും സഹിതം 2271 റൺസാണ് ഗപ്റ്റിലിന്റെ സമ്പാദ്യം. 86 മൽസരങ്ങളിലെ 79 ഇന്നിങ്സുകളിൽനിന്ന് നാലു സെഞ്ചുറിയും 15 അർധസെഞ്ചുറികളും സഹിതമാണ് രോഹിത് 2203 റൺസ് നേടിയത്. ഇന്നത്തെ ഒറ്റ ഇന്നിങ്സുകൊണ്ട് കോഹ്‍ലി (2102), ബ്രണ്ടൻ മക്കല്ലം (2140) എന്നിവർ രോഹിതിനു പിന്നിലായി.

∙ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളിൽ രോഹിത് രണ്ടാമതെത്തി. ഇതുവരെ 96 സിക്സുകളാണ് രോഹിത് നേടിയിട്ടുള്ളത്. 103 സിക്സുമായി ക്രിസ് ഗെയ്‍ൽ, മാർട്ടിൻ ഗപ്റ്റിൽ എന്നിവരാണ് ഒന്നാം സ്ഥാനത്ത്. 91 സിക്സുകളുമായി മക്കല്ലം മൂന്നാമതും 83 സിക്സുമായി ഷെയ്ൻ വാട്സൻ നാലാം സ്ഥാനത്തുമുണ്ട്.

∙ വ്യക്തിഗത സ്കോർ 11ൽ നിൽക്കെ രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി രോഹിത് ശർമ മാറി. 62 രാജ്യാന്തര ട്വന്റി20 മൽസരങ്ങളിൽനിന്ന് 48.88 റൺസ് ശരാശരിയിൽ 2102 റൺസ് നേടിയ വിരാട് കോഹ്‍ലിയുടെ റെക്കോർഡാണ് 86–ാം മൽസരത്തിൽ രോഹിത് മറികടന്നത്.

∙ ശിഖർ ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടു പൂർത്തിയാക്കിയ രോഹിത്, രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയാകുന്ന താരമായി. ഇത് എട്ടാം തവണയാണ് രോഹിത് സെഞ്ചുറി കൂട്ടുകെട്ടിൽ പങ്കാളിയാകുന്നത്. 

∙ ക്യാപ്റ്റനെന്ന നിലയിൽ ട്വന്റി20യിൽ രണ്ടു സെഞ്ചുറി നേടുന്ന ആദ്യ താരവുമായി രോഹിത്.

∙ ട്വന്റി20യിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായും രോഹിത് മാറി. ട്വന്റി20 കരിയറിലെ എട്ടാമത്തെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരമാണ് രോഹിത് ഇന്നലെ സ്വീകരിച്ചത്. 10പുരസ്കാരങ്ങൾ നേടിയ വിരാട് കോഹ്‍ലിയാണ് ഇക്കാര്യത്തിൽ രോഹിതിനു മുന്നിലുള്ളത്. ഏഴു പുരസ്കാരങ്ങൾ നേടിയ യുവരാജ് മൂന്നാമതുണ്ട്.

∙ രാജ്യാന്തര ട്വന്റി20യിൽ ഒരു ഓവർ പൂർണമായും മെയ്ഡൻ ആക്കിയ ശേഷം സെഞ്ചുറി നേടുന്ന ആദ്യ താരവുമായി രോഹിത്.

∙ 2018ൽ മാത്രം 66 സിക്സുകൾ നേടിയ രോഹിത്, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന സ്വന്തം റെക്കോർഡ് മെച്ചപ്പെടുത്തി. 2017ൽ നേടിയ 65 സിക്സുകളുടെ റെക്കോർഡാണ് രോഹിത് പരിഷ്കരിച്ചത്. 2015ൽ 63 സിക്സ് നേടിയ എ.ബി. ഡിവില്ലിയേഴ്സാണ് ഇക്കാര്യത്തിൽ മൂന്നാമത്.

∙ ട്വന്റി20യിൽ ഒരു ഇന്നിങ്സിൽത്തന്നെ സെഞ്ചുറിയും മൂന്നു ക്യാച്ചും നേടുന്ന ആദ്യ താരമായും രോഹിത് മാറി.

∙ വ്യക്തിഗത സ്കോർ 20ൽ നിൽക്കെ ശിഖർ ധവാൻ രാജ്യാന്തര ട്വന്റി20യിൽ 1000 റൺസ് പിന്നിട്ടു. 42–ാം മൽസരത്തിലാണ് ധവാൻ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയ്ക്കായി ട്വന്റി20യിൽ 1000 റൺസ് പിന്നിടുന്ന ആറാമത്തെ താരമാണ് ധവാൻ.