അസ്ഹറിനെ വിമർശിച്ച്, ഡൽഹി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഗംഭീർ; ബിജെപിയിലേക്ക്?

ന്യൂ‍ഡൽഹി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ ഉന്നമിട്ടുള്ള രൂക്ഷ വിമർശനങ്ങൾക്കു പിന്നാലെ ‍ഡൽഹി രഞ്ജി ടീം ക്യാപ്റ്റൻ സ്ഥാനം കൂടി രാജിവച്ചതോടെ, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേരുന്നുവെന്ന പ്രചാരണം കൊഴുക്കുന്നു. പുതിയ തലമുറയ്ക്ക് വഴിമാറുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് ഗൗതം ഗംഭീർ ഡൽഹി രഞ്ജി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. ഇതോടെ, താരം ബിജെപിയിൽ ചേർന്ന് 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന അഭ്യൂഹം ശക്തമായി.

കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഒന്നാം ട്വന്റി20 മൽസരത്തിനു മുന്നോടിയായി പരമ്പരാഗത ബെൽ മുഴക്കാൻ മുഹമ്മദ് അസ്ഹറുദ്ദീനെ അനുവദിച്ചതിനെതിരെ വിമർശനമുയർത്തി ഗംഭീർ രംഗത്തെത്തിയിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ താരത്തെ ബെൽ മുഴക്കാൻ അനുവദിച്ചുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

അസ്ഹറുദ്ദീൻ ബെൽ മുഴക്കുന്ന ചിത്രം സഹിതം ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെ:

‘ഈഡൻ ഗാർഡൻസിൽ ഇന്ത്യ ജയിച്ചു എന്നതു സത്യം തന്നെ. എങ്കിലും ബിസിസിഐ, ഇടക്കാല ഭരണസമിതി, ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ എന്നിവർ പരാജയപ്പെട്ടിരിക്കുന്നു. അഴിമതിക്കെതിരായ പോരാട്ടം ഞായറാഴ്ചകളിൽ അവധിയെടുക്കുന്നതായി തോന്നുന്നു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അദ്ദേഹത്തിന് അനുമതി നൽകിയ വിവരം എനിക്ക് അറിയാഞ്ഞിട്ടല്ല. ഇതു പക്ഷേ ഞെട്ടിച്ചു കളഞ്ഞു. അപായമണി മുഴങ്ങുന്നു, അധികാരികൾ ശ്രദ്ധിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം’

ഗംഭീറിന്റെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനവുമായി ചില ആരാധകർ രംഗത്തെത്തിയിരുന്നു. മുൻപ്, ഇതേ അസ്ഹറുദ്ദീനുമൊത്ത് ഒരു ചാനൽ പരിപാടിയിൽ ഗംഭീർ വേദി പങ്കിട്ട കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങളിലേറെയും. 2009ൽ കോൺഗ്രസിൽ ചേർന്ന് ലോക്സഭാംഗമായി മാറിയ അസ്ഹറിനെതിരായ ഗംഭീറിന്റെ വിമർശനത്തിൽ രാഷ്ട്രീയമുണ്ടെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. ഗംഭീർ ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ വിലയിരുത്തൽ.

ഇതിനു പിന്നാലെ, ഗംഭീർ ഡൽഹി രഞ്ജി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുക കൂടി ചെയ്തതോടെ മുപ്പത്തിയേഴുകാരനായ താരത്തിന്റെ രാഷ്ട്രീയ പ്രവേശം വീണ്ടും ചർച്ചയാവുകയാണ്. ഗംഭീർ സ്ഥാനമൊഴിഞ്ഞതോടെ നിതീഷ് റാണയാണ് ഡൽഹിയുടെ പുതിയ നായകൻ. പുതു തലമുറയ്ക്കു വഴിമാറിക്കൊടുക്കുന്നുവെന്നാണ് വിശദീകരണമെങ്കിലും ക്രിക്കറ്റ് കളം വിട്ട് രാഷ്ട്രീയക്കളം പിടിക്കാനുള്ള ഗംഭീറിന്റെ നീക്കമായാണ് ഒരു വിഭാഗം ഇതിനെ വ്യാഖ്യാനിക്കുന്നത്.

ഡൽഹി രജീന്ദർ നഗർ സ്വദേശിയായ ഗംഭീറിനെ, മീനാക്ഷി ലേഖിയുടെ പകരക്കാരനായി ലോക്സഭയിലേക്കു മൽസരിപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. നിലവിൽ എംപിയായ മീനാക്ഷി ലേഖിയെക്കുറിച്ച് ജനങ്ങൾക്ക് മതിപ്പില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഗംഭീറിനെ കൊണ്ടുവരാനുള്ള ശ്രമം. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ ഗംഭീറിന്റെ പേര് ബിജെപിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത് ഇതാദ്യമല്ല.