Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ സ്കോറുകളുടെ ‘അധിപൻ’, സിക്സുകളുടെ ‘ആറാം തമ്പുരാൻ’; ഇതു രോ‘ഹിറ്റ്’ ശർമ!

rohit-sharma-lucknow ട്വന്റി20യിലെ നാലാം സെഞ്ചുറി പ്രകടനത്തിനുശേഷം രോഹിത് മടങ്ങുന്നു.

ലക്നൗ∙ ഓരോ മൽസരം പിന്നിടുമ്പോഴും റെക്കോർഡുകളിൽനിന്ന് റെക്കോർഡുകളിലേക്ക് ബാറ്റുവീശുന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ വഴിയേയാണ്, കോഹ്‍ലിയുടെ അഭാവത്തിൽ ടീമിനെ നയിക്കാൻ നിയോഗിക്കപ്പെടുന്ന രോഹിത് ശർമയും. ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറികളും 150+ സ്കോറുകളും സ്വന്തം പേരിലുള്ള രോഹിത്, ട്വന്റി20യിലും മറ്റൊരു നാഴികക്കല്ല് ലക്നൗവിൽ പിന്നിട്ടു; ഏറ്റവും കൂടുതൽ സെഞ്ചുറികൾ (നാല്)!

ഓരോ മൽസരവും കഴിയുന്തോറും കൂടുതൽ അദ്ഭുതപ്പെടുത്തുകയാണ് ഈ താരം. സ്വതവേ അലസനെന്നു തോന്നുമെങ്കിലും ബാറ്റെടുത്താൽ രോഹിത് അലമ്പനാണ്. ക്യാപ്റ്റന്റെ സമ്മർദ്ദം കൂടി തലയിലുണ്ടെങ്കിൽ പറയാനുമില്ല. ട്രാക്കിലായിക്കഴിഞ്ഞാൽ രോഹിതിനേപ്പോലെ അപകടകാരിയായ ബാറ്റ്സ്മാൻ സമകാലീന ക്രിക്കറ്റിലുണ്ടോ എന്നു സംശയമാണ്. ഇക്കാര്യത്തിൽ രോഹിതിനോടു കിടപിടിക്കുന്ന സാക്ഷാൽ എ.ബി. ഡിവില്ലിയേഴ്സാകട്ടെ, അകാലത്തിൽ കളം വിടുകയും ചെയ്തു.

വലിയ സ്കോറുകളാണ് രോഹിതിന് എന്നും പ്രിയം. സാധാരണ താരങ്ങൾ അർധസെഞ്ചുറി, സെഞ്ചുറി തുടങ്ങിയ നാഴികക്കല്ലുകളിൽ പോരാട്ടം അവസാനിപ്പിക്കുമ്പോൾ, അവിടെനിന്നും ഒന്നോ രണ്ടോ പടികൂടി അധികം പോകാനുള്ള ‘അസാധാരണത്വ’മാണ് രോഹിതിനെ വേറിട്ടു നിർത്തുന്നത്. വിരാട് കോഹ്‍ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൻ തുടങ്ങിയ പ്രതിഭാധനരായ ഒരുകൂട്ടം താരങ്ങൽക്കിടയിൽ രോഹിതിനെ വേറിട്ട് അടയാളപ്പെടുത്തുന്നതും വലിയ സ്കോറുകളോടുള്ള ഈ അഭിനിവേശം തന്നെ. ഒപ്പം, വലിയ സ്കോറുകളിലേക്കുള്ള കടന്നാക്രമണങ്ങളും രോഹിതിനെ വ്യത്യസ്തനാക്കുന്നു.

∙ ട്വന്റി20യിൽ സെഞ്ചുറികൾ നാല്!

രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം, ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന ഇന്ത്യക്കാരിൽ ഒന്നാമൻ തുടങ്ങിയ റെക്കോർഡുകൾ സ്വന്തമാക്കിയ മൽസരത്തിലാണ് ട്വന്റി20 കരിയറിലെ നാലാം സെഞ്ചുറിയും രോഹിത് സ്വന്തം പേരിലാക്കിയത്. ഇതുവരെ ന്യൂസീലൻഡ് താരം കോളിൻ മൺറോയ്ക്കൊപ്പം മൂന്നു സെഞ്ചുറിയുമായി പങ്കുവച്ചിരുന്ന റെക്കോർഡാണ് ലക്നൗവിലെ ദീപാവലി സ്പെഷൽ ഇന്നിങ്സിനൊടുവിൽ രോഹിതിന്റെ മാത്രം പേരിലായത്.

rohit-sharma-century

86 മൽസരങ്ങളിലെ 79 ഇന്നിങ്സുകളിൽനിന്നാണ് രോഹിത് നാലാം സെഞ്ചുറി സ്വന്തമാക്കിയത്. 48 മൽസരങ്ങളിലെ 45 ഇന്നിങ്സുകളിൽനിന്നാണ് മൺറോ മൂന്നു സെഞ്ചുറി നേടിയത്. രണ്ടു സെഞ്ചുറി വീതം നേടിയിട്ടുള്ള ആരോൺ ഫിഞ്ച്, ക്രിസ് ഗെയ്‍ൽ, മാർട്ടിൻ ഗപ്റ്റിൽ എന്നിവർ ഇവർക്കു പിന്നിൽ മൂന്നാമതുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ മാത്രം രണ്ടു സെഞ്ചുറി നേടിയിട്ടുള്ള രോഹിത് ഇക്കാര്യത്തിലും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു.

ട്വന്റി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി കൂട്ടുകെട്ടുകളിൽ (എട്ട്) പങ്കാളിയായതിനു പിന്നാലെ, ശിഖർ ധവാനൊപ്പം ഏറ്റവും കൂടുതൽ റൺസ് നേടിയ കൂട്ടുകെട്ട് എന്ന റെക്കോർഡും രോഹിതിനു സ്വന്തം. 39 ഇന്നിങ്സുകളിൽനിന്ന് 1155 റൺസാണ് രോഹിത്–ധവാൻ സഖ്യം ഇതുവരെ നേടിയത്. പിന്നിലാക്കിയത് 37 ഇന്നിങ്സുകളിൽനിന്ന് 1154 റൺസ് നേടിയ ഡേവിഡ് വാർണർ–ഷെയ്ൻ വാട്സൻ കൂട്ടുകെട്ടിനെ.

∙ ഏകദിനത്തിൽ 150+ സ്കോറുകളുടെ തോഴൻ

ഏകദിനത്തിൽ 150+ സ്കോറുകളാണ് എന്നും രോഹിതിന്റെ വീക്‌നസ്! ഏഴു തവണയാണ് രോഹിത് 150 റൺസിനു മുകളിൽ സ്കോർ ചെയ്തിട്ടുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മാത്രം രണ്ടു തവണ 150 കടന്നു രോഹിത്. ഇക്കാര്യത്തിൽ, അഞ്ചു തവണ 150 പിന്നിട്ട സച്ചിൻ തെൻഡുൽക്കറിനെയാണ് രോഹിത് പിന്നിലാക്കിയത്. നാലു തവണ വീതം 150 കടന്ന ശ്രീലങ്കൻ താരം സനത് ജയസൂര്യ, വിൻഡീസിന്റെ ക്രിസ് ഗെയ്‍ൽ, ഓസീസിന്റെ ഡേവിഡ‍് വാർണർ, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല എന്നിവരെല്ലാം രോഹിതിനു പിന്നിൽ മൂന്നാം സ്ഥാനത്തു മാത്രം.

rohit-century

മാത്രമല്ല ഏകദിനത്തിൽ ഏറ്റവും കൂടുതൽ 150+ സ്കോറുകൾക്കു പുറമെ ഏറ്റവും കൂടുതൽ ഇരട്ടസെഞ്ചുറികളും (മൂന്ന്), 250+ സ്കോറും (ഒന്ന്) രോഹിതിന്റെ പേരിലാണ്.

∙ സിക്സുകളുടെ ‘ആറാം തമ്പുരാൻ’

സിക്സുകളോടുള്ള പ്രിയമാണ് രോഹിതിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകം. കൂടുതൽ താരങ്ങളും ബൗണ്ടറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പന്തുകൾ എങ്ങനെ നിലം തൊടാതെ ഗാലറിയിലെത്തിക്കാം എന്നാണ് രോഹിതിന്റെ ചിന്ത. നിലവിൽ ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ രണ്ടാമത്തെ താരമാണ് രോഹിത്. സിക്സുകളിൽ ഇരട്ടസെഞ്ചുറി പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരവും.

ഇതുവരെ 187 ഇന്നിങ്സുകളിൽനിന്ന് 202 സിക്സുകളാണ് രോഹിതിന്റെ സമ്പാദ്യം. മുന്നിലുള്ള ഏക ഇന്ത്യക്കാരൻ മഹേന്ദ്രസിങ് ധോണി. സമ്പാദ്യം 281 ഇന്നിങ്സുകളിൽനിന്ന് 218 സിക്സുകൾ. ധോണിയുടെ റെക്കോർഡ് അധികം വൈകാതെ രോഹിതിനു മുന്നിൽ വഴിമാറുമെന്ന് നൂറുവട്ടം. ഏകദിനത്തിൽ ഇനി രോഹിതിനേക്കാൾ സിക്സ് നേടിയ താരങ്ങൾ ധോണിയുൾപ്പെടെ ആറു പേർ മാത്രം. ഇതിൽ എ.ബി. ഡിവില്ലിയേഴ്സ് (204), ധോണി (218) എന്നിവർ കയ്യെത്തും ദൂരത്താണ്. സനത് ജയസൂര്യ (270), ക്രിസ് ഗെയ്‍ൽ (275) എന്നിവരും മറികടക്കാവുന്ന ദൂരത്തുണ്ട്. 369 ഇന്നിങ്സുകളിൽനിന്ന് 351 സിക്സുമായി പാക്ക് താരം ഷാഹിദ് അഫ്രീദി മാത്രം ബഹുദൂരം മുന്നിലാണ്.

rohit-50

ട്വന്റി20യിൽ കുറച്ചുകൂടി എളുപ്പമാണ് രോഹിതിനു കാര്യങ്ങൾ. നിലവിൽ 79 ഇന്നിങ്സുകളിൽനിന്ന് 96 സിക്സുമായി രണ്ടാം സ്ഥാനത്താണ് രോഹിത്. മുന്നിലുള്ള മാർട്ടിൻ ഗപ്റ്റിൽ, ക്രിസ് ഗെയ്‍ൽ എന്നിവരുടെ പേരിലുള്ളത് 103 സിക്സുകൾ മാത്രം. മനസ്സുവച്ചാൽ ഞായറാഴ്ച നടക്കുന്ന മൂന്നാം ട്വന്റി20യിൽത്തന്നെ കൂടുതൽ സിക്സുകൾ എന്ന നേട്ടം രോഹിതിനു സ്വന്തമാക്കാമെന്നു ചുരുക്കം. അതിനു വേണ്ടത് ഏഴേ ഏഴു സിക്സുകൾ!

ടെസ്റ്റ്, ഏകദിന, ട്വന്റി20 കരിയറിലായി ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരങ്ങളിൽ രോഹിത് ആറാം സ്ഥാനത്താണ്. 308 ഇന്നിങ്സുകളിൽനിന്നായി 320 സിക്സുകളാണ് ആകെ സമ്പാദ്യം. ഷാഹിദ് അഫ്രീദി (508 ഇന്നിങ്സുകളിൽനിന്ന് 476 സിക്സ്), ക്രിസ് ഗെയ്‍ൽ (513 ഇന്നിങ്സ്, 476 സിക്സ്) എന്നിവർ മുന്നിൽ. ബ്രണ്ടൻ മക്കല്ലം (474 ഇന്നിങ്സ്, 398 സിക്സ്), സനത് ജയസൂര്യ (651 ഇന്നിങ്സ്, 352 സിക്സ്), എം.എസ്. ധോണി (505 ഇന്നിങ്സ്, 343 സിക്സ്), എ.ബി. ഡിവില്ലിയേഴ്സ് (484 ഇന്നിങ്സ്, 328 സിക്സ്) എന്നിവർ മാത്രം മുന്നിൽ. ഇതിൽ ക്രിക്കറ്റിൽ ഇപ്പോഴും സജീവമായിട്ടുള്ളത് കരിയറിന്റെ സായാഹ്നത്തിലുള്ള ധോണി മാത്രം.

rohit-sharma-fifty-vs-bangladesh

ഒരു കലണ്ടർ വർഷത്തിൽ ടെസ്റ്റ്, ഏകദിന, ട്വന്റി20 മൽസരങ്ങളിൽനിന്നായി ഏറ്റവും കൂടുതൽ സിക്സ് നേടിയിട്ടുള്ള താരവും മറ്റാരുമല്ല. ഈ കലണ്ടർ വർഷത്തിൽ (2018) മാത്രം 36 മൽസരങ്ങളിലെ 38 ഇന്നിങ്സുകളിൽനിന്ന് രോഹിത് നേടിയത് 69 സിക്സുകളാണ്. 2017ൽ 32 മൽസരങ്ങളിലെ 33 ഇന്നിങ്സുകളിൽനി്നന് നേടിയ 65 സിക്സുകളുടെ സ്വന്തം റെക്കോർഡാണ് രോഹി‍ത് മറികടന്നത്. 2015ൽ 32 മൽസരങ്ങളിലെ 34 ഇന്നിങ്സുകളിൽനിന്ന് 63 സിക്സ് നേടിയ ‍ഡിവില്ലിയേഴ്സാണ് ഈ പട്ടികയിൽ മൂന്നാമത്.

ഒറ്റ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളിൽ ഒന്നാമനാണ് രോഹിത്. ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ താരങ്ങളിൽ ഒന്നാമതുള്ളതും മറ്റാരുമല്ല. 2013ൽ ബെംഗളൂരുവിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇരട്ടസെഞ്ചുറി കുറിക്കുമ്പോൾ നേടിയ 16 സിക്സുകളാണ് രോഹിതിനെ ഒന്നാമതാക്കിയത്. എ.ബി. ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്‍ൽ എന്നിവരും ഒരു ഇന്നിങ്സിൽ 16 സിക്സ് വീതം നേടിയിട്ടുണ്ട്. 2014ൽ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 264 റൺസ് നേടിയപ്പോൾ അകമ്പടിയായി അടിച്ചുകൂട്ടിയ 33 ബൗണ്ടറികളാണ് മറ്റൊരു റെക്കോർഡ്. 25 ബൗണ്ടറികൾ വീതം ഒറ്റ ഇന്നിങ്സിൽ നേടിയിട്ടുള്ള സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ് എന്നിവർ ഇക്കാര്യത്തിൽ രണ്ടാമതാണ്.

related stories