‘പന്തെറിഞ്ഞു കളിച്ച്’ കിവികൾ; ഒറ്റപ്പന്തിൽ പാക്കിസ്ഥാൻ ഓടിയെടുത്തത് 5 റൺസ്!

ന്യൂസീലൻഡിനെതിരെ അഞ്ചാം റൺസ് പൂർത്തിയാക്കുന്ന ഫഹീം–ആസിഫ് സഖ്യം.

ദുബായ്∙ ന്യൂസീലൻഡും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാം ഏകദിനം മഴ കൊണ്ടുപോയെങ്കിലും മൽസരത്തിനിടെ പിറന്ന ഒരു അപൂർവ നിമിഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒറ്റപന്തിൽനിന്ന് പാക്കിസ്ഥാൻ താരങ്ങൾ അഞ്ചു റൺസ് ഓടിയെടുക്കുന്നതിന്റെ വിഡിയോയാണിത്. ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ടോം ലാഥത്തിന്റെ പിഴവിൽനിന്നാണ് പാക്കിസ്ഥാന് ഇത്തരത്തിൽ അഞ്ചു റൺസ് ലഭിച്ചത്.

പാക് ഇന്നിങ്സിന്റെ 49–ാം ഓവറിലാണ് സംഭവം. ബോൾ ചെയ്യുന്നത് ട്രെന്റ് ബോൾട്ട്. ക്രീസിൽ ഫഹീം അഷ്റഫും ആസിഫ് അലിയും. ഓവറിലെ നാലാം പന്ത് ഫഹിം അഷ്റഫ് ഡീപ് സ്ക്വയർ ലെഗ്ഗിലേക്ക് ഫ്ലിക് ചെയ്തു. ഉയർന്നുപോയ പന്ത് ബൗണ്ടറിക്കരികെ സേവ് ചെയ്ത ഫീൽഡർ അതു വിക്കറ്റ് കീപ്പർ ടോം ലാഥത്തിന് എറിഞ്ഞുകൊടുത്തു. അപ്പോഴേക്കും പാക് ജോഡി മൂന്നു റൺസ് പൂർത്തിയാക്കിയിരുന്നു.

റണ്ണൗട്ടിനുള്ള നേരിയ സാധ്യത മുതലെടുക്കാൻ ലാഥം പന്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞു. അവിടെ പിടിക്കാൻ ആളില്ലാതെ പോയതോടെ പാക്ക് താരങ്ങൾ ഒരു റൺ കൂടി ഓടിയെടുത്തു. ഇതിനിടെ പന്തു ഫീൽഡ് ചെയ്ത മറ്റൊരു താരം ലാഥത്തിന് എറിഞ്ഞുകൊടുത്തെങ്കിലും അതു കയ്യിലൊതുക്കാനായില്ല. ഇതോടെ ഫഹീം–ആസിഫ് സഖ്യം അഞ്ചാം റണ്ണും ഓടിയെടുത്തു. സംഭവത്തിന്റെ വിഡിയോ ചുവടെ: