ഗംഭീറിനും ധോണിക്കും മുൻപേ മൊർത്താസ രാഷ്ട്രീയത്തിലേക്ക്; തിരഞ്ഞെടുപ്പിൽ മൽസരിക്കും

മഷ്റഫെ മൊർത്താസ് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കൊപ്പം.

ധാക്ക∙ ബംഗ്ലദേശ് ഏകദിന ടീമിന്റെ നായകനായ മഷ്റഫെ മൊർത്താസ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. അടുത്ത മാസം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ അവാമി ലീഗിനെ പ്രതിനിധീകരിച്ച് അദ്ദേഹം മൽസരിക്കുമെന്ന് ബംഗ്ലദേശിലെ മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുപ്പത്തഞ്ചുകാരനായ മൊർത്താസയുടെ രാഷ്ട്രീയ പ്രവേശനത്തിന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പച്ചക്കൊടി കാട്ടിയതായാണ് റിപ്പോർട്ട്. അധികാരത്തിൽ ഹാട്രിക് തികയ്ക്കാനൊരുങ്ങുകയാണ് ഷെയ്ഖ് ഹസീന.

പടിഞ്ഞാറൻ ബംഗ്ലദേശിലെ നരെയ്‌ൽ സ്വദേശിയായ മൊർത്താസ, അവിടെനിന്നു തന്നെയാകും ജനവിധി തേടുക. മൊർത്താസ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കൊപ്പം നിൽക്കുന്ന ചിത്രവുമായാണ് തിങ്കളാഴ്ച ബംഗ്ലദേശിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഇറങ്ങിയത്. ക്രിക്കറ്റ് താരങ്ങൾ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത് ഏഷ്യൻ രാജ്യങ്ങളിൽ സാധാരണമാണെങ്കിലും സജീവ ക്രിക്കറ്റിൽ തുടരുന്ന താരം രാഷ്ട്രീയത്തിലേക്കു പോകുന്നത് അപൂർവമാണ്.

ഇമ്രാൻ ഖാൻ പാക്കിസ്ഥാനിലും നവ്ജ്യോത് സിങ് സിദ്ധു ഇന്ത്യയിലും രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും അവർ ക്രിക്കറ്റ് രംഗം ഒഴിഞ്ഞ ശേഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീർ, മഹേന്ദ്ര സിങ് ധോണി തുടങ്ങിയവരുടെ രാഷ്ട്രീയ പ്രവേശവും അടുത്തിടെയായി വാർത്തകളിൽ സജീവമാണ്.

അതേസമയം, സജീവ ക്രിക്കറ്റിലുള്ള താരങ്ങൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. രാഷ്ട്രീയത്തിലേക്കു കടക്കാനും തിരഞ്ഞെടുപ്പിൽ മൽസരിക്കാനുമുള്ള അവകാശം എല്ലാ പൗരൻമാർക്കും ഭരണഘടന ഉറപ്പുനൽകുന്നതാണ്. അതിനെ ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ, ക്രിക്കറ്റ് കരിയറുകൾ ബാലൻസ് ചെയ്തു മുന്നോട്ടുപോകാൻ മൊർത്താസയ്ക്കു സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനസ് വ്യക്തമാക്കി.

അടുത്ത മാസം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീന നയിക്കുന്ന അവാമി ലീഗിനെതിരെ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചാണ് അണിനിരക്കുന്നത്. അധികാരത്തിൽ ഹാട്രിക് അവസരം തേടുന്ന ഹസീനയെ പുറത്താക്കുകയാണ് ലക്ഷ്യം.