വിദേശത്ത് എല്ലാ ടീമുകളും മോശം; ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്? ശാസ്ത്രി

ബ്രിസ്ബെയ്ൻ∙ വിദേശ പര്യടനങ്ങളിൽ എല്ലാ ടീമുകളുടെയും പ്രകടനം മോശമാണെന്നിരിക്കെ ഇന്ത്യയെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ഓസ്ട്രേലിയൻ പര്യടനത്തിനായി ടീമിനൊപ്പമെത്തിയ ശാസ്ത്രി, മാധ്യമ പ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് ഈ ചോദ്യം ഉന്നയിച്ചത്.

2018ൽ വിദേശത്തു കളിച്ച രണ്ട് ടെസ്റ്റ് പരമ്പരകൾ ഇന്ത്യ തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പര 2–1നും ഇംഗ്ലണ്ടിൽ നടന്ന പരമ്പര 4–1നുമാണ് ഇന്ത്യ കൈവിട്ടത്. കോഹ്‍ലിക്കും സംഘത്തിനും വിദേശത്ത് മികച്ച നേട്ടമുണ്ടാക്കാനുള്ള അവസരമായാണ് ഈ പരമ്പരകൾ വിലയിരുത്തപ്പെട്ടതെങ്കിലും ദയനീയ പ്രകടനത്തിലൂടെ ഇന്ത്യ ഇരു പരമ്പരകളും കൈവിടുകയായിരുന്നു.

ഈ സാഹചര്യത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ജയിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ശാസ്ത്രി മറ്റു ടീമുകളുടെ മോശം റെക്കോർഡ് ചൂണ്ടിക്കാട്ടിയത്.

‘തെറ്റുകളിൽനിന്ന് പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിദേശത്ത് മറ്റു ടീമുകളുടെ റെക്കോർഡ് പരിശോധിച്ചാലും ആരുടെയും പ്രകടനം അത്ര മെച്ചമല്ല എന്നു കാണാം’ – ശാസ്ത്രി പറഞ്ഞു.

‘1990കളിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഓസ്ട്രേലിയൻ ടീം ഭേദപ്പെട്ട ചില പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയും ചില സമയത്ത് വിദേശത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇവർ രണ്ടുമല്ലാതെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശത്ത് മികച്ച റെക്കോർഡുള്ള ടീമിനെ കാണിക്കാമോ? എന്നിട്ടും ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ എന്തു കാര്യം? – ശാസ്ത്രി ചോദിച്ചു.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ടീമിന് സംഭവിച്ച പരാജയത്തെപ്പറ്റി പരിശീകനോ ക്യാപ്റ്റനോ ടീമംഗങ്ങളോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ശാസ്ത്രിയുെട മറുപടി ഇങ്ങനെ;

‘ഓരോ മൽസരത്തിലും വലിയ ചില നിമിഷങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ചെലുത്തേണ്ട ശ്രദ്ധയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ഈ വർഷം നാം പരാജയപ്പെട്ട പരമ്പരകൾ നോക്കിയാൽത്തന്നെ സ്കോറുകൾ മാത്രം പരിഗണിച്ച് പരമ്പരയുടെ ശരിയായ ആഴം അളക്കാനാകില്ല. ചില മൽസരങ്ങളിൽ ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് നാം പരാജയപ്പെട്ടത്. ഈ മൽസരങ്ങളിൽ ചില നിർണായക നിമിഷങ്ങളിൽ സംഭവിച്ച പിഴവാണ് മൽസരം തോൽക്കാനും പരമ്പര കൈവിടാനും കാരണമായത്’ – ശാസ്ത്രി ചൂണ്ടിക്കാട്ടി.

‘ദക്ഷിണാഫ്രിക്കയിലായാലും ഇംഗ്ലണ്ടിലായാലും നാലു ദിവസം നീണ്ട മൽസരങ്ങളിൽ ഒരു മണിക്കൂർ മാത്രമായിരിക്കും ഇത്തരത്തിൽ നമുക്കു പിഴച്ച നിർണായക നിമിഷം. ഒരു ബോളറിനോ ഒരു ബാറ്റ്സ്മാനോ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ വരുത്താമായിരുന്ന ആ മാറ്റമാണ് നമുക്കു പരമ്പര നഷ്ടമാക്കിയത്’ – ശാസ്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഓസീസ് ടീമിന് ലോക നിലവാരം നഷ്ടപ്പെട്ടുവെന്ന വിലയിരുത്തൽ ശരിയല്ലെന്നും ശാസ്ത്രി പറഞ്ഞു. ‘ഞാൻ അങ്ങനെ കരുതുന്നില്ല. ഒരിക്കൽ നിങ്ങൾ മികച്ചവനായിരുന്നെങ്കിൽ, അതിന്റെ അലയൊലികൾ തീർച്ചയായും എന്നുമുണ്ടാകും. ഒരു ടീമും സ്വന്തം നാട്ടിൽ ദുർബലരാണെന്ന് ഞാൻ കരുതുന്നില്ല’ – ശാസ്ത്രി പറഞ്ഞു.

പേസ് ബോളർമാരാകും ഇക്കുറി ഇന്ത്യയുടെ പ്രകടനത്തിൽ നിർണായക പങ്കുവഹിക്കുക എന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. പരുക്കുമൂലം ടീമിലില്ലാത്ത ഹാർദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയെ ബാധിക്കാൻ ഇടയുണ്ടെന്നും ശാസ്ത്രി പറഞ്ഞു. ഇതിലൂടെ ഒരു എക്സ്ട്രാ ബോളറെ കളിപ്പിക്കാനുള്ള അവസരമാണ് ടീമിന് നഷ്ടമാകുന്നത്. സമാനമായ അഭിപ്രായവുമായി ഓസീസ് മുൻ താരം മൈക്ക് ഹസ്സിയും രംഗത്തെത്തിയിരുന്നു.

‘നമ്മൾ മിസ് ചെയ്യുന്ന ഒരു താരം ഹാർദിക് പാണ്ഡ്യയായിരിക്കും. ബാറ്റ്സ്മാനും ബോളറുമെന്ന നിലയിൽ ടീമിന് ബാലൻസ് നൽകാൻ ഹാർദിക്കിനു സാധിച്ചിരുന്നു. പാണ്ഡ്യ ടീമിലുണ്ടെങ്കിൽ ഒരു എക്സ്ട്രാ ബോളറെ കളിപ്പിക്കാനും നമുക്കു സാധിച്ചിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ എക്സ്ട്രാ ബോളറെ കളിപ്പിക്കുന്ന കാര്യം രണ്ടു വട്ടം ആലോചിക്കണം. അദ്ദേഹം ഏറ്റവും വേഗം കായികക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. അതുവരെ മറ്റു ബോളർമാർ തകർപ്പൻ പ്രകടനത്തിലൂടെ പാണ്ഡ്യയുടെ അഭാവം നികത്തുമെന്നും പ്രതീക്ഷിക്കാം’ – ശാസ്ത്രി പറഞ്ഞു.