ന്യൂസീലൻഡ് എ പൊരുതിക്കയറി; 9ന് 458 റൺസ്

പൃഥ്വി ഷാ (ഫയൽ ചിത്രം)

മൗണ്ട് മൗൺഗാന്യു(ന്യൂസീലൻഡ്)∙ അവസാന വിക്കറ്റിൽ 83 റൺസിന്റെ കൂട്ടുകെട്ടുമായി പൊരുതി നിന്ന ന്യൂസീലൻഡ് എ ടീം ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറിന് വെറും ഒൻപതു റൺസകലെ ഡിക്ലയർ ചെയ്തു. എട്ടു വിക്കറ്റിന് 467 റൺസിൽ ഇന്ത്യ എ ഡിക്ലയർ ചെയ്തപ്പോൾ പരമ്പരയിലെ ആദ്യ അനൗദ്യോഗിക ടെസ്റ്റിന്റെ മൂന്നാം ദിവസം ന്യൂസീലൻഡ് ഒൻപതു വിക്കറ്റിന് 458 റൺസിൽ ഡിക്ലയർ ചെയ്തു. ഒൻപതാം വിക്കറ്റ് 375 റൺസിൽ നഷ്ടമായ ശേഷമായിരുന്നു അവസാന വിക്കറ്റിലെ പോരാട്ടം.

10–ാം നമ്പർ ബാറ്റ്സ്മാൻ സേഥ് റാൻസ് 57 പന്തുകളി‍ൽ 69 റൺസെടുത്തും 11–ാം നമ്പർ ബാറ്റ്സ്മാൻ ബ്ലെയർ ടിക്നെർ 30 റൺസെടുത്തും പുറത്താകാതെ നിന്നു. ഇന്നലെ കളി അവസാനിക്കുമ്പോൾ ഇന്ത്യ എ വിക്കറ്റു നഷ്ടം കൂടാതെ 35 റൺസെടുത്തിട്ടുണ്ട്. പൃഥ്വി ഷായും (26 പന്തുകളിൽ ഏഴു ബൗണ്ടറിയോടെ 33) മുരളി വിജയും (22 പന്തുകളിൽ 2 റൺസ്) ക്രീസിലുണ്ട്. ഇന്ത്യയ്ക്ക് മൊത്തം 44 റൺസ് ലീഡായി.